Thursday, November 3, 2011

"താങ്കള്‍ ഒരു മാന്യനാണോ?"

"താങ്കള്‍ ഒരു മാന്യനാണോ?"
ഇങ്ങനെ ഒരു ചോദ്യം ആരെങ്കിലും എന്നോട് ചോദിച്ചാല്‍ ഞാന്‍ അവനെ ഒന്ന് നോക്കും...ആ നോട്ടത്തില്‍ അടങ്ങാവുന്ന ചോദ്യങ്ങള്‍ ഇതൊക്കെയാണ്.

1 . എന്താടോ.. എന്നെ കണ്ടിട്ട് ഒരു മാന്യനല്ലന്നു തനിക്കു തോന്നിയോ?
2 . ഞാനിട്ടിരിക്കുന്ന തേച്ചു മിനുക്കിയ, അല്പം വില ഒക്കെയുള്ള വസ്ത്രങ്ങള്‍ (branded) എവിടന്നെങ്കിലും അടിച്ചോണ്ട് വന്നതാണെന്ന് താന്‍ കരുതുന്നുണ്ടോ?
3 . അതല്ല...എന്‍റെ കഴിവിലും സൗന്ദര്യത്തിലും അസൂയയുള്ള ചിലരെങ്കിലും ഞാന്‍ ഒരു മാന്യനല്ല എന്ന് തന്നോട് പറഞ്ഞോടോ...?

ആ നോട്ടം കൊണ്ടും അടങ്ങാത്ത അദ്ദേഹം ഈ വിഷയം ഒരു ചര്‍ച്ചക്കായ്‌ ഇടുകയാണെങ്കില്‍ പിന്നെ എത്ര points ഇറക്കിയിട്ട് ആണെങ്കിലും . എത്ര വാഗ്വാദം നടത്തേണ്ടി വന്നാലും എല്ലാ അടവുകളും പയറ്റി ഞാന്‍ ഒരു മാന്യനാണെന്ന് അദ്ദേഹത്തെ കൊണ്ട് പറയിച്ചിട്ടേ ഞാന്‍ അടങ്ങു (ഞാന്‍ മാത്രമല്ല , മറ്റു പലരും അങ്ങനെയാണ്.... അനുഭവങ്ങള്‍ സാക്ഷി.). അല്ലെങ്കില്‍ ഉറക്കം കിട്ടില്ലല്ലോ ചേട്ടാ!!!!!

"നീ ഒരു മാന്യന്‍ ആണോടാ..."?
എന്ന് ഞാന്‍ തന്നെ എന്നോട് ചോദിച്ചാല്‍ , എന്നിലെ മാന്യന്‍ ആദ്യം തന്നെ അല്പം പകപ്പോടെ ഒന്ന് ചുറ്റിനും നോക്കും. ആവശ്യമില്ലാതെ ഇത്തരം ഒരു ചോദ്യം ചോദിച്ചതിനു എന്നെ തന്നെ ഒന്ന് ശാസിക്കും . പിന്നെ പരിസരത്തൊന്നും ആരുമില്ല എന്നുറപ്പ് വരുത്തി ഒരു കള്ളച്ചിരിയോടെ മറുപടി പറയും .

"ഹും .. മാന്യനോ..? ഞാനോ...? ഇതൊക്കെ ഒരു അഭിനയമല്ലേ മാഷെ...ഈ സമൂഹത്തില്‍ ജീവിച്ചു പോണ്ടേ...? തോന്നുന്ന പോലെയൊക്കെ ചെയ്താല്‍ ചെവിട്ടില്‍ ചെമ്പരത്തി പൂ വെക്കേണ്ടി വരും ".

