Saturday, April 28, 2012

രുക്മിണീ ഭാവം.

നീ നിന്‍റെ നയന നഖങ്ങളാല്‍ എന്‍റെ ഹൃദയഭിത്തിയില്‍ 
കോറിയപ്പോഴാണ് എന്നില്‍ കവിത ഉറവ പൊട്ടിയത്. 
ജന്മജന്മങ്ങളായ് വരണ്ടുണങ്ങിയ എന്‍റെ തൂലികയില്‍ 
അല്‍പ്പം ജീവനം പകരാനാണ് നിന്‍റെ കണ്ണിലെ 
കണ്മഷി ഞാന്‍ കടമായി ഇരന്നത്‌. 

ഹൃദയഭിത്തിയില്‍ രക്തവും കരിമഷിയും കലര്‍ന്നൊഴുകി 
രൂപപ്പെടുന്ന രക്തമഷി ചിത്രത്തിന് ഇപ്പോള്‍
എന്‍റെയും  നിന്‍റെയും മുഖമാണ്. 

ഈ ജന്മം, നിന്‍റെ കണ്ണുകള്‍ ഞാനെടുക്കുന്നു.
നീ അന്ധയാവുമെന്നോ.....? ഭയപ്പെടേണ്ട, 
അവന്‍ നിന്നോട് കൂടെയുണ്ടെന്ന് മൊഴിഞ്ഞത് നീ തന്നെയല്ലേ....

എപ്പോള്‍ തിരികെ തരുമെന്നോ....? തരാം,
വരും ജന്മത്തിലെന്‍ വാമഭാഗമൊട്ടി നിന്നാല്‍ 
ഇനിയേഴുജന്മം നില്‍ക്കാമെന്നു വാക്കു തന്നാല്‍ 
നിനക്കാ കണ്ണുകള്‍ തിരികെ തരാം. 
എന്‍റെ ഹൃദയ നിലവറയില്‍ കാത്തു  സൂക്ഷിച്ചോരാ 
കണ്ണുകള്‍ക്കപ്പോള്‍ രുക്മിണീഭാവമായിരിക്കും 

No comments:

Post a Comment