Friday, July 22, 2011

"ഭീതിയുടെ നിഴല്‍"

ഗൂഗിള്‍ ന്‍റെ മലയാളം വിഭാഗത്തില്‍ "ഭീതിയുടെ നിഴല്‍" എന്ന് ലതിക ടൈപ്പ് ചെയ്തു. സമാനമായതൊന്നും അവള്‍ക്കു കിട്ടിയില്ല. "ഭീതിയുടെ നിഴലില്" എന്ന വിഭാഗത്തില്‍ എന്തൊക്കെയോ കണ്ടു. ഇറാക്കിലെ ക്രൈസ്തവര്‍ , കിനാലൂര്‍ ,കണ്ണൂര്‍ ,ചേരി, ധനകാര്യം,സഹകരണ ജനാധിപത്യം, വിദ്യാ രംഗം ...............അങ്ങനെ പലതും. പക്ഷെ, ഭീതിയുടെ നിഴലിലായ ഒരു പെണ്ണിനെ കുറിച്ച് ഒന്നും തന്നെ പറയാന്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്‌ എന്ജിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവള്‍ക്കു സ്വയം സങ്കടവും ഗൂഗിള്‍ നോട് പുച്ഛവും തോന്നി.
പിന്നീടവള്‍ ആംഗലേയ വിഭാഗം തിരഞ്ഞെടുത്തു. അവിടെ "shadow of fear " എന്ന് ടൈപ്പ് ചെയ്തപ്പോള്‍ തുറക്കപ്പെട്ട വെബ്സൈറ്റ് ഇങ്ങനെ പറഞ്ഞു.

" an anthology series in which characters find themselves in weird and scary situations. Not evoked by the supernatural but by other people ".

അവള്‍ക്കു സമാധാനമായി. അല്ലെങ്കിലും ലോകത്തില്‍ ഔചിത്യമുള്ള ഭാഷ ഇംഗ്ലീഷ് തന്നെയാണ്.
കുട്ടിക്കാലത്ത് പറഞ്ഞു കേട്ട ഭൂത പ്രേത കഥകളൊക്കെ തന്നെ അവള്‍ക്കു തമാശയായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അവള്‍ ഭീതിയുടെ നിഴലില്‍ അകപ്പെടുന്നു. തന്‍റെ വ്യക്ത്യത്തം തികച്ചും പരിഭ്രമകരമായ അവസ്ഥയിലേക്ക് വഴുതി വീഴാനുള്ള കാരണമാണ് അവള്‍ക്കു വേണ്ടിയിരുന്നത്. മറ്റുള്ളവര്‍...ചുറ്റിനുമുള്ള ചില വ്യക്തികളുടെ അസ്വാഭാവിക പ്രവര്‍ത്തികള്‍....അതെ..... അതിന്‍റെ നിഴലാണ് തന്നില്‍ പരക്കുന്നത്. അതിന്‍റെ ഇരയാണ് താന്‍....അതാണ് തന്‍റെ ഉറക്കം കളയുന്നത്.
"Not evoked by the supernatural but by other people ".

ബാല്യം :

ചെറിയ കുടിലില്‍ ചിമ്മിനി വെട്ടത്തില്‍ പഠിക്കുമ്പോള്‍ ദൂരെ നിന്നൊരു പാട്ട് കേള്‍ക്കാം.

" എനിക്കുമുണ്ടൊരു രണ്ടു സെന്‍റ്
നിനക്കുമുണ്ടൊരു രണ്ടു സെന്‍റ്
പിന്നന്താണ്ടി ചീരൂ ,നമ്മള് തമ്മില് മിണ്ട്യാല്.
എനിക്കുമുണ്ടൊരു ചുന്ദരി മോള്
നിനക്കുമുണ്ടൊരു ചുന്ദരി മോള്
പിന്നന്താണ്ടി ചീരൂ ,നമ്മള് തമ്മില് മിണ്ട്യാല്"

