Friday, December 23, 2011

മോഹന്‍ലാല്‍ ഒരു നീതി നിഷേധിയോ ...?

ലാലേട്ടന്‍ എന്ന് സ്നേഹപൂര്‍വ്വം ഞങ്ങള്‍ വിളിച്ചിരുന്നത്‌ ഒരു വെറും വാക്കായിരുന്നു എന്ന് താങ്കള്‍ കരുതിയെങ്കില്‍ Mr . മോഹന്‍ ലാല്‍ താങ്കള്‍ക്ക് തെറ്റി. അത് ഞങ്ങള്‍ നെഞ്ചില്‍ തട്ടി വിളിച്ചിരുന്നതാണ്. അത് ഞങ്ങളുടെ അവകാശമാണ്. അത് ഞങ്ങളുടെ അധികാരമാണ്.
നിങ്ങളെ ഞങ്ങള്‍ സ്നേഹിച്ച അത്രയും, നിങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ വാദിച്ച അത്രയും മറ്റാര്‍ക്കും ഞങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. നിങ്ങളുടെ ഓരോ ചിത്രവും അനൌണ്‍സ് ചെയ്യപ്പെടുമ്പോഴും ഞങ്ങള്‍ പ്രതീക്ഷയോടെ കാത്തിരുന്നു. ഞങ്ങളുടെ കുട്ടിക്കാലത്തും കൗമാരത്തിലും ഏറ്റവും അധികം ഷര്‍ട്ടുകള്‍ കീറപ്പെട്ടിട്ടുള്ളതും , പോലീസിന്‍റെ ലാത്തിയടി മുല്ലപ്പൂവേറായി ഏറ്റു വാങ്ങിയതും , തിരക്കില്‍ ഞെങ്ങി ഞെരുങ്ങി ശ്വാസം മുട്ടേണ്ടി വന്നിട്ടുള്ളതും എല്ലാം...എല്ലാം നിങ്ങള്‍ക്ക് വേണ്ടിയായിരുന്നു Mr . മോഹന്‍ലാല്‍.

റിലീസിംഗ് ദിവസം കയ്യില്‍ ചുരുട്ടി പിടിച്ച ടിക്കറ്റുമായി ഗുഹാ സമാനമായ കൗണ്ടറില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ അനുഭവിച്ച ആനന്ദം എവെരെസ്റ്റ് കീഴടക്കിയ മഹാന്‍ പോലും അനുഭവിചിട്ടുണ്ടാവില്ല. സ്ക്രീനില്‍ താങ്കളുടെ മുഖം പ്രത്യക്ഷപ്പെടാന്‍ കാത്തിരിക്കുന്ന ആകാംക്ഷ പത്താം ക്ലാസ്സ്‌ പരീക്ഷ ഫലം കാത്തിരുന്നപ്പോള്‍ പോലും ഉണ്ടായിരുന്നില്ല. താങ്കള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തൊണ്ട കീറുമാറ് മുച്ചത്തില്‍ വിളിച്ച ജയ് കള്‍ ഒരു രാഷ്ട്രിയ പാര്‍ട്ടിക്ക് വേണ്ടിയും ഞങ്ങള്‍ വിളിച്ചിട്ടില്ല. താങ്കള്‍ ഞങ്ങള്‍ക്ക് ഒരു ദൈവമായിരുന്നു Mr മോഹന്‍ലാല്‍ .

ഇരുപതാം നൂറ്റാണ്ടില്‍ രാജാവിന്‍റെ മകനായി മഞ്ഞില്‍ വിരിഞ്ഞ പൂക്കളും ഏന്തി മലയാള സിനിമയുടെ അധിപനായി താങ്കള്‍ വന്നപ്പോള്‍ ഞങ്ങള്‍ കിരീടം ചൂടിച്ചു. നിങ്ങളുടെ എല്ലാ വേഷപ്പകര്‍ച്ചകളും ഞങ്ങള്‍ക്ക് ഉത്സവങ്ങള്‍ ആയിരുന്നു. ജോജിയെയും ആട്തോമയെയും മാണിക്ക്യനെയും ഇന്ദുചൂടനെയും ഒരു പോലെ ഞങ്ങള്‍ ആസ്വദിച്ചു.
താങ്കള്‍ ചിരിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ചിരിച്ചു. താങ്കള്‍ കരയിപ്പിച്ചപ്പോള്‍ ഞങ്ങള്‍ കരഞ്ഞു. താങ്കള്‍ രോഷം കൊണ്ടപ്പോള്‍ ഞങ്ങളും രോഷം കൊണ്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സകലരും എതിരായിട്ടും ഞങ്ങള്‍ താങ്കള്‍ക്ക് വേണ്ടി വാദിച്ചു. ഫ്ലെക്ഷ് ബോര്‍ഡുകള്‍ ഉയര്‍ത്തി. മരുഭൂമികഥ കാണാന്‍ ഓടിയെത്തി. സത്യം പറയട്ടെ....
ഇപ്പോള്‍ , അലക്സാണ്ടറായും മാധവന്‍ നായരായും വന്നു താങ്കള്‍ ഞങ്ങളെ വെറുപ്പിക്കുകയാണ്. എന്നിട്ടും ഞങ്ങള്‍ക്ക് താങ്കളെ വെറുക്കാന്‍ ആവുന്നില്ലല്ലോ Mr മോഹന്‍ലാല്‍. ...
ഒരല്പം നീതി , അത് ഞങ്ങള്‍ അര്‍ഹിക്കുന്നില്ലേ....?

Thursday, November 3, 2011

"താങ്കള്‍ ഒരു മാന്യനാണോ?"

"താങ്കള്‍ ഒരു മാന്യനാണോ?"
ഇങ്ങനെ ഒരു ചോദ്യം ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ അവനെ ഒന്ന് നോക്കും...ആ നോട്ടത്തില്‍ അടങ്ങാവുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

1 . എന്താടോ.. എന്നെ കണ്ടിട്ട് ഒരു മാന്യനല്ലന്നു തനിക്കു തോന്നിയോ?
2 . ഞാനിട്ടിരിക്കുന്ന തേച്ചു മിനുക്കിയ, അല്പം വില ഒക്കെയുള്ള വസ്ത്രങ്ങള്‍ (branded) എവിടന്നെങ്കിലും അടിച്ചോണ്ട് വന്നതാണെന്ന് താന്‍ കരുതുന്നുണ്ടോ?
3 . അതല്ല...എന്‍റെ കഴിവിലും സൗന്ദര്യത്തിലും അസൂയയുള്ള ചിലരെങ്കിലും ഞാന്‍ ഒരു മാന്യനല്ല എന്ന് തന്നോട് പറഞ്ഞോടോ...?

ആ നോട്ടം കൊണ്ടും അടങ്ങാത്ത അദ്ദേഹം ഈ വിഷയം ഒരു ചര്‍ച്ചക്കായ്‌ ഇടുകയാണെങ്കില്‍ പിന്നെ എത്ര points ഇറക്കിയിട്ട് ആണെങ്കിലും . എത്ര വാഗ്വാദം നടത്തേണ്ടി വന്നാലും എല്ലാ അടവുകളും പയറ്റി ഞാന്‍ ഒരു മാന്യനാണെന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടേ ഞാന്‍ അടങ്ങു (ഞാന്‍ മാത്രമല്ല , മറ്റു പലരും അങ്ങനെയാണ്.... അനുഭവങ്ങള്‍ സാക്ഷി.). അല്ലെങ്കില്‍ ഉറക്കം കിട്ടില്ലല്ലോ ചേട്ടാ!!!!!

"നീ ഒരു മാന്യന്‍ ആണോടാ..."?
എന്ന് ഞാന്‍ തന്നെ എന്നോട് ചോദിച്ചാല്‍ , എന്നിലെ മാന്യന്‍ ആദ്യം തന്നെ അല്പം പകപ്പോടെ ഒന്ന് ചുറ്റിനും നോക്കും. ആവശ്യമില്ലാതെ ഇത്തരം ഒരു ചോദ്യം ചോദിച്ചതിനു എന്നെ തന്നെ ഒന്ന് ശാസിക്കും . പിന്നെ പരിസരത്തൊന്നും ആരുമില്ല എന്നുറപ്പ് വരുത്തി ഒരു കള്ളച്ചിരിയോടെ മറുപടി പറയും .

"ഹും .. മാന്യനോ..? ഞാനോ...? ഇതൊക്കെ ഒരു അഭിനയമല്ലേ മാഷെ...ഈ സമൂഹത്തില്‍ ജീവിച്ചു പോണ്ടേ...? തോന്നുന്ന പോലെയൊക്കെ ചെയ്താല്‍ ചെവിട്ടില്‍ ചെമ്പരത്തി പൂ വെക്കേണ്ടി വരും ".

