Saturday, May 26, 2012

ലമ്പടന്‍ ക്രിക്കറ്റ്‌


ക്രീസിലെ ബാറ്റ്സ്മാന്‍റെ സൂക്ഷ്മതയോടും തന്മയത്വത്തോടും
കരുതലോടെയുമാണ് ഓരോ സ്ത്രീലമ്പടനും ബാറ്റ് വീശുന്നത്.

അപകടകാരിയായ ഔട്ട്‌ സ്വിങ്ങറിനെ വെറുതെ വിട്ട്
ഇന്‍ സ്വിങ്ങറില്‍ ഒറ്റയും ഇരട്ടയുമെടുത്ത്‌
ഷോര്‍ട്ട് പിച്ചിനെ കവര്‍ ഡ്രൈവിലയച്ച്
ഓവര്‍ പിച്ചിനെ നിലം തൊടാതെ അതിര്‍ത്തി കടത്തി
ലമ്പടന്മാര്‍ കളിച്ചു കൊണ്ടേയിരിക്കുന്നു.

വശീകരണ ചിരിയോടെ പറന്നടുത്ത ഫുള്‍ടോസ്സിനെ
ആര്‍ത്തിയോടെ ചുംബിക്കാനാഞ്ഞ ലമ്പടന്‍
അതൊരു ഫെമിനിസ്റ്റ് യോര്‍ക്കറാണെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും
മിഡില്‍ സ്ടംപ് മൂന്നു കരണം മറിഞ്ഞിരുന്നു.

കാണികളും ക്യാമറകളും മിഴി പാര്‍ക്കവേ
മുഖം താഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍,
ലമ്പടന്‍റെ നഷ്ടബോധ ചിന്തയില്‍
ഒരടി മുന്നോട്ടാഞ്ഞ്‌ ഫെമിനിസ്റ്റ് യോര്‍ക്കറിനെ സിക്സറാക്കുന്നതും
ശതകം തികയ്ക്കുന്നതുമായിരുന്നു.

Friday, May 25, 2012

"അരങ്ങല്ല അണിയറ"


"അന്യമനസ്സുകളില്‍ അവശേഷിക്കുന്ന സത്യസന്ധത"
എന്നൊരു തുടര്‍കഥ എഴുതാന്‍ വേണ്ടിയാണ്
ചുറ്റിലുള്ളവരുടെ മനക്കോട്ടയിലേക്ക്
ഭൂതക്കണ്ണാടിയുമായ്
കഥാകാരന്‍ ഒളിച്ചു കയറിയത്.

മലിനജലം
മലഗന്ധം
ആര്‍ക്കുന്ന കൊതുകുകള്‍
കബന്ധങ്ങള്‍
നിണമുണങ്ങിയ ചുമരുകള്‍
വെട്ടിനെടാ അവനെ എന്ന അലര്‍ച്ച
ഓടിയടുക്കുന്ന കലാപകാരികള്‍

തിരിഞ്ഞോടിയ കഥാകാരന്‍
കിണറില്‍ നിന്നൊരു കുടം വെള്ളം തലയിലൊഴിച്ചു.
വെട്ടിക്കുടഞ്ഞ വെള്ളത്തില്‍ നിന്നുത്ഭവിച്ച
മന്ത്രവാദ കഥക്കയാള്‍ പേരുമിട്ടു.
"അരങ്ങല്ല അണിയറ"

Wednesday, May 23, 2012

നീതി ശാസ്ത്രം


അടവുകള്‍ പിഴക്കുമ്പോഴാണ്
ഭയം ഗ്രസിക്കുന്നതും
പിച്ചും പേയും പറയുന്നതും
ജ്യോത്സ്യരെ തേടുന്നതും.

കവടി നിരത്തിയാലും
മഷിയിട്ടാലും
ചിരിക്കുന്നത്
പ്രേതമുഖങ്ങള്‍ മാത്രം.

അലഞ്ഞു തിരിയുന്ന
പ്രേതങ്ങള്‍ സംഘടിച്ചിരിക്കുന്നു.
സ്വര്‍ഗ്ഗത്തിലേക്ക്
മാര്‍ച്ച്‌ നടത്തിയിരിക്കുന്നു.
ദൈവത്തെ ഘൊരാവോ ചെയ്തിരിക്കുന്നു.

