Friday, March 30, 2012

കാവ് തീണ്ടല്‍

പടിഞ്ഞാറെ കുളത്തില്‍ പള്ളി നീരാടി,
ഈറന്‍ മുടിയില്‍ ചെമ്പകം തിരുകി,
ചെമ്പട്ടിന്‍ പ്രഭയാല്‍ ജ്വലിച്ചോരുങ്ങി
ചിലപ്പതികാരനായിക ചിരിച്ചു നില്‍ക്കുന്നു.

അധികാര പീഠത്തില്‍ കോയിക്കല്‍ തമ്പുരാന്‍,
ഭിഗഷ്വര പീഠത്തില്‍ പാലക്കല്‍ വേലന്‍,
അവകാശ തന്ത്രിയായ് അടികള്‍മാരും
ശുശ്രൂഷകരേവരും അണി നിരക്കുന്നു.

ചുരുളഴിയും മന്ത്രങ്ങള്‍ കാതില്‍ പതിക്കുമ്പോള്‍,
അടികള്‍ തന്‍ കയ്യാല്‍ മെയ്യില്‍ ത്ര്യച്ചന്ദനം പടരുമ്പോള്‍,
കര്‍പ്പൂരഗന്ധം നാസയില്‍ തുളഞ്ഞു കയറുമ്പോള്‍,
എരിവിളക്കുകള്‍ ഒന്നൊന്നായ് അണയാന്‍ തുടങ്ങുമ്പോള്‍,
കണ്ണകിയുടെ കണ്ണുകള്‍ കൂമ്പുവാന്‍ വെമ്പുന്നു.

കച്ചേരിയില്‍ നിന്നൊരു കാഹളം മുഴങ്ങുന്നു,
കോയ്മയുടെ പട്ടുകുട വാനം മറയ്ക്കുന്നു,
ശ്രീകൃഷ്ണപരുന്തുകള്‍ വട്ടം പറക്കുന്നു,
അവകാശത്തറകളില്‍ കോമരക്കൂട്ടമിരമ്പുന്നു.

വസൂരിക്കലകള്‍ സട കുടഞ്ഞുണരുമ്പോള്‍,
പ്രകാശ വേഗത്തില്‍ ദേഹമാകെ പടരുമ്പോള്‍,
ചെമ്പട്ട് വേഷങ്ങള്‍ തെറിപ്പാട്ട് പാടുന്നു.
മുളവടി - കുറുവടി - ചപ്പ് - ചവറ്
കന്നാസ് - കടലാസ് - ചെരുപ്പ് - തുപ്പല്‍
ഇന്നെന്‍റെ ദേവിക്ക് നൈവേദ്യപുളകം.

മനുഷ്യര്‍ ദൈവത്തെയസഭ്യം ചൊരിയുന്ന ഭരണിനാളില്‍,
വാളും ചിലമ്പുമായൊരുവള്‍ ഉറഞ്ഞുതുള്ളുന്നു,
മൂര്‍ധാവ് സ്വയം വെട്ടിപ്പൊളിക്കുന്നു,
ചുണ്ടില്‍ പടരും ചോര നാവാല്‍ നുണയുന്നു,
കൊടുങ്ങല്ലൂരമ്മക്കു പ്രതിബിംബമാവുന്നു.

വിശ്വാസമോ അന്ധവിശ്വാസമോ...?
ആശയോ നിരാശയോ...?
തൃപ്തിയോ അസംതൃപ്തിയോ...?
സന്താപമോ സന്തോഷമോ...?
സ്വയംശിക്ഷയോ പ്രതികാരമോ...?
അതോ സമര്‍പ്പണമോ.........

ഉത്തരംതേടി മനുഷ്യദൈവത്തിന്‍റെ തലച്ചോറിലേക്ക്
കവി നുഴഞ്ഞു കയറുന്നു.
അവിടത്തെയന്ധകാരശൂന്യതയില്‍ വഴി പിഴച്ച്, കാലിടറി
നിലയില്ലാ കയത്തിലെക്കാഞ്ഞു പതിക്കുമ്പോള്‍
കവിക്കലറാതെ വയ്യ....
"ശ്രീ കുരുംബക്കാവിലമ്മേ.....നീയേ രക്ഷ".

No comments:

Post a Comment