ഇക്കഴിഞ്ഞ സെപ്തംബര്‍ 3 ന് ആലപ്പി എക്സ്പ്രസ്സിലെ 16 നമ്പര്‍ ബര്‍ത്തില്‍ ഇരുന്നു ഇതെഴുതുമ്പോള്‍ താഴെ ഇരുന്നിരുന്ന ഓറഞ്ച് ചുരിദാര്‍ ഇട്ട പെങ്കുട്ടിയിലേക്ക് എന്‍റെ കണ്ണുകള്‍ ഇടയ്ക്കിടെ അറിയാതെ പാളി വീഴുന്നുണ്ടായിരുന്നു . ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ആ പെണ്‍കുട്ടിയെ ഒളി കണ്ണാല്‍ അങ്ങനെ നോക്കുന്നത് മാന്യതയുടെ നേരിട്ടുള്ള ലംഘനം ആണെന്ന് അറിയാതെയല്ല ....പക്ഷെ അവളുടെ നിഷ്കളങ്കം ആയ മുഖവും അല്പം ഭയത്തോടെയുള്ള ഇരിപ്പും (ഭയം എന്നെ കണ്ടിട്ടല്ല...സീറ്റില്‍ ഓടി കളിക്കുന്ന പെരും പാറ്റകളും, തൊട്ടു മുന്‍പ് അവളുടെ കാലില്‍ കയറി ഇറങ്ങി പോയ കുഞ്ഞെലിയും ആണ് കുറ്റവാളികള്‍) കണ്ടാല്‍ സാക്ഷാല്‍ ഹനുമാന്‍ സ്വാമി വരെ നോക്കി പോകും. പിന്നെയാണ് ശ്രീ കൃഷ്ണ ഭക്തനും സര്‍വ്വോപരി ലോല ഹൃദയനുമായ ഈ ഞാന്‍.
എന്തായാലും ഈ വിഷയം എന്‍റെ തലമണ്ടയില്‍ ഉദി ക്കാനുണ്ടായ സാഹചര്യത്തിലേക്ക് മടങ്ങാം. പല ഘട്ടങ്ങളില്‍ ആയി നടന്ന ആഗ്ര -ഡല്‍ഹി മുഷിപ്പന്‍ യാത്രകളില്‍ നിന്നും, മുഷിച്ചില്‍ ഒഴിവാക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം തമിഴ്നാട്‌ എക്സ്പ്രസ്സ്‌ ല്‍ യാത്ര ചെയ്യുക എന്നതായിരുന്നു. പുലര്‍ച്ചെ 3 .50 നു ആഗ്രയിലെത്തുന്ന ഈ ട്രെയിന്‍ കൊണ്ട് എനിക്കുള്ള ഗുണങ്ങള്‍ .

1 . ഉറക്ക ലാഭം - 3.30 ന് ഉണര്‍ന്നാല്‍ 3 . 40 ന് സ്റ്റേഷനില്‍ എത്താം. പല്ലുതേപ്പും കുളിയും വേണ്ട....കാരണം ചെന്നൈ'ല്‍ നിന്നും വരുന്ന ഈ ട്രയിനിലെ യാത്രക്കാര്‍ 2 ദിവസമായി കുളിക്കാത്തവരും അന്ന് പല്ല് തെയ്ക്കത്തവരും ആയിരിക്കും. ഞാനും അവരുടെ കൂട്ടത്തില്‍ ഒരുവന്‍...
2 . ടിക്കറ്റ്‌ കൌണ്ടറില്‍ തിരക്ക് താരതമ്യാന കുറവായിരിക്കും.
3 . തൊട്ടു മുന്‍പേ 3 ട്രെയിനുകള്‍ ഡല്‍ഹിക്ക് പോകുന്നത് കൊണ്ട് ട്രെയിനിലും തിരക്ക് കുറവായിരിക്കും.
4 . സമയ നിഷ്ഠ പാലിക്കുന്ന അപൂര്‍വ്വം ട്രെയിനുകളില്‍ ഒന്ന്.

അപ്രതീക്ഷിതമായ ഒരു ഡല്‍ഹി യാത്രയായിരുന്നു ഓഗസ്റ്റ്‌ 31 ലേത്. പതിവ് പോലെ 62 രൂപയുടെ ലോക്കല്‍ ടിക്കറ്റ്‌മായി ഞാന്‍ T.N ല്‍ കയറി. നേരിയ മഴയുണ്ടായിരുന്നു. എല്ലാ ജനലുകളും അടഞ്ഞു കിടക്കുന്നു. അടുത്ത ലക്‌ഷ്യം ഒരു ബര്‍ത്ത് ഒപ്പിക്കുക എന്നതാണ്. ആഗ്രയില്‍ ഇറങ്ങിയവരുടെ ബര്‍ത്തുകള്‍ കാലിയായി കിടക്കുന്നുണ്ട്. പക്ഷെ ടി.ടി.ഇ ഏമ്മാനെ കാണാതെ തല ചായ്ച്ചാല്‍ ചിലപ്പോള്‍ ഫൈന്‍ അടക്കേണ്ടി വരും. ഒരു നീണ്ട തിരച്ചിലിനൊടുവില്‍ ടി.ടി.ഇ യെ കണ്ടെത്തി. അദ്ദേഹം ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. ആവശ്യം അറിയിച്ചപ്പോ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊര് തെണ്ടിയായാലും സര്‍ക്കാര്‍ ജോലി ഉള്ളത് കൊണ്ട് 100 ന്‍റെ ഒരു നോട്ട് എടുത്തു. ഉടനടി അദ്ദേഹം മുകേഷ് ആയി മാറി...സുര്യ TV യിലെ ഡീല്‍ ഓര്‍ നോ ഡീല്‍ മുകേഷ്.
രണ്ടു പെട്ടികളുണ്ട്.
MY BOX - ഞാന്‍ 80 രൂപ അദ്ദേഹത്തിന് നല്‍കണം. അദ്ദേഹം എനിക്ക് രശീതോട് കൂടി ബര്‍ത്ത് അനുവദിക്കുന്നു. 80 രൂപ റെയില്‍വേക്ക്. അദ്ദേഹത്തിന് ഒന്നുമില്ല ( മാസ ശമ്പളം ഉണ്ടാവും കേട്ടോ ).
T T E BOX - ഞാന്‍ അദ്ദേഹത്തിന് 50 രൂപ നല്‍കിയാല്‍ മതി. രശീതില്ലാതെ ബര്‍ത്തും ഒപ്പം സംരക്ഷണവും (ചെക്കര്‍ മാര്‍ എന്ന കാപലികരില്‍ നിന്നും ) അദ്ദേഹത്തിന്‍റെ വക വാഗ്ദാനം. അദ്ദേഹത്തിന് 50 രൂപയും മാസ ശമ്പളവും എനിക്ക് 30 രൂപ ലാഭവും. റെയില്‍വെയ്ക്ക് ഒരു ഉണ്ടയും കിട്ടില്ല.

2 ചിന്തകള്‍ക്ക് ശേഷം ഞാന്‍ T T E BOX ഡീല്‍ പറഞ്ഞു.

ചിന്ത 1 : ലാഭം കിട്ടുന്ന 30 രൂപയ്ക്കു മൊബൈല്‍ ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് സംസാരിക്കാം.

ചിന്ത 2 : ആയിരക്കണക്കിന് കിലോ ഭാരം വലിക്കുന്ന തീവണ്ടിക്കു എന്‍റെ 65 കിലോ ഒരു പ്രശ്നമാണോ...? അല്ലേയല്ല.

ഒരു മൂളിപ്പാട്ടും പാടി അദ്ദേഹം എനിക്കനുവദിച്ച ബര്‍ത്ത് ല്‍ കയറി കിടന്നു. സമയം 4 .15 . ഒരു 3 മണിക്കൂര്‍ ഉറങ്ങാനുള്ള സമയമുണ്ട്. കിടന്നതും മയങ്ങിപ്പോയി. അപ്പോഴാണ് അയാള്‍ വന്നത്.
തലയില്‍ ഗാന്ധി തൊപ്പി വച്ച് , ത്രിവര്‍ണ്ണ പതാകയും വീശി ,എഴുപതു കഴിഞ്ഞ ആ വന്ദ്യ വയോധികന്‍. ചെവി പൊളിയും ഉച്ചത്തില്‍ തൊണ്ട കീറി അയാള്‍ വിളിച്ചു.

