Monday, April 30, 2012

മുന്നറിയിപ്പ്


പ്രണയത്തിനും ദാമ്പത്യത്തിനും ആദ്യം വരിക ഒരു നീര്‍ദോഷമാണ്.
ഒരു ദിവസം കുളിക്കാതിരുന്നാലോ, പങ്ക വേഗം കുറച്ചിട്ട് ഉറങ്ങിയാലോ മാറാവുന്ന നീര്‍ദോഷം.

പുരുഷന്മാര്‍ ശ്രദ്ധിക്കുക - ബ്രാണ്ടിയില്‍ കുരുമുളക് ചതച്ചിട്ട് നീര്‍ദോഷം മാറ്റുക എന്നത്  ചാത്തന് പോത്തുംകുട്ടനെ നേര്‍ന്നു ലോട്ടറി അടിക്കുന്ന പോലെയാണ്.

സ്ത്രീകള്‍ ശ്രദ്ധിക്കുക - മിസ്സ്‌ട്‌ കാള്‍ വഴി വരുന്ന ഒറ്റമൂലി വൈദ്യന്മാരും, മുഖപുസ്തകത്തില്‍ ക്ലിനിക് നടത്തുന്നവരും,  പത്രങ്ങളുടെ ക്ലാസ്സിഫൈഡ് പേജും വേദനകളുടെ മൊത്തവ്യാപാര കേന്ദ്രങ്ങളാണ്.

അവഗണിക്കപ്പെടുന്ന നീര്‍ദോഷത്തിന്‍റെ അടുത്ത രൂപമാണ്‌ ചുമ, കഫക്കെട്ട് മുതലായവ.

ഇപ്പോള്‍ അവര്‍  ആന്റി ബയോട്ടിക് ഉപയോഗിക്കും, കാരണം അവരുടെ  ഉറക്കം അവര്‍ക്ക്  പ്രിയപ്പെട്ടതാണ്.

ആന്റി ബയോട്ടിക് കയറിയ പ്രണയത്തിനും ദാമ്പത്യത്തിനും പഴയ ഉത്സാഹം പൊതുവേ കാണാറില്ല, വീണ്ടും രോഗം വരാനുള്ള സാധ്യതയുമുണ്ട്.

ചികിത്സിക്കപ്പെടാത്ത നീര്‍ദോഷത്തിന്‍റെ അവസാന രൂപത്തിനെ പ്രണയക്ഷയം / ദാമ്പത്യക്ഷയം എന്ന് വിളിക്കാം.


Saturday, April 28, 2012

രുക്മിണീ ഭാവം.

നീ നിന്‍റെ നയന നഖങ്ങളാല്‍ എന്‍റെ ഹൃദയഭിത്തിയില്‍ 
കോറിയപ്പോഴാണ് എന്നില്‍ കവിത ഉറവ പൊട്ടിയത്. 
ജന്മജന്മങ്ങളായ് വരണ്ടുണങ്ങിയ എന്‍റെ തൂലികയില്‍ 
അല്‍പ്പം ജീവനം പകരാനാണ് നിന്‍റെ കണ്ണിലെ 
കണ്മഷി ഞാന്‍ കടമായി ഇരന്നത്‌. 

ഹൃദയഭിത്തിയില്‍ രക്തവും കരിമഷിയും കലര്‍ന്നൊഴുകി 
രൂപപ്പെടുന്ന രക്തമഷി ചിത്രത്തിന് ഇപ്പോള്‍
എന്‍റെയും  നിന്‍റെയും മുഖമാണ്. 

ഈ ജന്മം, നിന്‍റെ കണ്ണുകള്‍ ഞാനെടുക്കുന്നു.
നീ അന്ധയാവുമെന്നോ.....? ഭയപ്പെടേണ്ട, 
അവന്‍ നിന്നോട് കൂടെയുണ്ടെന്ന് മൊഴിഞ്ഞത് നീ തന്നെയല്ലേ....

എപ്പോള്‍ തിരികെ തരുമെന്നോ....? തരാം,
വരും ജന്മത്തിലെന്‍ വാമഭാഗമൊട്ടി നിന്നാല്‍ 
ഇനിയേഴുജന്മം നില്‍ക്കാമെന്നു വാക്കു തന്നാല്‍ 
നിനക്കാ കണ്ണുകള്‍ തിരികെ തരാം. 
എന്‍റെ ഹൃദയ നിലവറയില്‍ കാത്തു  സൂക്ഷിച്ചോരാ 
കണ്ണുകള്‍ക്കപ്പോള്‍ രുക്മിണീഭാവമായിരിക്കും 

Thursday, April 19, 2012

വീട്ടുകാരന്‍

പാതിയബ്രത്തെ കടുക് പാത്രത്തില്‍ നിന്നിറങ്ങി
മീന്‍കാരന്‍റെ ചിതമ്പല്‍ പുരണ്ട കൈയ്യിലൊതുങ്ങേണ്ട
ഇരുപതുരൂപാനോട്ട് വഴി പിഴച്ചെത്തിയത്
ലോട്ടറിക്കാരന്‍റെ തയംബില്ലാ കയ്യിലായിരുന്നു.