ഇക്കഴിഞ്ഞ സെപ്തംബര്‍ 3 ന് ആലപ്പി എക്സ്പ്രസ്സിലെ 16 നമ്പര്‍ ബര്‍ത്തില്‍ ഇരുന്നു ഇതെഴുതുമ്പോള്‍ താഴെ ഇരുന്നിരുന്ന ഓറഞ്ച് ചുരിദാര്‍ ഇട്ട പെങ്കുട്ടിയിലേക്ക് എന്‍റെ കണ്ണുകള്‍ ഇടയ്ക്കിടെ അറിയാതെ പാളി വീഴുന്നുണ്ടായിരുന്നു . ഭര്‍ത്താവിനൊപ്പം ഇരിക്കുന്ന ആ പെണ്‍കുട്ടിയെ ഒളി കണ്ണാല്‍ അങ്ങനെ നോക്കുന്നത് മാന്യതയുടെ നേരിട്ടുള്ള ലംഘനം ആണെന്ന് അറിയാതെയല്ല ....പക്ഷെ അവളുടെ നിഷ്കളങ്കം ആയ മുഖവും അല്പം ഭയത്തോടെയുള്ള ഇരിപ്പും (ഭയം എന്നെ കണ്ടിട്ടല്ല...സീറ്റില്‍ ഓടി കളിക്കുന്ന പെരും പാറ്റകളും, തൊട്ടു മുന്‍പ് അവളുടെ കാലില്‍ കയറി ഇറങ്ങി പോയ കുഞ്ഞെലിയും ആണ് കുറ്റവാളികള്‍) കണ്ടാല്‍ സാക്ഷാല്‍ ഹനുമാന്‍ സ്വാമി വരെ നോക്കി പോകും. പിന്നെയാണ് ശ്രീ കൃഷ്ണ ഭക്തനും സര്‍വ്വോപരി ലോല ഹൃദയനുമായ ഈ ഞാന്‍.
എന്തായാലും ഈ വിഷയം എന്‍റെ തലമണ്ടയില്‍ ഉദി ക്കാനുണ്ടായ സാഹചര്യത്തിലേക്ക് മടങ്ങാം. പല ഘട്ടങ്ങളില്‍ ആയി നടന്ന ആഗ്ര -ഡല്‍ഹി മുഷിപ്പന്‍ യാത്രകളില്‍ നിന്നും, മുഷിച്ചില്‍ ഒഴിവാക്കാന്‍ ഞാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം തമിഴ്നാട്‌ എക്സ്പ്രസ്സ്‌ ല്‍ യാത്ര ചെയ്യുക എന്നതായിരുന്നു. പുലര്‍ച്ചെ 3 .50 നു ആഗ്രയിലെത്തുന്ന ഈ ട്രെയിന്‍ കൊണ്ട് എനിക്കുള്ള ഗുണങ്ങള്‍ .

1 . ഉറക്ക ലാഭം - 3.30 ന് ഉണര്‍ന്നാല്‍ 3 . 40 ന് സ്റ്റേഷനില്‍ എത്താം. പല്ലുതേപ്പും കുളിയും വേണ്ട....കാരണം ചെന്നൈ'ല്‍ നിന്നും വരുന്ന ഈ ട്രയിനിലെ യാത്രക്കാര്‍ 2 ദിവസമായി കുളിക്കാത്തവരും അന്ന് പല്ല് തെയ്ക്കത്തവരും ആയിരിക്കും. ഞാനും അവരുടെ കൂട്ടത്തില്‍ ഒരുവന്‍...
2 . ടിക്കറ്റ്‌ കൌണ്ടറില്‍ തിരക്ക് താരതമ്യാന കുറവായിരിക്കും.
3 . തൊട്ടു മുന്‍പേ 3 ട്രെയിനുകള്‍ ഡല്‍ഹിക്ക് പോകുന്നത് കൊണ്ട് ട്രെയിനിലും തിരക്ക് കുറവായിരിക്കും.
4 . സമയ നിഷ്ഠ പാലിക്കുന്ന അപൂര്‍വ്വം ട്രെയിനുകളില്‍ ഒന്ന്.