"വന്ദേ മാതരം, വന്ദേ മാതരം, വന്ദേ..വന്ദേ...വന്ദേ മാതരം"

ഞാന്‍ ഞെട്ടിയുണര്‍ന്നു. ഇരുളിന്‍റെ അനന്തതയെ കീറി മുറിച്ചു പായുന്ന തീവണ്ടിയുടെ രോദനം . തമിഴന്മാരുടെ കൂര്‍ക്കം വലി. മഴയുടെ ശക്തിപ്പെടല്‍. നെറ്റിയിലെ വിയര്‍പ്പു തുടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. " അയാള്‍...ആ അണ്ണാ ഹസാരെ എന്‍റെ സ്വപ്നത്തില്‍ വന്നുവോ? ".
ഉറക്കം വരാതെ കുറച്ചു നേരം..... എന്നെപ്പോലെ എത്രയോ പേര്‍ റെയില്‍വേയെ ഇങ്ങനെ ചതിക്കുന്നുണ്ടാവണം. കോടികളുടെ നഷ്ടമല്ലേ സംഭവിക്കുന്നത്‌. ? ഫേസ്ബൂകിലുടെ അണ്ണാജിക്ക് വേണ്ടതിലധികം പിന്തുണ നല്‍കിയ എനിക്ക് ഈ ഒറ്റ പ്രവൃത്തിയിലൂടെ അതെല്ലാം വൃഥാവിലായെന്നു തോന്നി. ടി ടി ഇ യെ വിളിച്ച് ബാക്കി 30 രൂപ കൊടുത്തു രശീത്‌ വാങ്ങിയാലോ...? അയാള്‍ എന്‍റെ കഴുത്തിന്‌ പിടിച്ചു വെളിയില്‍ തള്ളുന്ന രംഗം ഓര്‍ത്തപ്പോള്‍ ആ ശ്രമം വേണ്ടാന്ന് വച്ചു.

ആരും അറിയാത്ത ഒരു വിഷയം, സ്വയം തോന്നുന്ന ഒരു അപകര്‍ഷതാ ബോധം ....തത്കാലം കിടന്നുറങ്ങാം, ഒരു മാന്യനെപ്പോലെ.

Tuesday, November 1, 2011

പുതിയ ഗാനം 4 Santhosh Pandit

ഉരലിലിട്ടു ഇടിക്കണോ
മിക്സ്സിലിട്ടു അടിക്കണോ
ചട്ടിലിട്ടു വറക്കണോ (2)

എന്‍റെയി ഹൃദയം പെണ്ണാളെ.....(2)

മഴ പെയ്തപ്പം തുടിച്ചതും
മഞ്ഞിനൊപ്പം പരന്നതും
വെയില്‍ കാറ്റില്‍ വരണ്ടതും (2)

എന്‍റെയീ ഹൃദയമല്ലേ പെണ്ണാളെ......(2)

ഓര്‍ക്കുട്ടില്‍ വരച്ചതും
ഫേസ്ബുക്ക് ല്‍ കണ്ടതും
സ്കൈപ് ചാറ്റില്‍ തന്നതും (2)

എന്‍റെ ഹൃദയ രേഖയാണ് പെണ്ണാളെ.....(2)

Monday, October 31, 2011

കേരളപ്പിറവി സമ്മാനം (സര്‍ക്കാര്‍ വക)


ഇന്ന് കേരളപ്പിറവി.....പ്രതീക്ഷയുടെ ഒരു പുത്തന്‍ ലോകമാണ് നമ്മളെ കാത്തിരിക്കുന്നത്. മെട്രോ റെയില്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നു. (ഭാഗ്യം, ഇനി നശിച്ച റോഡ്‌ കുറെയൊക്കെ ഒഴിവാക്കാമല്ലോ..കൊച്ചിയിലെ മുടിഞ്ഞ ട്രാഫിക്കും). മറ്റൊന്ന് അതിവേഗ റെയില്‍ ഇടനാഴിയാണ്. (കാസര്‍കോട് ഉള്ളവര്‍ക്ക് കാര്യ സാധ്യത്തിനായി പെട്ടന്ന് തലസ്ഥാനത് എത്താം ). വികസന കാര്യത്തില്‍ ഉമ്മേട്ടന്‍ ആളൊരു പുലി തന്നെ. അങ്ങേരുടെ പകുതി എനര്‍ജി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വല്ല IAS ഉം എടുത്തേനെ...
പുറത്തു പറയുന്നില്ലെങ്കിലും ഉമ്മേട്ടന് ഇക്കാര്യത്തില്‍ മാതൃക നമ്മുടെ മോദി c / o ഗുജറാതും, ബീഹാറിലെ നിതിഷ് ചേട്ടനും ഒക്കെയാണ്. രണ്ടും വര്‍ഗീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ആണല്ലോ...? വര്‍ഗ്ഗീയന്മാരെ ദൂരെ നിര്‍ത്തിയാണ് ശീലം (കേരള കോണ്‍ഗ്രസ്സും മുസ്ലിം ലീഗും ഏതു വിഭാഗത്തില്‍ വരും എന്നതിനെ കുറിച്ച് ഹോവാര്‍ഡ് സര്‍വകലാശാലയില്‍ പഠനം നടന്നു വരുന്നതെയുള്ളു ). വികസനം ഒന്ന് കൊണ്ട് മാത്രമേ ഭരണ തുടര്‍ച്ച ഉണ്ടാകൂ എന്ന് മുകളില്‍ പറഞ്ഞ രണ്ടു മഹാന്മാരും തെളിയിച്ചു കഴിഞ്ഞു. ജാതി മത ചീട്ടു കൊണ്ട് ഭരണ തുടര്‍ച്ച കേരളത്തില്‍ നടപ്പിലാകില്ല . ഭരണം കിട്ടിയത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍ തീരുന്നില്ല. സിപിഎം ന്‍റെ നട്ടെല്ല് ഓടിക്കാന്‍ വേണ്ടിയാണു മാധ്യമ syndicate അച്ചുമ്മാമനെ ഉയര്‍ത്തിയും പിണറായിയെ താഴ്ത്തിയും അവതരിപ്പിച്ചത്.  (ഇപ്പോഴും മുഖ്യനെക്കളും ഇവര്‍ക്ക് പ്രിയം കേരള രാഷ്ട്രീയത്തിലെ കുറുക്കനെ തന്നെയാണ് ). അങ്ങേരു കേറി അങ്ങ് സൂപ്പര്‍ സ്റ്റാര്‍ ആയിക്കളയും എന്ന് ആരും കരുതിയില്ല. വയസ്സംകാലത്ത് ശുക്രന്‍ ഉച്ചിയില്‍ ഉദിച്ച അവസ്ഥയാണ്‌. പിന്നെ ഉമ്മേട്ടന്  ഒരാശ്വാസം മുജ്ജന്മ ശത്രു ( പുത്രന്‍ ) കൂടെ തന്നെയുണ്ട്‌ എന്നതാണ്. ജനങ്ങള്‍ക്കെന്നും ഇഷ്ടം അല്പമൊക്കെ ധിക്കാരമുള്ള നേതാക്കന്മാരെയാണ്. എന്ന് കരുതി ഒടുക്കത്തെ ധിക്കാരം ആയാലും കുഴപ്പമാണ് (പൂഞ്ഞാര്‍ ചീഫ് വിപ്പ് അവര്‍കള്‍).
ടി എം ജേക്കബ്‌ സര്‍ അന്തരിച്ചു എന്ന വാര്‍ത്ത‍ കേട്ടപ്പോള്‍ പുറത്തു വല്യ സങ്കടം ഒക്കെ അഭിനയിക്കുന്നുണ്ടെങ്കിലും ഇടതന്‍ മാരുടെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിട്ടുണ്ട്. പിറവത്ത് മുക്കിയും മൂളിയുമാണ് അദ്ദേഹം കടന്നു കൂടിയത്. 69 -71 ല്‍ ആക്കാനുള്ള സകല കളിയും അവന്മാര്‍ കളിക്കും. അപ്പോഴുണ്ട് കേരളപ്പിറവി ദിനത്തില്‍ മറ്റൊരു ലഡ്ഡു കേരള സര്‍ക്കാര്‍ വക.
"ബാലകൃഷ്ണ പിള്ള അമ്മാവനെ ജയില്‍ മോചിതനക്കുന്നു". സുപ്രീം കോടതിയല്ല അവന്‍റെ അപ്പൂപ്പന്‍ കോടതി വിധിച്ചാലും ഞങ്ങള്‍ക്ക് പുല്ലാണ് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. ജയിലില്‍  ഒരു വര്‍ഷം തികച്ചിട്ടു അദ്ദേഹം വന്നിരുന്നു എങ്കില്‍ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് ഒരു സ്ഥാനം കിട്ടിയേനെ. ഇതിപ്പോ വീണ്ടും അച്ചു മാമയെ ഹീറോ ആക്കുന്ന പണിയായിപ്പോയി . (കടപ്പാട് - facebook )