ദൈവ നടപടി
മുഖം രക്ഷിക്കാനാവാം
പക്ഷെ,
നീതി ദേവത വീണ്ടും
ഗാന്ധാരിയാവുന്നു.

Monday, May 21, 2012

ഒരു രതി


ഭീമന്‍റെ മാറില്‍ പറ്റിക്കിടന്നു യുദ്ധകഥ കേള്‍ക്കുമ്പോള്‍
പാഞ്ചാലിയില്‍ കാമം ഫണം വിടര്‍ത്തിയാടുന്ന  പോലെ
അവളെ കാമം പൊതിഞ്ഞത് നിശായാത്രകളുടെ
നിശ്ചയമില്ലാത്ത യാമത്തിലായിരുന്നു.

മണിക്കൂറുകള്‍ നീളുന്ന പള്‍സറിന്‍റെ മുരളിച്ച സംഗീതം മുറുകുമ്പോള്‍
അവളുടെ കൊച്ചരിപ്പല്ലുകള്‍ അവന്‍റെ തോളില്‍ ആഴ്ന്നിറങ്ങും.
ജൈസല്മീരിലെ മരുഭൂമികള്‍,
നര്‍മ്മദാ തീരങ്ങള്‍,
പാതയോരങ്ങളിലെ കാട്ടുപൊന്തകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങള്‍.

ഐ പില്‍ അലര്‍ജിയില്‍ ജനിക്കുന്ന ശര്‍ദ്ദില്‍ അസ്വസ്ഥതയില്‍ നിന്ന്
ഉറയില്ലാത്ത ഉരസലിലേക്കുള്ള സുഖദൂരം
സുധീര്‍ജി അളന്ന കണങ്കാലില്‍ നിന്ന് അരക്കെട്ടിലെക്കുള്ള ദൂര സമാനമാണ്.

കഴിഞ്ഞതോ വരാനിരിക്കുന്നതോ അല്ല,
ഈ നിമിഷമാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കു പ്രിയം വൈവിധ്യങ്ങളായി.
"എനിക്ക് നിന്നെ മടുത്തു " അവള്‍ കൈ വീശി യാത്രയായപ്പോള്‍
അവന്‍ ഞെട്ടലോടെ ഓര്‍ത്തത്‌
"അവളോട്‌ പ്രണയമാണ്" എന്നൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ എന്നാണ്.

Sunday, May 20, 2012

അമ്മയും ചാനലുകളും


ആസിഫ് അലി.

ജഗതിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ്'ല്‍ കൊണ്ട് പോയ വാര്‍ത്ത‍ നടക്കുമ്പോള്‍
അമ്മ- (സഹതാപത്തോടെ) പാവം ജഗതി....എല്ലാം പെട്ടന്ന് ശരിയായാല്‍ മതിയാര്‍ന്നു.  (എന്തോ ഓര്‍ത്ത മട്ടില്‍) ജഗതിനെ കാണാന്‍ മമ്മുട്ടി പോയിട്ട് അവിടെ ഭയങ്കര ലാത്തി ചാര്‍ജ് നടന്നൂത്രേ.....ഫാന്‍കാര് ഇടിച്ചു കേറിട്ടേ...
 ഈ ആരാധകര്‍ക്ക് ഒരു ബോധോല്ലേ...ഒരാള് ആശുപത്രീല് കെടക്കണേന്‍റെ ഒരു മര്യാദ ഇവറ്റോള്ക്ക് കാണിച്ചൂടെ....(വീണ്ടും വിഷയം മാറുന്നു.) അത് പിന്നെ മമ്മൂട്ടി ആണെന്ന് വെക്കാം ....ഒരു ആസിഫ് അലി വന്നിട്ട് എന്തായിരുന്നു പൂരം കൊടുങ്ങല്ലൂര്.
ഞാന്‍ - ആസിഫ് അലി കൊടുങ്ങല്ലൂര് വന്നോ....?
അമ്മ- പിന്നേ....മ്മടെ സുപ്രീം കാരുടെ (കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ബേക്കറിയാണ് സുപ്രീം ) ഷര്‍ട്ട്‌ കട ഉദ്ഘാടനം  ചെയ്യാന്‍ വന്നത് ആ ചെക്കനാണ്. ഞാന്‍ കൊടുങ്ങല്ലൂര് ബസ്‌ കാത്തു നിക്കുമ്പോ വടക്കേ നടേല് ഭയങ്കര തെരക്ക്....ഒക്ക കോളേജ് പിള്ളേരാണ്...ബാഗു തൂക്കി ക്ലാസ്സീ കേറാണ്ട് വന്നതാണ്‌ പിള്ളേര്. ഞാന്‍ ആ ജൂസ് കടേലെ ചെക്കനോട് ചോദിച്ചപ്പോഴാണ്  ആസിഫ് അലി വന്നിട്ടുണ്ടെന്ന് പറഞ്ഞത്. ഇങ്ങനൊരു സിനിമാ നടനുണ്ടെന്നു മനസ്സിലായത്‌ അപ്പോഴ....പിള്ളേരുടെ തിരക്ക് കാരണം ആസിഫ് അലിക്ക് പുറത്തിറങ്ങാന്‍ പറ്റണില്ല. അപ്പൊ അവരെന്തു ചെയ്തു....അവനെ പുറകിലൂടെ ഇറക്കി ബേക്കറീടെ ഉള്ളീ കൂടെ കൊണ്ടന്നു കാറില് കേറ്റി. ഞങ്ങള് ബസ്‌ സ്റ്റോപ്പില്‍ നിന്നോര്‍ക്കൊക്കെ സുഖായിട്ട് കാണാന്‍ പറ്റി....
ഞാന്‍ - (അത്ഭുതത്തോടെ) അപ്പൊ അമ്മ അസിഫ് അലിനെ കണ്ടോ...?
അമ്മ- പിന്നേ...എന്റെ തൊട്ടു മുന്‍പിലായിരുന്നു കാറ് ....ഞാന്‍ നല്ലോണം കണ്ടു. ആദ്യായിട്ട് ഒരു സിനിമാ നടനെ കണ്ടതാണ്....അവന്റെ പേര് മറക്കാതിരിക്കാന്‍ വീട്ടില്‍ എത്തുന്ന  വരെ അത് മനസ്സില്‍ ഉരുവിട്ട് വന്നു. ശാരൂനോട് (ഇളയച്ഛന്റെ മകള്‍ ) പറഞ്ഞു ടി വി ല് അസിഫ് അലി വരുമ്പോ കാണിച്ചു തരണംന്നു.....പക്ഷെ ടി വി ല് അവനു വേറൊരു മുഖാണ്....അന്ന് കണ്ട അസിഫ് അലിയുടെ മുഖം പിന്നൊരിക്കലും ടി വി ല് കണ്ടിട്ടില്ല. (ആത്മഗതം) മേക്കപ്പിട്ടു മാറ്റണതാണ്....

അച്ചുതാനന്ദന്‍

പാര്‍ട്ടി കോണ്‍ഗ്രസ്‌ സമാപന ദിവസം. പി ബി പ്രവേശനം നിരോധിക്കപ്പെട്ട വി എസ് നെ ഒരു ദുരന്ത കഥാപാത്രമായി മാധ്യമങ്ങള്‍ മത്സരിച്ചു അവതരിപ്പിക്കുന്നു.

അമ്മ - (സങ്കടത്തോടെ ) അങ്ങേരു പാവോല്ലേ.....അങ്ങേരെ പി ബി യില്‍ എടുത്താല്‍ എന്താ കുഴപ്പം. പിണറായി ദുഷ്ടന്‍....

ഞാന്‍ ഞെട്ടി. പി ബി എന്താണ്, പാര്‍ട്ടി കോണ്‍ഗ്രസ്‌ എന്താണ് ഒന്നും അമ്മക്കറിയില്ല. എന്നിട്ടും അമ്മയെ കൊണ്ട് പിണറായിയെ ദുഷ്ടന്‍ എന്ന് വിളിപ്പിക്കുന്നതില്‍ മര്‍ഡോക്കും മാമ്മന്‍ മാപ്പിളയും വിജയിച്ചു . (ലോകം അവസാനിച്ചാലും അരിവാള്‍ ചുറ്റികയില്‍ മാത്രമേ വോട്ട് കുത്താവൂ എന്ന് അമ്മയെ അപ്പൂപ്പന്‍ പറഞ്ഞു പഠിപ്പിച്ചതാണ്. മര്‍ഡോക്കും മാമ്മന്‍ മാപ്പിളയും വിചാരിച്ചാല്‍ അത് മാറ്റാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.)

സുരേഷ് ഗോപി.