അപ്രതീക്ഷിതമായ ഒരു ഡല്‍ഹി യാത്രയായിരുന്നു ഓഗസ്റ്റ്‌ 31 ലേത്. പതിവ് പോലെ 62 രൂപയുടെ ലോക്കല്‍ ടിക്കറ്റ്‌മായി ഞാന്‍ T.N ല്‍ കയറി. നേരിയ മഴയുണ്ടായിരുന്നു. എല്ലാ ജനലുകളും അടഞ്ഞു കിടക്കുന്നു. അടുത്ത ലക്‌ഷ്യം ഒരു ബര്‍ത്ത് ഒപ്പിക്കുക എന്നതാണ്. ആഗ്രയില്‍ ഇറങ്ങിയവരുടെ ബര്‍ത്തുകള്‍ കാലിയായി കിടക്കുന്നുണ്ട്. പക്ഷെ ടി.ടി.ഇ ഏമ്മാനെ കാണാതെ തല ചായ്ച്ചാല്‍ ചിലപ്പോള്‍ ഫൈന്‍ അടക്കേണ്ടി വരും. ഒരു നീണ്ട തിരച്ചിലിനൊടുവില്‍ ടി.ടി.ഇ യെ കണ്ടെത്തി. അദ്ദേഹം ഉറങ്ങാനുള്ള തയ്യാറെടുപ്പില്‍ ആയിരുന്നു. ആവശ്യം അറിയിച്ചപ്പോ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഊര് തെണ്ടിയായാലും സര്‍ക്കാര്‍ ജോലി ഉള്ളത് കൊണ്ട് 100 ന്‍റെ ഒരു നോട്ട് എടുത്തു. ഉടനടി അദ്ദേഹം മുകേഷ് ആയി മാറി...സുര്യ TV യിലെ ഡീല്‍ ഓര്‍ നോ ഡീല്‍ മുകേഷ്.
രണ്ടു പെട്ടികളുണ്ട്.
MY BOX - ഞാന്‍ 80 രൂപ അദ്ദേഹത്തിന് നല്‍കണം. അദ്ദേഹം എനിക്ക് രശീതോട് കൂടി ബര്‍ത്ത് അനുവദിക്കുന്നു. 80 രൂപ റെയില്‍വേക്ക്. അദ്ദേഹത്തിന് ഒന്നുമില്ല ( മാസ ശമ്പളം ഉണ്ടാവും കേട്ടോ ).
T T E BOX - ഞാന്‍ അദ്ദേഹത്തിന് 50 രൂപ നല്‍കിയാല്‍ മതി. രശീതില്ലാതെ ബര്‍ത്തും ഒപ്പം സംരക്ഷണവും (ചെക്കര്‍ മാര്‍ എന്ന കാപലികരില്‍ നിന്നും ) അദ്ദേഹത്തിന്‍റെ വക വാഗ്ദാനം. അദ്ദേഹത്തിന് 50 രൂപയും മാസ ശമ്പളവും എനിക്ക് 30 രൂപ ലാഭവും. റെയില്‍വെയ്ക്ക് ഒരു ഉണ്ടയും കിട്ടില്ല.

2 ചിന്തകള്‍ക്ക് ശേഷം ഞാന്‍ T T E BOX ഡീല്‍ പറഞ്ഞു.

ചിന്ത 1 : ലാഭം കിട്ടുന്ന 30 രൂപയ്ക്കു മൊബൈല്‍ ചാര്‍ജ് ചെയ്താല്‍ 60 മിനിറ്റ് സംസാരിക്കാം.

ചിന്ത 2 : ആയിരക്കണക്കിന് കിലോ ഭാരം വലിക്കുന്ന തീവണ്ടിക്കു എന്‍റെ 65 കിലോ ഒരു പ്രശ്നമാണോ...? അല്ലേയല്ല.