MAVO


കഴുത്ത് അറക്കപ്പെട്ട കോഴി പിടയുന്ന പോലെയാനവന്‍ പിടഞ്ഞു കൊണ്ടിരുന്നത്. ഇന്നലെ വരെ എന്നോട് കളി തമാശകള്‍ പറഞ്ഞു കൊണ്ടിരുന്നവന്‍...അമ്മയെ കുറിച്ച്. ഭാനുവിനെ കുറിച്ച്, നയിക്കിന്റെ മകളെ കുറിച്ച്.....സ്വപ്നങ്ങളുടെ ലോകത്തായിരുന്നു എന്നും അവന്‍. CRPF ല്‍ അവനെ എത്തിച്ചതും അവന്‍റെ സ്വപ്‌നങ്ങള്‍ തന്നെ ആയിരിക്കണം. ഒരു മാസത്തെ വെടി നിര്‍ത്തല്‍ മാവോ വാദികള്‍ പ്രഖ്യാപിച്ചതിനാല്‍ എല്ലാവരും ഒരു ഉത്സവ പ്രതീതിയില്‍ ആയിരുന്നു. ഞാന്‍ അവിടെ എത്തുമ്പോള്‍ അന്തരീക്ഷം തികച്ചും ശാന്തം. ഞാന്‍ കരുതി , ഇതാണോ മാധ്യമങ്ങള്‍ കൊട്ടി ഘോഷിക്കുന്ന ജഗ്ദാല്‍പൂര്‍..ഇവിടെ യാതൊരു പ്രശ്നവുമില്ലല്ലോ....? പക്ഷെ എന്‍റെ തോന്നലുകള്‍ തെറ്റായിരുന്നു. വെറുതെ ഒരു പരിശീലന പട്രോളിംഗ് നു പോയ സംഘം , അവരുടെ ദുര്‍ഗതിയെ ദീര്‍ഘ വീക്ഷണം ചെയ്യാന്‍ ആരുമില്ലാതെ പോയി. ആക്രമണം ഒരിക്കലും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു. AK 47 ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങളുമായി പോയ സംഘത്തിനു നേരെ കിട്ടിയതു കല്ലേറ് ആയിരുന്നു. SFI ക്കാര്‍ കേരള പോലീസിന് നേരെ എറിയുന്ന കല്ലല്ല. രാകി മിനുക്കിയെടുത്ത നാടന്‍ കല്ലുകള്‍ . എറോന്നു കൊണ്ടാല്‍ പ്രാണന്‍ പോകുന്ന, മുറിവ് പൊറുക്കാന്‍ സമയം ഏറെ എടുക്കുന്ന ആ കല്ലുകള്‍ 200 പേരുടെ സംഘത്തിനു നേരെ ആയിരം പേര്‍ എറിഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ?. ഈ അവസ്ഥ പ്രസ്താവനകള്‍ ഇറക്കുന്ന ചിദംബര ചെട്ടിയരോ മന്‍മോഹന്‍ സര്‍ദാരോ അറിഞ്ഞിട്ടില്ലല്ലോ? . രാജ്യ സ്നേഹത്തെക്കാള്‍ ഉപരി , കുടുംബത്തിലെ ഇല്ലയ്മയോ പ്രാരബ്ദമോ ആയിരിക്കണം CRPF ല്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. മെട്രോ നഗരങ്ങളിലെ പോലെ ആര്‍ത്തുല്ലസിച്ചു ജീവിക്കാന്‍ കൊതിയോ കഴിവോ ഇല്ലഞ്ഞിട്ടല്ല , മറിച്ച് ഒപ്പിട്ടു കൊടുക്കുന്ന കടലാസിനെ ബഹുമാനിക്കാന്‍ ശീലിക്കുന്നവരന് യഥാര്‍ത്ഥ പടയാളികള്‍...മരത്തിലും, കല്ലിന്‍റെ മറവിലും ഇരുന്നു മാവോയിസ്റ്റുകള്‍ എറിയുന്ന കല്ലിനു ഇരയാവുന്ന പാവം CRPF കാരെ കുറിച്ച് ആരും ഒന്നും എഴുതി കണ്ടില്ല. അവര്‍ ചൊരിയുന്ന ചോരക്കു തക്കതയതോന്നും അവര്‍ക്ക് കിട്ടുന്നുമില്ല. സ്വാമി അഗ്നിവേശ് എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു. എനിക്കറിയേണ്ടത് സ്വാതന്ത്ര്യത്തെ കുറിച്ചായിരുന്നു. അയാളും രാഷ്ട്രിയക്കാരെ പോലെയാണ് പെരുമാറിയത്, സ്വാര്‍ത്ഥ താല്പര്യങ്ങള്‍....അയാള്‍ പറഞ്ഞ ഒരു കാര്യം എനിക്കിഷ്ടമായി .....നിന്‍റെ കേരളം എത്ര സുന്ദരം, സുരഭിലം....

ഞങ്ങളും താങ്കള്‍ ഒരു ഇന്ത്യാക്കാരനാണ് എന്നതില്‍ ലജ്ജിക്കുന്നു


കോണ്‍ഗ്രസ് കാര്‍ക്കും കമ്മ്യൂണിസ്റ്റ് കാര്‍ക്കും സംഘപരിവാര്‍ കാര്‍ക്കും മറ്റെല്ലാ മതക്കാര്‍ക്കും ഉത്തരം പറയാം...


രാഹുല്‍ താങ്കള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യാക്കാരനാണെന്ന് പറയുന്നതില്‍ ലജ്ജിക്കുന്നുണ്ടോ?

(നിഥിന്‍ ഗുപ്ത രാഹുല്‍ ഗാന്ധിയുടെ 'ഞാന്‍ ഒരിന്ത്യാക്കാരനായതില്‍ ലജ്ജിക്കുന്നു' എന്ന പ്രസ്ഥാവനയ്ക്ക് നല്‍കിയ മറുപടിയുടെ സംക്ഷിപ്തം-തര്‍ജ്ജുമ)

*രാഹുല്‍ പറഞ്ഞു: 'ഉത്തര്‍ പ്രധേശിലെ സ്ഥിതിഗതികള്‍ കണുമ്പോള്‍ ഒരു ഇന്ത്യാക്കാരനാണെന്നതില്‍ ഞാന്‍ ലജ്ജിക്കുന്നു'

പ്രിയ രാഹുല്‍,

താങ്കള്‍ യഥാര്‍ത്ഥില്‍ ലജ്ജിക്കുന്നുണ്ടോ?????
പക്ഷേ നിരാശപ്പെടരുത്. താങ്കള്‍ക്ക നിരാശപ്പെടാന്‍ വേണ്ടി ഞാന്‍ നിരവധി കാരണങ്ങള്‍ തരാം.. താങ്കള്‍ യഥാര്‍ത്ഥില്‍ ലജ്ജിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍...?
*ആദ്യം പ്രണാബ് മുഖര്‍ജിയോട് താങ്കള്‍ ചോദിക്കണം, 'സ്വസ് ബാങ്കില്‍ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങള്‍ എന്തുകൊണ്ടാണ് പുറത്തുവിടാത്തത്?'

*താങ്കള്‍ സ്വന്തം അമ്മയോട് ചോദിക്കണം, 'ഹസന്‍ അലിക്കെതിരെ ആരാണ് അന്വേഷണം ആവശ്യപ്പെട്ടത്? '
*2ജി അഴിമതിയില്‍ 60% കൈക്കൂലി ആരാണ് നേടിയത്?
 *കലമാഡി ഏതാനം കോടികളാണ് കട്ടത്. കോമണ്‍ വെല്‍ത്ത് അഴിമതിയ്ല്‍ ബാക്കി തുക പോക്കറ്റിലാക്കിയത് ആരാണെന്ന് അവരോട് ചോദ്ക്കണം.
*പ്രഫുല്‍ പട്ടേലിനോട് ചോദിക്കണം, 'ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ താങ്കള്‍ ചെയ്തത് എന്താണ് ?എയര്‍ലൈന്‍സിന് എന്താണ് ഇത്ര നഷ്ടത്തിലോടാന്‍ കാരണം?'
 *'എയര്‍ ഇന്ത്യയ്ക്ക് ഉണ്ടാകുന്ന നഷ്ടം നികുതിദാതാക്കള്‍ എന്തിന് സഹിക്കണം? അത് എങ്ങനെയെങ്കിലും വിറ്റഴിക്കാന്‍ ശ്രമിക്കുമ്പോള്‍!!!!'
*നിങ്ങള്‍ക്ക് ഒരു എയര്‍ലൈസ് പോലും ശരിയായവിധം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു രാജ്യത്തെ നിങ്ങള്‍ക്ക് നയിക്കാനാവുമെന്ന് ഞങ്ങള്‍ക്ക് എങ്ങനെ കരുതാനാവും?

മന്‍മോഹന്‍ സിങ്ങിനോട് ചോദിക്കണം; 'എന്താണ്/എന്തുകൊണ്ടാണ് താങ്കള്‍ ഇത്രയും നീണ്ടകാലം മിണ്ടാട്ടമില്ലാതെ ഇരുന്നത്?'
'1992 ലെ സ്‌റ്റോക്ക് മാര്‍ക്കറ്റ് അഴിമതിക്കേസിലെ ഹര്‍ഷദ് മേത്തയെ പോലെയുള്ള വമ്പന്മാരെ രക്ഷിക്കുന്നതിനുള്ള ബലിയാടുകള്‍ മാത്രമായിരുന്നില്ലെ കല്‍മാഡിയും എ.രാജയുമൊക്കെ?'
ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്റെ പ്രതികളെ ആരാണ് വെറുതെ വിട്ടത്? (20000 ആളുകളാണ് അതില്‍ മരണപ്പെട്ടത്.)
84ല്‍ ഭീണകൂടം സ്‌പോണ്‍സര്‍ ചെയ്ത സിക്ക് കൂട്ടക്കുരുതിയ്ക്ക് ആരാണ് ഒര്‍ഡര്‍ നല്‍കിയത്?
ഇന്ദിരാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് ഹൈക്കോടത് റദ്ദാക്കിയതിനുശേഷം എന്തിനാണ് അവര്‍ രാജ്യത്തെ അടിയന്തിരാവസ്ഥയിലേയ്ക്ക് തള്ളിവിട്ടത് എന്നതിനെ കുറിച്ച ദയവായി കൂടുതല്‍ വായിക്കൂ!!