അതൊരു സൂചനയാണ്. ചിമ്മിനി താഴ്ത്തി പുസ്തകമടച്ചു അവള്‍ കിടക്കും. പാതി തുറന്ന കണ്ണിലൂടെ കാണാം ഈര്‍ക്കിലില്‍ സാരി ചുറ്റിയ ഒരു രൂപം പുറത്തേക്കു പോകുന്നത്. അമ്മയാണ്.
വരാന്തയിലെ റാന്തല്‍ വെളിച്ചം ഉയരുമ്പോള്‍ ഭീതിയുടെ നിഴല്‍ ആ കുടിലിലേക്ക് ആടിയാടി വരും. ചിലപ്പോള്‍ വെട്ടിയിട്ട വാഴ പോലെ തറയില്‍ അലിഞ്ഞു ചേരും. അല്ലെങ്കില്‍ ഉരുളകള്‍ വായിലേക്ക് തള്ളുന്നത് ഭിത്തിയില്‍ കാണാം. അതുമല്ലെങ്കില്‍ താണ്ഡവമാണ്‌. ഭരണിക്കാവിനെ വെല്ലുന്ന തെറിപ്പൂരത്തില്‍ അമ്മക്ക് മര്‍ദ്ദനമേല്ക്കുമ്പോള്‍ ലതിക പായില്‍ നിന്ന് ചാടിയെണീറ്റ് തടയാന്‍ ചെല്ലും. അവള്‍ക്കും കണക്കിന് കിട്ടും. രാത്രിയുടെ ഏതോ യാമത്തില്‍ എല്ലാ നിഴലുകളും തളര്‍ന്നുറങ്ങും.

കൗമാരം:

ആടിയാടി വരുന്ന ഭീതിയുടെ നിഴലിന്‍റെ ശല്യം കൂടിയപ്പോഴാണ് തെക്കേതിലെ കമല അമ്മായി അവള്‍ക്കു രാത്രി അഭയം കൊടുത്തു തുടങ്ങിയത്. എല്ലാവരും ഉണ്ടായിട്ടും തനിച്ചായ ഒരു സ്ത്രീ. അവരുടെ ഭര്‍ത്താവു റയില്‍വെയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രം വരുന്ന ഒരാള്‍. ഒറ്റ മകന്‍ കുടുംബ സമേതം ഗള്‍ഫില്‍.
സന്ധ്യക്ക് അത്താഴവും കഴിഞ്ഞ് പഠിക്കാനുള്ള പുസ്തകങ്ങളും എടുത്ത് ലതിക അവരുടെ അടുക്കലെത്തും. ആ വീടിന്‍റെ വരാന്തയിലെ ട്യൂബ് ലൈറ്റ് അവളെ നന്നായി പഠിക്കാന്‍ സഹായിച്ചു പോന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ നിന്നമ്മയുടെ കരച്ചില്‍ ഉയരുമ്പോള്‍ അവളുടെ നെഞ്ചു വിങ്ങി. അകത്ത് സീരിയല്‍ നായികക്കൊപ്പം കമല കരഞ്ഞപ്പോള്‍ പുറത്ത് പെറ്റമ്മക്കൊപ്പം ലതികയും കരഞ്ഞു.
കൃത്യം ഒന്പതാകുമ്പോള്‍ അവര്‍ ഉറങ്ങാന്‍ പോകും. കമല കട്ടിലിലും അവള്‍ താഴെയും. അവര്‍ ഭാഗ്യം ചെയ്ത ഒരു സ്ത്രീയാണെന്ന് ലതികക്ക്‌ തോന്നാറുണ്ട്. കിടന്ന ഉടനെ ഉറങ്ങും. ലതികയാവട്ടെ, ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു വേഴാമ്പല്‍ ആയിരുന്നു. ഉറക്കം കാത്തിരിക്കുന്ന ഒരു വേഴാമ്പല്‍.
കമലയുടെ ഭര്‍ത്താവ് സുഗുണന്‍ വന്ന ഒരു വെള്ളിയാഴ്ച രാത്രിയില്‍ അവളുടെ വീട്ടില്‍ ലഹള അധികമായിരുന്നു. കമലയുടെ കൂര്‍ക്കം വലി, വീട്ടിലെ ലഹള. കണ്ണും മിഴിച്ച്, നെഞ്ചും വിങ്ങി, തറയിലേക്ക്‌ നോക്കി ചരിഞ്ഞു കിടക്കുകയായിരുന്നു ലതിക. ഭീതിയുടെ നിഴല്‍ പ്രത്യക്ഷപ്പെട്ടത് അപ്പ്രതീക്ഷിതമായിട്ടായിരുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ തെളിഞ്ഞ ആ നിഴലിനു ഒരു കൈപ്പത്തിയുടെ രൂപമായിരുന്നു. ഒരു സര്‍പ്പത്തെപ്പോലെ അത് തന്നിലേക്ക് വരുന്നതറിഞ്ഞ് അവളുടെ തൊണ്ടയില്‍ ഒരു നിലവിളി ഓടിയെത്തി. സര്‍പ്പം അവളുടെ അടി വയറ്റില്‍ കൊത്തിയതും, അവളുടെ ശരീരം ഒന്നുലഞ്ഞതും , നിലവിളി തൊണ്ടയില്‍ തന്നെ അമങ്ങിയതും... എല്ലാം ഒരുമിച്ചായിരുന്നു. പിന്നെ , പല വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഭീതിയുടെ നിഴല്‍ തന്‍റെ കേളികള്‍ തുടര്‍ന്നു. നിസ്സഹായതയുടെ പ്രതീകമായി അവള്‍, മൗനം സമ്മതമായി അയാള്‍.