മത്തിക്കരയ്ക്കേണ്ട തേങ്ങയില്‍ മൂവാണ്ടനും കാന്താരിയുമരയുമ്പോള്‍
വീട്ടമ്മയുടെ വേവലാതി അമ്മിക്കല്ല് മാത്രമറിഞ്ഞു.
മണ്‍ചട്ടിയൊരു മൂലയില്‍ മൂകസാക്ഷി.

നാളെ നാളെയായ് നീളുന്ന ഭാഗ്യമേ
നാളെയെങ്കിലും നീയെന്‍ ചൂണ്ടയില്‍ കുരുങ്ങുക.
സ്വപ്നങ്ങളുടെ നെയ്ത്തുകാരനായ വീട്ടുകാരന്‍
ഉമ്മറത്തിരുന്നൊരു കാജാ ബീഡി പുകച്ചു.

Tuesday, April 17, 2012

ആപേക്ഷികം

ഞാന്‍ ഓടുകയാണ്,
ആകാശചെരുവിലെ ആശങ്കകളുടെ കാര്‍മേഘങ്ങള്‍ക്ക് നേരെയാണ് എന്‍റെ ഓട്ടം.
എന്‍റെ പാത സുനാമി തിരയിളകുന്ന കടലിനും
എരിഞ്ഞു പുകയുന്ന അഗ്നിപര്‍വ്വതതിനും മദ്ധ്യേ...

ആഹ്ലാദം പടരുന്ന മുഖങ്ങള്‍ ആര്‍പ്പു വിളിക്കുമ്പോഴും
അവരുടെ ഹൃദയത്തില്‍ നുളക്കുന്ന അസൂയപ്പുഴുക്കള്‍.
എന്‍റെ ജയം എന്‍റെയും അവരുടെയും തോല്‍വിയാണ്.
തന്ത്രപൂര്‍വ്വം എന്‍റെ തോല്‍വി ഞാന്‍ ഒളിപ്പിക്കുന്നു.

ഞാന്‍ ഓട്ടത്തിലെ ഒന്നാമന്‍....
പരാജിതര്‍ ഒരുമിക്കുമ്പോള്‍ ഒറ്റപ്പെടുന്ന വിജയി....
ഒറ്റപ്പെടല്‍ ഒരു പരാജയമാകുമ്പോള്‍ ഞാന്‍ ജയിച്ചു തോല്‍ക്കുന്നു.
അതൊരു വളമാണ്,
അവരുടെ ഹൃദയത്തിലെ അസൂയ പുഴുക്കള്‍ക്കുള്ള വളം.

Friday, April 6, 2012

ദുഃഖവെള്ളി

നല്ലാടിന്‍ ചങ്കിലെ വിശുദ്ധ ചോരയാല്‍
വിധവയുടെ തലച്ചോര്‍ കഴുകി
പിലാതോസിന്‍ സന്തതികളെ തുരത്തിയോടിക്കാന്‍
വാഴ്ത്തപ്പെട്ടവരുടെ നാട്ടിലെ വൈദികശ്രേഷ്ഠര്‍ വരുമ്പോള്‍
ഇന്നാട്ടിലെ വലിയാടുകള്‍ ഓശാന പാടുന്നു.

സുമംഗലിക്കന്നത്തിനായ് കടലമ്മയോടു കടം പറഞ്ഞപ്പോള്‍
വെളുത്ത സായ്പ്പുന്നം പഠിച്ച കറുത്ത ദ്രാവിഡന്‍റെ
നെഞ്ചിന്‍കൂട് വിട്ടോഴിഞ്ഞോരാത്മാക്കിളി
സ്വര്‍ഗ്ഗവാതിലില്‍ മുട്ടി വിളിക്കുന്നു.

ദൈവകൊപത്തിന്‍ കണക്കു നിരത്തി ഉദ്ദിഷ്ട കാര്യം
പച്ചനോട്ടിന്‍ ഉപകരസ്മരണയില്‍ നേടുമ്പോള്‍
വെളുത്തവന് വെളുത്ത നീതിയും
കറുത്തവന് കറുത്ത നീതിയും
വിശ്വാസിക്ക് ദുഃഖവെള്ളിയും.