എന്തിനാണ് ഈ അറസ്റ്റിനെ മാത്രം കൂടുതല്‍ ഹൈലൈറ്റ് ചെയ്യുന്നത്?

പ്രയ രാഹുല്‍, താങ്കള്‍ മറന്നുതുടങ്ങിയ കാര്യങ്ങളെ ഒന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ.

2001സെപ്റ്റംബറില്‍  ബോസ്റ്റണ്‍ എയര്‍പ്പോര്‍ട്ടില്‍ വെച്ച് താങ്കളെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തു.
160000 ഡോളര്‍ കൈവശം വെച്ചതിന്. എന്തിനാണ് ഇത്രയും തുക കൈവശം വെച്ചതെന്ന് താങ്കള്‍ ഇതുവരെയും വിശദീകരിച്ചിട്ടില്ല.

(ആ സമയം രാഹുല്‍ തന്റെ കൊളംബിയന്‍ ഗേള്‍ ഫ്രണ്ടിനാെപ്പമായിരുന്നു. ഒരു ഡ്രഗ് മാഫിയയുടെ മകള്‍ എന്ന് കരുതപ്പെടുന്ന വെറോണിക്ക കാര്‍ട്ടെല്ലീയോടൊപ്പം. 9 മണിക്കൂര്‍ അദ്ദേഹത്തെ എയര്‍പ്പോര്‍ട്ടില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ചു. പിന്നീട് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ് പേയി ഇടപെട്ടിട്ടാണ് അദ്ദേഹത്തെ വിട്ടത്. ഒരു എഫ്.ഐ.ആര്‍ തയ്യാറാക്കിയ ശേഷം അദ്ദേഹത്തെ എഫ്.ബി.ഐ വിടുകയായിരുന്നു. ഈ വിവരങ്ങള്‍ പുറത്തു വിടണമെന്ന് ഇന്‍ഫര്‍മേഷന്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ അതിനായി എഫ്.ബി്.ഐ രാഹുലിനോട് എന്‍.ഒ.സി. ആവശ്യപ്പെട്ടു.  തുടര്‍ന്ന സുബ്രഹ്മണ്യം സ്വാമി രാഹുലിന് എഴുതി, 'താങ്കള്‍ക്ക് ഒന്നും മറയ്ക്കാന്‍ ഇല്ലെങ്കില്‍ എന്തുകൊണ്ടാണ് താങ്കള്‍ ഞങ്ങള്‍ക്ക എന്‍.ഒ.സി നല്‍കാത്തത്?' ഒദ്ദേഹം മറുപടി പറഞ്ഞിട്ടേ ഇല്ല.)

എന്തുകൊണ്ടാണ് ആ വാര്‍ത്ത ശ്രദ്ധിക്കപ്പെടാതെ പോയത് രാഹുല്‍? ആ സമയത്ത എന്തുകോണ്ടാണ് മാധ്യമങ്ങളോട് താങ്കള്‍ 'ഞാന്‍ ഇന്ത്യാക്കാരനായതില്‍ ലജ്ജിക്കുന്നു' എന്നു പറയാതിരുന്നത്?

അതോ താങ്കള്‍ (യു.പി.യില്‍ നടന്നതുപോലെയുള്ള) പ്രതീകാത്മകമായ അറസ്റ്റ്ുകള്‍ മാത്രമേ ഹൈലൈറ്റ് ചെയ്യാന്‍ ഇഷ്ടപ്പെടുന്നുള്ളുവോ? (ബോസ്റ്റണില്‍ സംഭവിച്ചതുപോലെയുള്ള) യഥാര്‍ത്ഥ അറസ്റ്റ് ഹൈലൈറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല അല്ലേ?

ഇപ്പറഞ്ഞത് വായിച്ചിട്ട് എതെങ്കിലും കാര്യത്തില്‍ താങ്കള്‍ ലജ്ജിക്കുന്നുണ്ടോ എന്ന് ദയവായി വിശദമാക്കിയാലും.

2004ല്‍ പ്രധാനമന്തി കസേര താങ്കളുടെ അമ്മ ഉപേക്ഷിച്ചുവെന്ന ത്യാഗത്തെക്കുറിച്ച്..

ഇന്ത്യന്‍ പൗരത്വ നിയമത്തിലെ ഒരു വകുപ്പ് പറയുന്നത്, ഒരു വിദേശ രാജ്യത്തിലെ പൗരന്‍ ഇന്ത്‌യന്‍ പൗരത്വം നേടിയാല്‍ ഒരു ഇന്ത്യാക്കാരന് ആ വിദേശ രാജ്യത്തെ പൗരനായാല്‍ അഭിമുഖീകരിക്കുന്ന എല്ലാ നിബന്ധഘനകളും അയാള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്/യാണ്. (Condition based on principle of reciprocity) ഇപ്പോള്‍ നിങ്ങള്‍ക്ക് ഇ്‌റലിയിലെ പൗരത്വം നേടിയാലും നിങ്ങള്‍ ഇറ്റലിയില്‍ ജനിക്കാത്തിടത്തോളം അവിടുത്തെ പി.എം ആകാന്‍ കഴിയില്ല. !!!!

2004, മെയ് 17ന് (സത്യപ്രതിജ്ഞാ ദിവസം)3.30ന് സോിയാ ഗാന്ധിക്ക് പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് ഈ വിവരം സൂചിപ്പിച്ചുകൊണ്ടുള്ള ഒരു ലെറ്റര്‍ ലഭിച്ചു. 5 മണിക്ക് മന്‍മോഹന്‍സിംഗ് സത്യപ്രതിജ്ഞാ ചിത്രത്തില്‍ ഇടം നേടി. മുഖം രക്ഷിക്കാന്‍. ബാക്കിയൊക്കെ നാടകമായിരുന്നു.

ഒന്ന് സ്വയം ചിന്തിക്കുക...

നിങ്ങള്‍ ഡൊണേഷന്‍ കോട്ടയില്‍ ഹാര്‍വാര്‍ഡില്‍ പഠിക്കാന്‍ പോകൂ.. 3 മാസത്തിനകം നിങ്ങള്‍ പുറത്താകും. അല്ലെങ്കില്‍ നിങ്ങള്‍ക്ക് മൂന്ന് മാസം നഷ്ടമാവും.

പിന്നെ നിങ്ങള്‍ എന്തിനാണ് ഹാര്‍വാര്‍ഡില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ എം.എ എടുത്തു എന്ന് കള്ളം പറഞ്ഞതെന്തിനാണ്?

സെന്റ്. സ്റ്റീഫന്‍സില്‍ താങ്കള്‍ ഹിന്ദി പരീക്ഷയ്ക്ക് തോറ്റില്ലെ. ഹിന്ദി പരീക്ഷ!!

പിന്നെ നിങ്ങള്‍ എന്തര്‍ത്ഥത്തിലാണ് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളുടെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്നത്?

സോണിയാ ഗാന്ധിയുടെ വിദ്യാഭ്യാസത്തെ കുറിച്ച്....

സോണിയാജി ക്യമ്പ്രിഡ്ജ് സര്‍വ്വകലാശാലയില്‍ ഇംഗ്ലീഷ് പഠിക്കുന്നു എന്നാണ് സത്യവാങ്മൂലം നല്‍കിയിട്ടുള്ളത്. എന്നാല്‍ ക്യാമ്പ്രിഡ്ജ് സര്‍വ്വകലാശാലയില്‍ അങ്ങനെയൊരു വിദ്യാര്‍ത്ഥിയില്ല. ഡോ.സുബ്രഹ്മണ്യം സ്വാമി ഇതിനെതിരെ ഒരു കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് സോണിയാ ഗാന്ധി അത് പിന്‍വലിക്കുകയായിരുന്നു.

സോണിയാ ഗാന്ധി വാസ്തത്തില്‍ ഹൈസ്‌കൂള്‍ പോലും പാസ് ആയിട്ടില്ല. 5-ാം ക്ലാസ് പാസ്സ്!!

നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത കള്ളത്തരമാണ്. നിങ്ങളുടെ അമ്മയുടെ വിദ്യാഭ്യാസ യോഗ്യത കള്ളത്തരമാണ്. എന്നിട്ടും നിങ്ങള്‍ വിളിച്ച് കൂവുന്നു; 'ഞങ്ങള്‍ക്ക് വിദ്യാസമ്പന്നമായ യുവത്വത്തെയാണ് രാഷ്ട്രീയത്തില്‍ വേണ്ടത്'..

എന്തിനാണ് താങ്കള്‍ വിദ്യാഭ്യാസത്തെപ്പറ്റി ഇങ്ങനെ കള്ളങ്ങള്‍ എഴുന്നള്ളിച്ചത്?

ഒരു നല്ല നേതാവാകാന്‍ വിദ്യാഭ്യാസം ഒരു മാനദണ്ഡമല്ലായെങ്കില്‍ എന്തിനാണ് അതിനെ പറ്റി കള്ളങ്ങള്‍ പറയുന്നത്? ഈ കള്ളം പറച്ചിലില്‍ അല്‍പമെങ്കിലും താങ്കള്‍ക്ക് ലജ്ജ തോന്നിയോ?

രാഹുല്‍ ബാബാ.., ഒരു കാര്യം ദയവായി മനസ്സിലാക്കു. താങ്കളുടെ അച്ഛന്‍ മരിച്ചപ്പോള്‍ താങ്കളുടെ കുടുമ്പത്തിനായി ധാരാളം പണം (സ്വിസ് ബാങ്കിലെ) കുടുമ്പ അക്കൗണ്ടി നിക്ഷേപിച്ചിരുന്നു.


സാധാരണ യുവാക്കള്‍ ജീവിക്കാന്‍ വേണ്ടി വര്‍ക്ക് ചെയ്യുന്നവരാണ്. താങ്കളുടെ കുടുമ്പത്തിന് ജീവിക്കാന്‍ ഒരു നെറ്റ് വര്‍ക്കാണ് വേണ്ടത്. ഞങ്ങളുടെ അച്ഛനും ഇങ്ങനെ കോടാനുകോടി നിക്ഷേപിച്ചിരുന്നെങ്കില്‍ ഞാനും ഇങ്ങനെയൊക്കെയേ ചെയ്യു. എന്നാല്‍ഞങ്ങള്‍ പണിയെടുക്കുകയാണ്. എന്നിട്ടും നീതി ഞങ്ങളുടെ പക്ഷത്തില്ല. പക്ഷേ അത് നിങ്ങള്‍ക്ക് കിട്ടുന്നുണ്ട്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് 30% നികുതികൊടുക്കേണ്ടി വരുന്നത്. ആ പണമാണ് നിങ്ങളൊക്കെ സ്വിസ് ബാങ്കിലെ നിങ്ങളുടെ കുടുംബ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുന്നത്.

എന്നിട്ടും നിങ്ങള്‍ ഇന്ത്യാക്കാരനായതില്‍ ലജ്ജിക്കുന്നു!!

നിങ്ങള്‍ ഗാന്ധിയായത് രക്തം കൊണ്ടല്ല. മറിച്ച് വാക്കുമാത്രം കൊണ്ടാണ്. ഗാന്ധിജിയുടെ ഒരു ജീന്‍ താങ്കളുടെ ശരീരത്തിലുണ്ടായിരുന്നുവെങ്കില്‍ 'അത്യാഗ്രഹ' രോഗം താങ്കള്‍ക്ക് വരുമായിരുന്നില്ല.

എന്നിട്ടും നിങ്ങള്‍ ഇന്ത്യാക്കാരനായതില്‍ ലജ്ജിക്കുന്നു!!
ഞങ്ങളും താങ്കള്‍ ഒരു ഇന്ത്യാക്കാരനാണ് എന്നതില്‍ ലജ്ജിക്കുന്നു.

വിശ്വസ്തതയോടെ
നിഥിന്‍ ഗുപ്ത
(റിവാള്‍റോ)
ബി.ടെക്
ഐ.ഐ.ടി, ബോംബെ
താങ്കള്‍ ഒരു ശരിയായ ഇന്ത്യന്‍ ആണെങ്കില്‍ ഇത് താങ്കളുടെ വാളില്‍ പോസ്റ്റൂ...

(കടപ്പാട്: തെക്കേലെ ശ്രീധരനുണ്ണിയുടെ വാള്‍..)


നിങ്ങള്‍ ഇന്ത്യാക്കാരനായതില്‍ ലജ്ജിക്കുന്നു!! ഞങ്ങളും താങ്കള്‍ ഒരു ഇന്ത്യാക്കാരനാണ് എന്നതില്‍ ലജ്ജിക്കുന്നു

Friday, July 22, 2011

"ഭീതിയുടെ നിഴല്‍"

ഗൂഗിള്‍ ന്‍റെ മലയാളം വിഭാഗത്തില്‍ "ഭീതിയുടെ നിഴല്‍" എന്ന് ലതിക ടൈപ്പ് ചെയ്തു. സമാനമായതൊന്നും അവള്‍ക്കു കിട്ടിയില്ല. "ഭീതിയുടെ നിഴലില്" എന്ന വിഭാഗത്തില്‍ എന്തൊക്കെയോ കണ്ടു. ഇറാക്കിലെ ക്രൈസ്തവര്‍ , കിനാലൂര്‍ ,കണ്ണൂര്‍ ,ചേരി, ധനകാര്യം,സഹകരണ ജനാധിപത്യം, വിദ്യാ രംഗം ...............അങ്ങനെ പലതും. പക്ഷെ, ഭീതിയുടെ നിഴലിലായ ഒരു പെണ്ണിനെ കുറിച്ച് ഒന്നും തന്നെ പറയാന്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്‌ എന്ജിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവള്‍ക്കു സ്വയം സങ്കടവും ഗൂഗിള്‍ നോട് പുച്ഛവും തോന്നി.
പിന്നീടവള്‍ ആംഗലേയ വിഭാഗം തിരഞ്ഞെടുത്തു. അവിടെ "shadow of fear " എന്ന് ടൈപ്പ് ചെയ്തപ്പോള്‍ തുറക്കപ്പെട്ട വെബ്സൈറ്റ് ഇങ്ങനെ പറഞ്ഞു.

" an anthology series in which characters find themselves in weird and scary situations. Not evoked by the supernatural but by other people ".

അവള്‍ക്കു സമാധാനമായി. അല്ലെങ്കിലും ലോകത്തില്‍ ഔചിത്യമുള്ള ഭാഷ ഇംഗ്ലീഷ് തന്നെയാണ്.
കുട്ടിക്കാലത്ത് പറഞ്ഞു കേട്ട ഭൂത പ്രേത കഥകളൊക്കെ തന്നെ അവള്‍ക്കു തമാശയായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അവള്‍ ഭീതിയുടെ നിഴലില്‍ അകപ്പെടുന്നു. തന്‍റെ വ്യക്ത്യത്തം തികച്ചും പരിഭ്രമകരമായ അവസ്ഥയിലേക്ക് വഴുതി വീഴാനുള്ള കാരണമാണ് അവള്‍ക്കു വേണ്ടിയിരുന്നത്. മറ്റുള്ളവര്‍...ചുറ്റിനുമുള്ള ചില വ്യക്തികളുടെ അസ്വാഭാവിക പ്രവര്‍ത്തികള്‍....അതെ..... അതിന്‍റെ നിഴലാണ് തന്നില്‍ പരക്കുന്നത്. അതിന്‍റെ ഇരയാണ് താന്‍....അതാണ് തന്‍റെ ഉറക്കം കളയുന്നത്.
"Not evoked by the supernatural but by other people ".

ബാല്യം :

ചെറിയ കുടിലില്‍ ചിമ്മിനി വെട്ടത്തില്‍ പഠിക്കുമ്പോള്‍ ദൂരെ നിന്നൊരു പാട്ട് കേള്‍ക്കാം.

" എനിക്കുമുണ്ടൊരു രണ്ടു സെന്‍റ്
നിനക്കുമുണ്ടൊരു രണ്ടു സെന്‍റ്
പിന്നന്താണ്ടി ചീരൂ ,നമ്മള് തമ്മില് മിണ്ട്യാല്.
എനിക്കുമുണ്ടൊരു ചുന്ദരി മോള്
നിനക്കുമുണ്ടൊരു ചുന്ദരി മോള്
പിന്നന്താണ്ടി ചീരൂ ,നമ്മള് തമ്മില് മിണ്ട്യാല്"

അതൊരു സൂചനയാണ്. ചിമ്മിനി താഴ്ത്തി പുസ്തകമടച്ചു അവള്‍ കിടക്കും. പാതി തുറന്ന കണ്ണിലൂടെ കാണാം ഈര്‍ക്കിലില്‍ സാരി ചുറ്റിയ ഒരു രൂപം പുറത്തേക്കു പോകുന്നത്. അമ്മയാണ്.
വരാന്തയിലെ റാന്തല്‍ വെളിച്ചം ഉയരുമ്പോള്‍ ഭീതിയുടെ നിഴല്‍ ആ കുടിലിലേക്ക് ആടിയാടി വരും. ചിലപ്പോള്‍ വെട്ടിയിട്ട വാഴ പോലെ തറയില്‍ അലിഞ്ഞു ചേരും. അല്ലെങ്കില്‍ ഉരുളകള്‍ വായിലേക്ക് തള്ളുന്നത് ഭിത്തിയില്‍ കാണാം. അതുമല്ലെങ്കില്‍ താണ്ഡവമാണ്‌. ഭരണിക്കാവിനെ വെല്ലുന്ന തെറിപ്പൂരത്തില്‍ അമ്മക്ക് മര്‍ദ്ദനമേല്ക്കുമ്പോള്‍ ലതിക പായില്‍ നിന്ന് ചാടിയെണീറ്റ് തടയാന്‍ ചെല്ലും. അവള്‍ക്കും കണക്കിന് കിട്ടും. രാത്രിയുടെ ഏതോ യാമത്തില്‍ എല്ലാ നിഴലുകളും തളര്‍ന്നുറങ്ങും.