ഒരു രാത്രിയില്‍ കൈയ്യില്‍ നനവ്‌ പടര്‍ന്നത് സുഗുണന്‍ അറിഞ്ഞു. നിലാവില്‍ അയാളുടെ കൈകളില്‍ ചോര തിളങ്ങി. അല്പം ഭയത്തോടെയും അതിലേറെ അമ്പരപ്പോടെയും സുഗുണന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് അവള്‍ക്കരികില്‍ കുന്തിച്ചിരുന്നു. ഒഴുകിയെത്തിയ ഒരു കണ്ണുനീര്‍ തുള്ളി തന്‍റെ പാദങ്ങളെ സ്പര്‍ശിച്ചതും അയാള്‍ അറിഞ്ഞു. അയാള്‍ അവളെ സൂക്ഷിച്ചു നോക്കി. ലോകത്തിലെ ഏറ്റവും ദൈന്യമായ മുഖം...ഒരു നെടുവീര്‍പ്പോടെ സുഗുണന്‍ കട്ടിലിലേക്ക് കയറി. ആ ആ കുഞ്ഞി കല്യാണ രാവില്‍ അവള്‍ സുഖമായി ഉറങ്ങി. പിന്നീടുള്ള രാത്രികളില്‍ ഒന്നും തന്നെ കൈപ്പത്തിയുടെ രൂപത്തില്‍ ഭീതിയുടെ നിഴല്‍ അവളെ ആക്രമിച്ചില്ല.

യൗവ്വനം: to be continued.