സുരേഷ് ഗോപി അമ്മയുടെ ശത്രുവാവാന്‍ കാരണം അദ്ദേഹം അച്ഛന്റെ മിത്രമായതാണ്. ഏഷ്യാനെറ്റ്‌ പ്ലസ്‌, കിരണ്‍ എന്നീ ചാനലുകളില്‍ ഏതിലെങ്കിലും വൈകീട്ട് എഴരക്ക്‌ സുരേഷ് ഗോപിയുടെ സിനിമയാണെങ്കില്‍ (അതെത്ര തല്ലിപ്പൊളി സിനിമ ആയാലും ) അച്ഛന്‍ പിന്നെ വേറൊന്നും കാണില്ല . ഇതേ സമയമാണല്ലോ കുങ്കുമപ്പൂവ് , ഹരിചന്ദനം  തുടങ്ങിയ സംഭവ ബഹുലമായ സീരിയലുകള്‍....സുരേഷ് ഗോപി അമ്മയുടെ ശത്രു ആയില്ലെങ്കിലെ അത്ഭുതമുള്ളൂ...
പക്ഷെ, ഈ ശത്രുത സുരേഷ് ഗോപി തന്നെ പരിഹരിച്ചു. ഇപ്പൊ അച്ഛനും അമ്മയും ഒരുമിച്ചിരുന്നു കോടീശ്വരന്‍ കാണുന്നു. പങ്കെടുക്കുന്നവര്‍ക്ക് സമ്മാനം കിട്ടുമ്പോള്‍ സന്തോഷിക്കുന്നു. അവര്‍ പുറത്തു പോകുമ്പോള്‍ ദുഖിക്കുന്നു. സുരേഷ് ഗോപിയുടെ അവതരണം  മുകേഷിന്റെ ഡീല്‍ ഓര്‍ നോ ഡീല്‍ അവതരണത്തേക്കാള്‍ മികച്ചതാണ് എന്ന ഒരു സര്‍ട്ടിഫിക്കറ്റ് കൂടി സുരേഷ് ഗോപിക്ക് സമ്മാനിച്ചിരിക്കുന്നു.  (എല്‍ ഡി സി റാങ്ക് ലിസ്റ്റിലുള്ള അനിയത്തിയോട് കോടീശ്വരന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എസ് എം എസ് അയക്കാന്‍ അമ്മ നിര്‍ബന്ധിക്കുന്നുണ്ട്. അവള്‍ പങ്കെടുത്താല്‍ ഒരു കോടി രൂപ കൊണ്ട് വരും എന്നത് അമ്മയുടെ വിശ്വാസമാണ്. എതോരമ്മയെയും പോലെ മക്കളിലുള്ള വിശ്വാസം.  )

Saturday, May 12, 2012

സൗഹൃദം, വിശ്വാസം, പക


സൗഹൃദം

ഞങ്ങള്‍ പടുത്തുയര്‍ത്തിയ സൗഹൃദസൗധത്തിന്
താജ്മഹലിനേക്കാള്‍ ഉറപ്പും ഉയരവും ഭംഗിയുമുണ്ട്.
കൊച്ചുകോടാലി കൊണ്ട് അതിന്‍റെ കടയ്ക്കല്‍ വെട്ടുന്നവര്‍
കുറഞ്ഞത്‌ ഒരു നാടന്‍ ബോംബെങ്കിലും ഉപയോഗിക്കുക.

വിശ്വാസം

കദന ദുരിത വൈധവ്യ കഥകള്‍ നിരത്തുമ്പോള്‍
സഹതാപം ജനിക്കുന്നത് നല്ല മനസ്സുകളിലാണ്.
നല്ല മനസ്സുകളെ ചൂഷണം ചെയ്യുമ്പോള്‍ തുരങ്കം
വെക്കപ്പെടുന്നത് മറ്റൊരാള്‍ക്ക് അര്‍ഹമാവേണ്ട വിശ്വാസത്തെ കൂടിയാണ്.

പക

ഇടവഴിയില്‍ എങ്ങോട്ടോ ഇഴഞ്ഞ മൂര്‍ഖന്‍റെ നടുവിനടിച്ചവര്‍ കാലുറ ധരിക്കുക.
ഒടുങ്ങാത്ത പകയും നോവുമായി മൂര്‍ഖന്‍ കുറ്റിക്കാട്ടില്‍ പതുങ്ങി കിടപ്പുണ്ട്.