കൗമാരം:

ആടിയാടി വരുന്ന ഭീതിയുടെ നിഴലിന്‍റെ ശല്യം കൂടിയപ്പോഴാണ് തെക്കേതിലെ കമല അമ്മായി അവള്‍ക്കു രാത്രി അഭയം കൊടുത്തു തുടങ്ങിയത്. എല്ലാവരും ഉണ്ടായിട്ടും തനിച്ചായ ഒരു സ്ത്രീ. അവരുടെ ഭര്‍ത്താവു റയില്‍വെയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രം വരുന്ന ഒരാള്‍. ഒറ്റ മകന്‍ കുടുംബ സമേതം ഗള്‍ഫില്‍.
സന്ധ്യക്ക് അത്താഴവും കഴിഞ്ഞ് പഠിക്കാനുള്ള പുസ്തകങ്ങളും എടുത്ത് ലതിക അവരുടെ അടുക്കലെത്തും. ആ വീടിന്‍റെ വരാന്തയിലെ ട്യൂബ് ലൈറ്റ് അവളെ നന്നായി പഠിക്കാന്‍ സഹായിച്ചു പോന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ നിന്നമ്മയുടെ കരച്ചില്‍ ഉയരുമ്പോള്‍ അവളുടെ നെഞ്ചു വിങ്ങി. അകത്ത് സീരിയല്‍ നായികക്കൊപ്പം കമല കരഞ്ഞപ്പോള്‍ പുറത്ത് പെറ്റമ്മക്കൊപ്പം ലതികയും കരഞ്ഞു.
കൃത്യം ഒന്പതാകുമ്പോള്‍ അവര്‍ ഉറങ്ങാന്‍ പോകും. കമല കട്ടിലിലും അവള്‍ താഴെയും. അവര്‍ ഭാഗ്യം ചെയ്ത ഒരു സ്ത്രീയാണെന്ന് ലതികക്ക്‌ തോന്നാറുണ്ട്. കിടന്ന ഉടനെ ഉറങ്ങും. ലതികയാവട്ടെ, ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു വേഴാമ്പല്‍ ആയിരുന്നു. ഉറക്കം കാത്തിരിക്കുന്ന ഒരു വേഴാമ്പല്‍.
കമലയുടെ ഭര്‍ത്താവ് സുഗുണന്‍ വന്ന ഒരു വെള്ളിയാഴ്ച രാത്രിയില്‍ അവളുടെ വീട്ടില്‍ ലഹള അധികമായിരുന്നു. കമലയുടെ കൂര്‍ക്കം വലി, വീട്ടിലെ ലഹള. കണ്ണും മിഴിച്ച്, നെഞ്ചും വിങ്ങി, തറയിലേക്ക്‌ നോക്കി ചരിഞ്ഞു കിടക്കുകയായിരുന്നു ലതിക. ഭീതിയുടെ നിഴല്‍ പ്രത്യക്ഷപ്പെട്ടത് അപ്പ്രതീക്ഷിതമായിട്ടായിരുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ തെളിഞ്ഞ ആ നിഴലിനു ഒരു കൈപ്പത്തിയുടെ രൂപമായിരുന്നു. ഒരു സര്‍പ്പത്തെപ്പോലെ അത് തന്നിലേക്ക് വരുന്നതറിഞ്ഞ് അവളുടെ തൊണ്ടയില്‍ ഒരു നിലവിളി ഓടിയെത്തി. സര്‍പ്പം അവളുടെ അടി വയറ്റില്‍ കൊത്തിയതും, അവളുടെ ശരീരം ഒന്നുലഞ്ഞതും , നിലവിളി തൊണ്ടയില്‍ തന്നെ അമങ്ങിയതും... എല്ലാം ഒരുമിച്ചായിരുന്നു. പിന്നെ , പല വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഭീതിയുടെ നിഴല്‍ തന്‍റെ കേളികള്‍ തുടര്‍ന്നു. നിസ്സഹായതയുടെ പ്രതീകമായി അവള്‍, മൗനം സമ്മതമായി അയാള്‍.

ഒരു രാത്രിയില്‍ കൈയ്യില്‍ നനവ്‌ പടര്‍ന്നത് സുഗുണന്‍ അറിഞ്ഞു. നിലാവില്‍ അയാളുടെ കൈകളില്‍ ചോര തിളങ്ങി. അല്പം ഭയത്തോടെയും അതിലേറെ അമ്പരപ്പോടെയും സുഗുണന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് അവള്‍ക്കരികില്‍ കുന്തിച്ചിരുന്നു. ഒഴുകിയെത്തിയ ഒരു കണ്ണുനീര്‍ തുള്ളി തന്‍റെ പാദങ്ങളെ സ്പര്‍ശിച്ചതും അയാള്‍ അറിഞ്ഞു. അയാള്‍ അവളെ സൂക്ഷിച്ചു നോക്കി. ലോകത്തിലെ ഏറ്റവും ദൈന്യമായ മുഖം...ഒരു നെടുവീര്‍പ്പോടെ സുഗുണന്‍ കട്ടിലിലേക്ക് കയറി. ആ ആ കുഞ്ഞി കല്യാണ രാവില്‍ അവള്‍ സുഖമായി ഉറങ്ങി. പിന്നീടുള്ള രാത്രികളില്‍ ഒന്നും തന്നെ കൈപ്പത്തിയുടെ രൂപത്തില്‍ ഭീതിയുടെ നിഴല്‍ അവളെ ആക്രമിച്ചില്ല.

യൗവ്വനം: to be continued.

