Saturday, July 14, 2012

SADDA HAQ


വിശപ്പിന്‍റെ വിളിയില്‍ വിണ്ണലറിയപ്പോള്‍
തലവെട്ടിപ്പൊളിച്ച് തലച്ചോര്‍ കുഴച്ചുരുളയാക്കി
വിശപ്പടക്കുന്ന സ്വപ്നം കണ്ട് ഞെട്ടിയുണരുമ്പോള്‍,
തിരുനാവായയില്‍ നിന്നോ, ശിവരാത്രി മണപ്പുറത്ത് നിന്നോ
പാതിരാക്കും കൂട്ടമായെത്തും ബലിക്കാക്കകള്‍
കാ, കായെന്നാര്‍ത്തു തലയ്ക്കു ചുറ്റും വട്ടം പറക്കുന്നു.

ഗതികിട്ടാ പ്രേതങ്ങളെ, വിശന്നലയും പൈതങ്ങളെ
നിങ്ങള്‍ കാത്തിരിക്കുക.
ഞാനിനിയുമുറങ്ങും, എന്‍റെ സ്വപ്നത്തില്‍ തിരിച്ചണയും
പങ്കിടാന്‍ മടിയില്ലെനിക്കെന്‍റെ തലയിലെ പഴഞ്ചോര്‍,
പകരമിത്തിരി ചെത്തിപ്പൂവും കളിമണ്ണും തരിക.

Wednesday, June 13, 2012

തല തിരിഞ്ഞ വികാരം


വൈരനിര്യാതന കലാകാരനെ പ്രസ്ഥാനം പുറത്താക്കുന്നു.
സഭാപുത്രന്‍റെ ഏച്ചുകെട്ടി സര്‍ക്കാര്‍ നിലം പരിശാകുന്നു.
മുല്ലപ്പെരിയാര്‍ നാലു ജില്ലകളെ നക്കി തുടയ്ക്കുന്നു.
അയാള്‍ പുഞ്ചിരിച്ചു കൊണ്ടേയിരിക്കുന്നു.

ജിഹാദുണ്ട ഒബാമയുടെ നെഞ്ചിന്‍കൂട് തകര്‍ക്കുന്നു.
ചൈനീസ് ഭരണം വിമതര്‍ പിടിച്ചടക്കുന്നു.
ജപ്പാനെ സുനാമി വിഴുങ്ങുന്നു.
അയാള്‍ മാറത്തടിച്ചു  കരയുന്നു.

ഓഹരി വിപണിയിലെ ഊഹക്കച്ചവടക്കാരന്‍റെ
വികാരങ്ങള്‍ എന്നും തല തിരിഞ്ഞാണ്.

പുകഞ്ഞ കൊള്ളി


ചീവീടുകള്‍ മൂളുന്ന രാത്രിയില്‍
കരകരയൊച്ചയില്‍ വാതില്‍ തുറന്നതും
കൂരിരുട്ടിലാരോ നടന്നകന്നതും
ഇടവഴിയിലൊരു വണ്ടി ചീറിപാഞ്ഞതും
രാമന്‍റെ പുലര്‍കാല സ്വപ്നമായിരുന്നു.

പുലര്‍കാല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
ശൂന്യ അകലം പാലിക്കുമെന്ന പഴങ്കഥക്ക് തെളിവായ്‌
മേശമേല്‍ കിടന്നിരുന്ന കത്തിന്
രാമന്‍റെ മകളുടെ കയ്യക്ഷരമായിരുന്നു.

അന്നുച്ചക്കു രാഗത്തില്‍ മാറ്റിനി കണ്ടതും
അന്തിക്ക് ബിനിയില്‍ നാല് നിപ്പനടിച്ചതും
കാണാതെ പോയ സിനിമകളോടും
നുണയാതെ പോയ മദ്യത്തോടുമുള്ള
രാമന്‍റെ പ്രായശ്ചിത്തമായിരുന്നു.

നമുക്കൊരു മകളാണെന്ന് മറക്കരുതെന്ന
ഭാര്യോപദേശ അകമ്പടിയില്ലാതെ
നാല് വറ്റ് വിഴുങ്ങി ചുരുണ്ട് കൂടുമ്പോള്‍
കണ്ണിലുരുണ്ടുകൂടി ഒഴുകിയ തെളിനീരിന്
രാമനിട്ട പേരാണ് പുകഞ്ഞ കൊള്ളി.

Saturday, May 26, 2012

ലമ്പടന്‍ ക്രിക്കറ്റ്‌


ക്രീസിലെ ബാറ്റ്സ്മാന്‍റെ സൂക്ഷ്മതയോടും തന്മയത്വത്തോടും
കരുതലോടെയുമാണ് ഓരോ സ്ത്രീലമ്പടനും ബാറ്റ് വീശുന്നത്.

അപകടകാരിയായ ഔട്ട്‌ സ്വിങ്ങറിനെ വെറുതെ വിട്ട്
ഇന്‍ സ്വിങ്ങറില്‍ ഒറ്റയും ഇരട്ടയുമെടുത്ത്‌
ഷോര്‍ട്ട് പിച്ചിനെ കവര്‍ ഡ്രൈവിലയച്ച്
ഓവര്‍ പിച്ചിനെ നിലം തൊടാതെ അതിര്‍ത്തി കടത്തി
ലമ്പടന്മാര്‍ കളിച്ചു കൊണ്ടേയിരിക്കുന്നു.