ഒരു മൂളിപ്പാട്ടും പാടി അദ്ദേഹം എനിക്കനുവദിച്ച ബര്‍ത്ത് ല്‍ കയറി കിടന്നു. സമയം 4 .15 . ഒരു 3 മണിക്കൂര്‍ ഉറങ്ങാനുള്ള സമയമുണ്ട്. കിടന്നതും മയങ്ങിപ്പോയി. അപ്പോഴാണ് അയാള്‍ വന്നത്.
തലയില്‍ ഗാന്ധി തൊപ്പി വച്ച് , ത്രിവര്‍ണ്ണ പതാകയും വീശി ,എഴുപതു കഴിഞ്ഞ ആ വന്ദ്യ വയോധികന്‍. ചെവി പൊളിയും ഉച്ചത്തില്‍ തൊണ്ട കീറി അയാള്‍ വിളിച്ചു.

"വന്ദേ മാതരം, വന്ദേ മാതരം, വന്ദേ..വന്ദേ...വന്ദേ മാതരം"

ഞാന്‍ ഞെട്ടിയുണര്‍ന്നു. ഇരുളിന്‍റെ അനന്തതയെ കീറി മുറിച്ചു പായുന്ന തീവണ്ടിയുടെ രോദനം . തമിഴന്മാരുടെ കൂര്‍ക്കം വലി. മഴയുടെ ശക്തിപ്പെടല്‍. നെറ്റിയിലെ വിയര്‍പ്പു തുടക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു. " അയാള്‍...ആ അണ്ണാ ഹസാരെ എന്‍റെ സ്വപ്നത്തില്‍ വന്നുവോ? ".
ഉറക്കം വരാതെ കുറച്ചു നേരം..... എന്നെപ്പോലെ എത്രയോ പേര്‍ റെയില്‍വേയെ ഇങ്ങനെ ചതിക്കുന്നുണ്ടാവണം. കോടികളുടെ നഷ്ടമല്ലേ സംഭവിക്കുന്നത്‌. ? ഫേസ്ബൂകിലുടെ അണ്ണാജിക്ക് വേണ്ടതിലധികം പിന്തുണ നല്‍കിയ എനിക്ക് ഈ ഒറ്റ പ്രവൃത്തിയിലൂടെ അതെല്ലാം വൃഥാവിലായെന്നു തോന്നി. ടി ടി ഇ യെ വിളിച്ച് ബാക്കി 30 രൂപ കൊടുത്തു രശീത്‌ വാങ്ങിയാലോ...? അയാള്‍ എന്‍റെ കഴുത്തിന്‌ പിടിച്ചു വെളിയില്‍ തള്ളുന്ന രംഗം ഓര്‍ത്തപ്പോള്‍ ആ ശ്രമം വേണ്ടാന്ന് വച്ചു.

ആരും അറിയാത്ത ഒരു വിഷയം, സ്വയം തോന്നുന്ന ഒരു അപകര്‍ഷതാ ബോധം ....തത്കാലം കിടന്നുറങ്ങാം, ഒരു മാന്യനെപ്പോലെ.

Tuesday, November 1, 2011

പുതിയ ഗാനം 4 Santhosh Pandit

ഉരലിലിട്ടു ഇടിക്കണോ
മിക്സ്സിലിട്ടു അടിക്കണോ
ചട്ടിലിട്ടു വറക്കണോ (2)

എന്‍റെയി ഹൃദയം പെണ്ണാളെ.....(2)

മഴ പെയ്തപ്പം തുടിച്ചതും
മഞ്ഞിനൊപ്പം പരന്നതും
വെയില്‍ കാറ്റില്‍ വരണ്ടതും (2)

എന്‍റെയീ ഹൃദയമല്ലേ പെണ്ണാളെ......(2)

ഓര്‍ക്കുട്ടില്‍ വരച്ചതും
ഫേസ്ബുക്ക് ല്‍ കണ്ടതും
സ്കൈപ് ചാറ്റില്‍ തന്നതും (2)

എന്‍റെ ഹൃദയ രേഖയാണ് പെണ്ണാളെ.....(2)