Friday, December 23, 2011

മോഹന്‍ലാല്‍ ഒരു നീതി നിഷേധിയോ ...?

ലാലേട്ടന്‍ എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിച്ചിരുന്നത്‌ ഒരു വെറും വാക്കായിരുന്നു എന്ന് താങ്കള്‍ കരുതിയെങ്കില്‍ Mr . മോഹന്‍ ലാല്‍ താങ്കള്‍ക്ക് തെറ്റി. അത് ഞങ്ങള്‍ നെഞ്ചില്‍ തട്ടി വിളിച്ചിരുന്നതാണ്. അത് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളുടെ അധികാരമാണ്.
നിങ്ങളെ ഞങ്ങള്‍ സ്നേഹിച്ച അത്രയും, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വാദിച്ച അത്രയും മറ്റാര്‍ക്കും ഞങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. നിങ്ങളുടെ ഓരോ ചിത്രവും അനൌണ്‍സ് ചെയ്യപ്പെടുമ്പോഴും ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തും കൗമാരത്തിലും ഏറ്റവും അധികം ഷര്‍ട്ടുകള്‍ കീറപ്പെട്ടിട്ടുള്ളതും , പോലീസിന്‍റെ ലാത്തിയടി മുല്ലപ്പൂവേറായി ഏറ്റു വാങ്ങിയതും , തിരക്കില്‍ ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടേണ്ടി വന്നിട്ടുള്ളതും എല്ലാം...എല്ലാം നിങ്ങള്‍ക്ക് വേണ്ടിയായിരുന്നു Mr . മോഹന്‍ലാല്‍.

റിലീസിംഗ് ദിവസം കയ്യില്‍ ചുരുട്ടി പിടിച്ച ടിക്കറ്റുമായി ഗുഹാ സമാനമായ കൗണ്ടറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അനുഭവിച്ച ആനന്ദം എവെരെസ്റ്റ് കീഴടക്കിയ മഹാന്‍ പോലും അനുഭവിചിട്ടുണ്ടാവില്ല. സ്ക്രീനില്‍ താങ്കളുടെ മുഖം പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുന്ന ആകാംക്ഷ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം കാത്തിരുന്നപ്പോള്‍ പോലും ഉണ്ടായിരുന്നില്ല. താങ്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തൊണ്ട കീറുമാറ് മുച്ചത്തില്‍ വിളിച്ച ജയ് കള്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയും ഞങ്ങള്‍ വിളിച്ചിട്ടില്ല. താങ്കള്‍ ഞങ്ങള്‍ക്ക് ഒരു ദൈവമായിരുന്നു Mr മോഹന്‍ലാല്‍ .

ഇരുപതാം നൂറ്റാണ്ടില്‍ രാജാവിന്‍റെ മകനായി മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഏന്തി മലയാള സിനിമയുടെ അധിപനായി താങ്കള്‍ വന്നപ്പോള്‍ ഞങ്ങള്‍ കിരീടം ചൂടിച്ചു. നിങ്ങളുടെ എല്ലാ വേഷപ്പകര്‍ച്ചകളും ഞങ്ങള്‍ക്ക് ഉത്സവങ്ങള്‍ ആയിരുന്നു. ജോജിയെയും ആട്തോമയെയും മാണിക്ക്യനെയും ഇന്ദുചൂടനെയും ഒരു പോലെ ഞങ്ങള്‍ ആസ്വദിച്ചു.
താങ്കള്‍ ചിരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. താങ്കള്‍ കരയിപ്പിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. താങ്കള്‍ രോഷം കൊണ്ടപ്പോള്‍ ഞങ്ങളും രോഷം കൊണ്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സകലരും എതിരായിട്ടും ഞങ്ങള്‍ താങ്കള്‍ക്ക് വേണ്ടി വാദിച്ചു. ഫ്ലെക്ഷ് ബോര്‍ഡുകള്‍ ഉയര്‍ത്തി. മരുഭൂമികഥ കാണാന്‍ ഓടിയെത്തി. സത്യം പറയട്ടെ....
ഇപ്പോള്‍ , അലക്സാണ്ടറായും മാധവന്‍ നായരായും വന്നു താങ്കള്‍ ഞങ്ങളെ വെറുപ്പിക്കുകയാണ്. എന്നിട്ടും ഞങ്ങള്‍ക്ക് താങ്കളെ വെറുക്കാന്‍ ആവുന്നില്ലല്ലോ Mr മോഹന്‍ലാല്‍. ...
ഒരല്പം നീതി , അത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ലേ....?