Tuesday, March 13, 2012

ഭടന്‍

വലംതോളില്‍ തോക്കിന്‍റെ പാത്തി താങ്ങി, തലചെരിച്ചിടം കണ്ണടച്ചുന്നം നോക്കി ഭടന്‍ കാത്തിരിക്കുന്നു.
എന്നോ വരാനുള്ള , വരുമെന്നുറപ്പില്ലാത്ത ശത്രുവിനായ്.

വലംതോളില്‍ വാത്സല്യപൂര്‍വ്വം ചാരിയിരുത്തി,
ഇടംകൈ കൊണ്ട് ചുണ്ടുകള്‍ ഞെരടി , വലംകൈ ചൂണ്ടുവിരല്‍
ട്രിഗര്‍ കുഴിയിലിട്ട്, തോക്ക് ചൂടാക്കി വെടി വെക്കുന്ന വിദ്യ
ഓരോ ഭടനും സ്വായത്തമാക്കുന്നത്
വാത്സ്യായനന്‍റെ യുദ്ധശാസ്ത്രത്തില്‍ നിന്നാണ്.

അധികാരമുഷ്കിനാല്‍ നിഷ്കരുണം തള്ളപ്പെട്ട അവധിയപേക്ഷ
കുനുകുനെ കടലാസ് കഷണങ്ങളായ് ചവറ്റു കുട്ടയിലെക്കെറിയപ്പെടുമ്പോള്‍,
കാതങ്ങളകലെ ഉടപ്പിറന്നോളുടെ കല്യാണമണ്ഡപത്തില്‍
വാടിയ പുഷ്പങ്ങളായ് അത് പതിക്കുന്നത്
ഭടന്‍ മാത്രം അറിയുന്നു.

അവന്‍റെ കണ്ണുനീര്‍ പുണ്യതീര്‍ഥമാവുന്നു
ഗദ്ഗദങ്ങള്‍ മന്ത്രങ്ങളാവുന്നു.
കുട പിടിച്ചിറക്കേണ്ട മൂത്താങ്ങളയെ പെങ്ങള്‍ തേടുമ്പോള്‍
ഭടന്‍റെ മനസ്സിടറുന്നു, ഉന്നം പിഴക്കുന്നു .
വലം തോളിലെ തോക്ക് തണുത്തുറയുന്നു.
ഇപ്പോള്‍ ഏത് ശത്രുവിനും കടന്നു വരാം.

കരിങ്കല്ലുരുകുന്ന കത്തിരി ചൂടില്‍ വരണ്ട തൊണ്ട,
അധികാരിയുടെ ഉച്ചിഷ്ടവെള്ളം തൊട്ട് നനച്ചതിന്‍ കുറ്റത്തില്‍,
തോക്കുയര്‍ത്തി മരുഭൂമിക്കു ചുറ്റും വട്ടം കറങ്ങുമ്പോള്‍ ,
വാടിയ ചേമ്പിന്‍തണ്ട് പോല്‍ ഭടന്‍ തളര്‍ന്നു വീഴുന്നു.

മണ്ണോടു മണ്‍വെട്ടിയാല്‍ പൊരുതി, മുണ്ട് മുറുക്കിയുടുത്ത്,
പഠിപ്പിച്ചുദ്യോഗത്തിനയച്ചയച്ഛന്റെ പുഞ്ചിരി മായാതിരിക്കാന്‍,
ഒരിറ്റു വെള്ളത്തിനായ്‌ കേഴുമ്പോഴും ഭടന്‍റെയുള്ളിലെ
കമ്മ്യൂണിസ്റ്റ്‌ പറയുന്നു,
"ഞാനൊരു കോണ്‍ഗ്രെസ്സുകാരനാണ്".

പെറ്റിട്ടവളത്യാസന്നയായ് മരണത്തോട് മല്ലടിക്കുമ്പോള്‍ ,
ആട്ടലിലും തുപ്പലിലും എല്ലുനുറുക്കി , ചോര നീരാക്കി
താന്‍ നേടിയ സമ്പാദ്യത്തിനായ്, അധികാര വര്‍ഗ്ഗത്തിന്‍റെ
സല്ലാപ കൂത്താട്ട വേദിയുടെ പിന്നാമ്പുറത്ത് ചുമര്‍ചാരി
ഭടന്‍ വിലപിക്കുന്നത് "അമ്മേ...അമ്മേ..." യെന്നാണ്.

അധികാരിയുടെ കയ്യൊപ്പിനു രാജ്യത്തെക്കാള്‍ വില നല്‍കിയ ,
അടിമത്തത്തിന് വര്‍ണ്ണവസ്ത്രങ്ങള്‍ തുന്നിയ, പട്ടാള നിയമസംഹിതയില്‍ മലം വിസ്സര്‍ജ്ജിച്ചിറങ്ങിപോരാത്തത്
പെറ്റമ്മയേക്കാള്‍ പ്രിയം പിറന്ന നാടായത് കൊണ്ടാണ്...
ചാരനെന്ന മുദ്ര പതിയാതിരിക്കാന്‍ വേണ്ടിയാണ്.

തീവണ്ടിയിലെ എഴുപത്തിമൂന്നാം നമ്പര്‍ ഇരിപ്പിടത്തില്‍ ,
കുന്തിച്ചിരുന്നൊരുകുപ്പി റം പൊട്ടിച്ചത് സ്വസ്ഥമായൊന്നുറങ്ങാന്‍ വേണ്ടിയാണ്.
മണം മൂക്കിലടിക്കും മുന്‍പേ പാഞ്ഞെത്തി കാവല്‍ക്കാരന്‍
അലറിയത്, തീവണ്ടിയില്‍ സമ്പൂര്‍ണ്ണ മദ്യ നിരോധനമെന്നാണ് .

ലാസ്യഭാവത്തില്‍ കയ്യടിച്ച് പത്തുരൂപക്കായ്‌ കൈ നീട്ടിയ
ഹിജഡയുടെ കയ്യില്‍ നൂറു രൂപ തിരുകി കക്കൂസില്‍ കയറി കതകടക്കുമ്പോള്‍ നിങ്ങള്‍ ഒളിഞ്ഞു നോക്കരുത്.
പാപിയെന്നോ, പീഡകനെന്നോ വിളിക്കരുത്.
തീവണ്ടി ചീറി പായട്ടെ....ഭടന്‍ ഒന്ന് സുഖിക്കട്ടെ.





No comments:

Post a Comment