വശീകരണ ചിരിയോടെ പറന്നടുത്ത ഫുള്‍ടോസ്സിനെ
ആര്‍ത്തിയോടെ ചുംബിക്കാനാഞ്ഞ ലമ്പടന്‍
അതൊരു ഫെമിനിസ്റ്റ് യോര്‍ക്കറാണെന്ന്
തിരിച്ചറിഞ്ഞപ്പോഴേക്കും
മിഡില്‍ സ്ടംപ് മൂന്നു കരണം മറിഞ്ഞിരുന്നു.

കാണികളും ക്യാമറകളും മിഴി പാര്‍ക്കവേ
മുഖം താഴ്ത്തി തിരിഞ്ഞു നടക്കുമ്പോള്‍,
ലമ്പടന്‍റെ നഷ്ടബോധ ചിന്തയില്‍
ഒരടി മുന്നോട്ടാഞ്ഞ്‌ ഫെമിനിസ്റ്റ് യോര്‍ക്കറിനെ സിക്സറാക്കുന്നതും
ശതകം തികയ്ക്കുന്നതുമായിരുന്നു.

Friday, May 25, 2012

"അരങ്ങല്ല അണിയറ"


"അന്യമനസ്സുകളില്‍ അവശേഷിക്കുന്ന സത്യസന്ധത"
എന്നൊരു തുടര്‍കഥ എഴുതാന്‍ വേണ്ടിയാണ്
ചുറ്റിലുള്ളവരുടെ മനക്കോട്ടയിലേക്ക്
ഭൂതക്കണ്ണാടിയുമായ്
കഥാകാരന്‍ ഒളിച്ചു കയറിയത്.

മലിനജലം
മലഗന്ധം
ആര്‍ക്കുന്ന കൊതുകുകള്‍
കബന്ധങ്ങള്‍
നിണമുണങ്ങിയ ചുമരുകള്‍
വെട്ടിനെടാ അവനെ എന്ന അലര്‍ച്ച
ഓടിയടുക്കുന്ന കലാപകാരികള്‍

തിരിഞ്ഞോടിയ കഥാകാരന്‍
കിണറില്‍ നിന്നൊരു കുടം വെള്ളം തലയിലൊഴിച്ചു.
വെട്ടിക്കുടഞ്ഞ വെള്ളത്തില്‍ നിന്നുത്ഭവിച്ച
മന്ത്രവാദ കഥക്കയാള്‍ പേരുമിട്ടു.
"അരങ്ങല്ല അണിയറ"

Wednesday, May 23, 2012

നീതി ശാസ്ത്രം


അടവുകള്‍ പിഴക്കുമ്പോഴാണ്
ഭയം ഗ്രസിക്കുന്നതും
പിച്ചും പേയും പറയുന്നതും
ജ്യോത്സ്യരെ തേടുന്നതും.

കവടി നിരത്തിയാലും
മഷിയിട്ടാലും
ചിരിക്കുന്നത്
പ്രേതമുഖങ്ങള്‍ മാത്രം.

അലഞ്ഞു തിരിയുന്ന
പ്രേതങ്ങള്‍ സംഘടിച്ചിരിക്കുന്നു.
സ്വര്‍ഗ്ഗത്തിലേക്ക്
മാര്‍ച്ച്‌ നടത്തിയിരിക്കുന്നു.
ദൈവത്തെ ഘൊരാവോ ചെയ്തിരിക്കുന്നു.

ദൈവ നടപടി
മുഖം രക്ഷിക്കാനാവാം
പക്ഷെ,
നീതി ദേവത വീണ്ടും
ഗാന്ധാരിയാവുന്നു.

Monday, May 21, 2012

ഒരു രതി


ഭീമന്‍റെ മാറില്‍ പറ്റിക്കിടന്നു യുദ്ധകഥ കേള്‍ക്കുമ്പോള്‍
പാഞ്ചാലിയില്‍ കാമം ഫണം വിടര്‍ത്തിയാടുന്ന  പോലെ
അവളെ കാമം പൊതിഞ്ഞത് നിശായാത്രകളുടെ
നിശ്ചയമില്ലാത്ത യാമത്തിലായിരുന്നു.

മണിക്കൂറുകള്‍ നീളുന്ന പള്‍സറിന്‍റെ മുരളിച്ച സംഗീതം മുറുകുമ്പോള്‍
അവളുടെ കൊച്ചരിപ്പല്ലുകള്‍ അവന്‍റെ തോളില്‍ ആഴ്ന്നിറങ്ങും.
ജൈസല്മീരിലെ മരുഭൂമികള്‍,
നര്‍മ്മദാ തീരങ്ങള്‍,
പാതയോരങ്ങളിലെ കാട്ടുപൊന്തകള്‍
കൊയ്തൊഴിഞ്ഞ പാടങ്ങള്‍.

ഐ പില്‍ അലര്‍ജിയില്‍ ജനിക്കുന്ന ശര്‍ദ്ദില്‍ അസ്വസ്ഥതയില്‍ നിന്ന്
ഉറയില്ലാത്ത ഉരസലിലേക്കുള്ള സുഖദൂരം
സുധീര്‍ജി അളന്ന കണങ്കാലില്‍ നിന്ന് അരക്കെട്ടിലെക്കുള്ള ദൂര സമാനമാണ്.

കഴിഞ്ഞതോ വരാനിരിക്കുന്നതോ അല്ല,
ഈ നിമിഷമാണ് ജീവിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ അവള്‍ക്കു പ്രിയം വൈവിധ്യങ്ങളായി.
"എനിക്ക് നിന്നെ മടുത്തു " അവള്‍ കൈ വീശി യാത്രയായപ്പോള്‍
അവന്‍ ഞെട്ടലോടെ ഓര്‍ത്തത്‌
"അവളോട്‌ പ്രണയമാണ്" എന്നൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ എന്നാണ്.