Thursday, July 7, 2011

സൈക്കിള്‍ റിക്ഷ


കേരളത്തില്‍ കാണാത്തതും എന്നാല്‍ ഉത്തരേന്ത്യയില്‍ ഉടനീളം സര്‍വ സാധാരണയായി കാണപ്പെടുന്ന ഒരു വിഭാഗമാണ് സൈക്കിള്‍ റിക്ഷക്കാര്‍. പണ്ട് കാലത്ത് കേരളത്തില്‍ എങ്ങനെ ഒരു വിഭാഗം ജീവിച്ചിരുന്നു എന്നതിന് എന്‍റെ കയ്യില്‍ ഉള്ള ഒരേ ഒരു തെളിവ് ഞങ്ങളുടെ നാട്ടുകാരനായ റിക്ഷ ഗോപി എന്ന ചേട്ടനാണ്. ഓര്‍മ വച്ച നാള്‍ മുതല്‍ അദ്ദേഹത്തെ നാട്ടുകാര്‍ റിക്ഷ ഗോപി എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് എന്നാല്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ഓട്ടോറിക്ഷയൊട്ടു കണ്ടിട്ടുമില്ല. പിന്നെടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു ഗോപി ചേട്ടന്‍ ഒരു സൈക്കിള്‍ റിക്ഷക്കാരനയിരുന്നെന്നു. അദ്ദേഹത്തിന്‍റെ വീട് ഒരു ഓല മേഞ്ഞ കുടില്‍ ആയിരുന്നു. സൈക്കിള്‍ റിക്ഷയുടെ യുഗം കേരളത്തില്‍ അന്ത്യ കൂദാശ കൊണ്ടപ്പോള്‍ ഉപജീവനത്തിന് അദ്ദേഹം എന്ത് മാര്‍ഗം തേടിയെന്ന് എനിക്കറിയില്ല. അദ്ദേഹവും കുടുംബവും ഇപ്പോള്‍ എവിടെയാണെന്നും അറിയില്ല . ആ കുടില്‍ ഇരുന്നിരുന്ന സ്ഥാനത്ത് ഇന്ന് ഞങ്ങളുടെ നാട്ടിലെ സുബ്രമുണ്യ സേവ സമാജം വക സുബ്രമുണ്യന്‍ കോവില്‍ നില കൊള്ളുന്നു. ജനങ്ങള്‍ ഭക്തി പുരസ്സരം ആറാടി എത്തുന്നു , അനുഗ്രഹം വാങ്ങുന്നു.
കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍റെ ബോധ മണ്ഡലത്തിലേക്ക് വരാന്‍ കാരണം രാഹുല്‍ എന്ന കൊച്ചു പയ്യനാണ്. താജ് മഹലിന്റെ നാടായ ആഗ്രയിലെ ഒരു സൈക്കിള്‍ റിക്ഷക്കാരന്റെ മകനാണ് രാഹുല്‍. അല്പം മുന്‍പ് ഞാനവന്റെ അച്ഛന്‍റെ സൈക്കിള്‍ റിക്ഷയില്‍ കയറി. എന്‍റെ തൊട്ടടുത്തായി അവനും സ്ഥാനം ഉറപ്പിച്ചു. അവനും എന്നെപ്പോലെ ഒരു യാത്രികന്‍ ആവും എന്ന കരുതലില്‍ കുട്ടിത്തം നിറഞ്ഞ മറുപടി കേള്‍ക്കാനുള്ള കൌതുകത്തോടെ ഞാനവനോട് എങ്ങോട്ടാണ് യാത്ര എന്ന് തിരക്കി. എങ്ങോട്ടുമില്ലെന്നു അവന്‍ , പിന്നെന്തിനു റിക്ഷയില്‍ കയറിയെന്നു ഞാന്‍. റിക്ഷ അവന്‍റെ അച്ചന്‍റെയാണ് ഇപ്പോള്‍ വേണമെങ്കിലും കയറാം എന്നവന്‍.....
അവന്‍റെ അമ്മ മരിച്ചു പോയിരുന്നു. വീട്ടില്‍ അവനും അച്ഛനും മാത്രം. സ്ക്കൂള്‍ വിട്ടു വന്നാല്‍ അവന്‍ നേരെ റിക്ഷ സ്റ്റാന്‍ഡില്‍ എത്തും. അച്ചന്‍റെ സവാരികള്‍ക്കൊപ്പം ഒരു സവാരിയായി അവനും കൂടും. പൊട്ടിപ്പൊളിഞ്ഞ ഊടുവഴികളിലൂടെയും തിരക്കേറിയ ഹൈവേകളിലൂടെയും ആ മനുഷ്യന്‍ മനുഷ്യഭാരം വലിക്കുമ്പോള്‍ അവന്‍ അതിനു സാക്ഷിയായി മാറുന്നു. പത്തു മിനിറ്റ് നേരത്തെ ആ യാത്ര മതിയായിരുന്നു ആ അച്ഛന്‍റെയും മകന്‍റെയും സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍. ഇറങ്ങാന്‍ നേരം കൂലിയായ പത്തു രൂപയ്ക്കു പകരം ഇരുപതു രൂപ കൊടുത്തു. അധിക പണത്തിനു മകന് ഒരു മഞ്ച് വാങ്ങി കൊടുക്കാന്‍ പറഞ്ഞു ഞാന്‍ നടന്നപ്പോള്‍ ആ സാധു മനുഷ്യന്‍റെ വിയര്‍ത്തൊലിച്ച മുഖത്ത് അമ്പരപ്പും അദ്ഭുതവുമായിരുന്നു. ഒരു രൂപയ്ക്കു പോലും തല്ലിടുന്ന സ്ഥിരം സവാരികള്‍ക്കിടയില്‍ ഞാന്‍ അയാള്‍ക്കൊരു അന്യഗ്രിഹ ജീവിയായിരുന്നു. പതുക്കെ പതുക്കെ അതൊരു സന്തോഷമായി മാറി.
. അയാളുടെ ആ സന്തോഷം കണ്ടപ്പോള്‍ എനിക്കും ഒരു സംതൃപ്തി. അങ്ങനെ നമ്മള്‍ വലിയ വിലയൊന്നും കല്‍പ്പിക്കാത്ത പത്തു രൂപക്കും ഒരു അമൂല്യതയുണ്ടെന്നു രണ്ടു അപരിചിതര്‍ തിരിച്ചറിഞ്ഞ നിമിഷം. ആ സൈക്കിള്‍ റിക്ഷ എന്നെയും കടന്നു മുന്നോട്ടു പോയപ്പോള്‍ പുറകിലിരുന്നു അവന്‍ കൈ വീശി. തിരിച്ചു ഞാനും.
സൈക്കിള്‍ റിക്ഷക്കാരോട് എനിക്ക് ദേഷ്യം തോന്നിയിട്ടുള്ളത് കാറോടിക്കുമ്പോള്‍ ആണ്. റോഡ്‌ മുഴുവന്‍ കയ്യടക്കി ഹോണടിക്കു പുല്ലു വില കല്‍പ്പിക്കാതെ അവര്‍ പോകുമ്പോള്‍ നാവില്‍ സരസ്വതി വിളയാടാരുണ്ട്. അതവരുടെ തെറ്റ് ആയിരുന്നില്ല എന്നാണ് ഇന്നെനിക്കു തോന്നുന്നത്. ചെവിക്കു മുകളില്‍ ജീവിത പ്രാരാബ്ധം എന്ന വണ്ട്‌ മൂളുമ്പോള്‍ ചുറ്റിലുമുള്ള കാഹളങ്ങള്‍ അവരെ ബാധിക്കുന്നേയില്ല . പകലന്തി റിക്ഷ ചവിട്ടി ചോര നീരാക്കി കയ്യില്‍ ചുരുട്ടി കിട്ടുന്ന പത്തു രൂപ നോട്ടുകള്‍ കൊണ്ട് നാഴി ഗോതമ്പ് പൊടി വാങ്ങാനുള്ള തത്രപ്പാടില്‍ ആണവര്‍. ഭാരം വലിയുടെ നൈരന്തര്യം മൂലമാവണം തടിച്ച ഒരു റിക്ഷക്കാരനെയും ആഗ്രയില്‍ ഞാന്‍ കണ്ടിട്ടില്ല. എല്ലാവരും പഴയ ഇന്ദ്രന്സിനെപ്പോലെ മെലിഞ്ഞവര്‍.
എന്തായാലും ആറാം തമ്പുരാനില്‍ ലാലേട്ടന്‍ ചെയ്ത പോലെ " ഇനി അണ്ണന്‍ ഉക്കാര്, ഇത് ഞാന്‍ ചവിട്ടാം" എന്ന് പറഞ്ഞു ഒരു റിക്ഷക്കാരനെയും പുറകിലിരുത്തി അയാളുടെ റിക്ഷയില്‍ താജ് മഹല്‍ കാണാന്‍ പോകണം. ചുമ്മാ...ഒരാഗ്രഹം.

Saturday, July 2, 2011

ശ്രീ പത്മനാഭനും നിധിയും

നിലവറ തുറക്കുന്നു എന്ന് കേട്ടപ്പോള്‍ സ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോള്‍ അഭിമാനം തോന്നുന്നു. ഇത്ര കാലം ഇത് സംരക്ഷിച്ച രാജാക്കന്മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ജനാധിപത്യത്തിലെ അഭിനവ രാജാക്കന്മാര്‍ ഇതില്‍ നിന്നും എന്തെങ്കിലും ഉള്‍ക്കൊള്ളുകയാണെങ്കില്‍ സ്വിസ് ബാങ്കിലെ നിധി ശേഖരം കൂടില്ലായിരിക്കാം. ഇതില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ല എന്ന് തോന്നുന്നു. അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ മൂല്യം ഇതിലും കൂടിയേനെ. ഇത് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി റേഷന്‍ കട വഴി പസ്സോന്നിനു ഇത്ര പവന്‍ എന്ന കണക്കില്‍ വിതരണം ചെയ്യണം എന്നോ മറ്റോ ഇവുടത്തെ രാഷ്ട്രിയ പാര്‍ടികള്‍ പറയുമോ എന്നാണെന്റെ പേടി. അതല്ലെങ്കില്‍ കേരളത്തില്‍ ഉടനീളം ശ്രീ പത്മനാഭ ജ്വല്ലറി എന്ന പേരില്‍ ബിവറേജസ് മാതൃകയില്‍ ജ്വല്ലറി സ്രിന്ഘല തുടങ്ങുന്നതിന്റെ സാധ്യതകളെപ്പറ്റിയും വികസന പ്രേമികളായ സര്‍ക്കാര്‍ ആലോചിച്ചു കൂടായ്ക ഇല്ല. അങ്ങനെ ആവുമ്പോള്‍ ഭക്തജനങ്ങള്‍ തള്ളിക്കയറുകയും (ബിവരെജസിലെ പോലെ ) വില്പന കൂടുകയും ഇന്നാട്ടിലെ മറ്റു ജ്വല്ലരിക്കാര്‍ക്ക് ഒരു കൊട്ട് കൊടുക്കുകയും ആവാം. അങ്ങനെ അനന്ത സാധ്യതകളാണ് അനന്തപത്മനാഭന്‍ തുറന്നിട്ടിരിക്കുന്നത്‌. കൊച്ചി രാജാവിന്റെ നിലവറ എവിടെ ആണോ ആവോ?