Thursday, July 7, 2011

സൈക്കിള്‍ റിക്ഷ


കേരളത്തില്‍ കാണാത്തതും എന്നാല്‍ ഉത്തരേന്ത്യയില്‍ ഉടനീളം സര്‍വ സാധാരണയായി കാണപ്പെടുന്ന ഒരു വിഭാഗമാണ് സൈക്കിള്‍ റിക്ഷക്കാര്‍. പണ്ട് കാലത്ത് കേരളത്തില്‍ എങ്ങനെ ഒരു വിഭാഗം ജീവിച്ചിരുന്നു എന്നതിന് എന്‍റെ കയ്യില്‍ ഉള്ള ഒരേ ഒരു തെളിവ് ഞങ്ങളുടെ നാട്ടുകാരനായ റിക്ഷ ഗോപി എന്ന ചേട്ടനാണ്. ഓര്‍മ വച്ച നാള്‍ മുതല്‍ അദ്ദേഹത്തെ നാട്ടുകാര്‍ റിക്ഷ ഗോപി എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് എന്നാല്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ഓട്ടോറിക്ഷയൊട്ടു കണ്ടിട്ടുമില്ല. പിന്നെടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു ഗോപി ചേട്ടന്‍ ഒരു സൈക്കിള്‍ റിക്ഷക്കാരനയിരുന്നെന്നു. അദ്ദേഹത്തിന്‍റെ വീട് ഒരു ഓല മേഞ്ഞ കുടില്‍ ആയിരുന്നു. സൈക്കിള്‍ റിക്ഷയുടെ യുഗം കേരളത്തില്‍ അന്ത്യ കൂദാശ കൊണ്ടപ്പോള്‍ ഉപജീവനത്തിന് അദ്ദേഹം എന്ത് മാര്‍ഗം തേടിയെന്ന് എനിക്കറിയില്ല. അദ്ദേഹവും കുടുംബവും ഇപ്പോള്‍ എവിടെയാണെന്നും അറിയില്ല . ആ കുടില്‍ ഇരുന്നിരുന്ന സ്ഥാനത്ത് ഇന്ന് ഞങ്ങളുടെ നാട്ടിലെ സുബ്രമുണ്യ സേവ സമാജം വക സുബ്രമുണ്യന്‍ കോവില്‍ നില കൊള്ളുന്നു. ജനങ്ങള്‍ ഭക്തി പുരസ്സരം ആറാടി എത്തുന്നു , അനുഗ്രഹം വാങ്ങുന്നു.
കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍റെ ബോധ മണ്ഡലത്തിലേക്ക് വരാന്‍ കാരണം രാഹുല്‍ എന്ന കൊച്ചു പയ്യനാണ്. താജ് മഹലിന്റെ നാടായ ആഗ്രയിലെ ഒരു സൈക്കിള്‍ റിക്ഷക്കാരന്റെ മകനാണ് രാഹുല്‍. അല്പം മുന്‍പ് ഞാനവന്റെ അച്ഛന്‍റെ സൈക്കിള്‍ റിക്ഷയില്‍ കയറി. എന്‍റെ തൊട്ടടുത്തായി അവനും സ്ഥാനം ഉറപ്പിച്ചു. അവനും എന്നെപ്പോലെ ഒരു യാത്രികന്‍ ആവും എന്ന കരുതലില്‍ കുട്ടിത്തം നിറഞ്ഞ മറുപടി കേള്‍ക്കാനുള്ള കൌതുകത്തോടെ ഞാനവനോട് എങ്ങോട്ടാണ് യാത്ര എന്ന് തിരക്കി. എങ്ങോട്ടുമില്ലെന്നു അവന്‍ , പിന്നെന്തിനു റിക്ഷയില്‍ കയറിയെന്നു ഞാന്‍. റിക്ഷ അവന്‍റെ അച്ചന്‍റെയാണ് ഇപ്പോള്‍ വേണമെങ്കിലും കയറാം എന്നവന്‍.....
അവന്‍റെ അമ്മ മരിച്ചു പോയിരുന്നു. വീട്ടില്‍ അവനും അച്ഛനും മാത്രം. സ്ക്കൂള്‍ വിട്ടു വന്നാല്‍ അവന്‍ നേരെ റിക്ഷ സ്റ്റാന്‍ഡില്‍ എത്തും. അച്ചന്‍റെ സവാരികള്‍ക്കൊപ്പം ഒരു സവാരിയായി അവനും കൂടും. പൊട്ടിപ്പൊളിഞ്ഞ ഊടുവഴികളിലൂടെയും തിരക്കേറിയ ഹൈവേകളിലൂടെയും ആ മനുഷ്യന്‍ മനുഷ്യഭാരം വലിക്കുമ്പോള്‍ അവന്‍ അതിനു സാക്ഷിയായി മാറുന്നു. പത്തു മിനിറ്റ് നേരത്തെ ആ യാത്ര മതിയായിരുന്നു ആ അച്ഛന്‍റെയും മകന്‍റെയും സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍. ഇറങ്ങാന്‍ നേരം കൂലിയായ പത്തു രൂപയ്ക്കു പകരം ഇരുപതു രൂപ കൊടുത്തു. അധിക പണത്തിനു മകന് ഒരു മഞ്ച് വാങ്ങി കൊടുക്കാന്‍ പറഞ്ഞു ഞാന്‍ നടന്നപ്പോള്‍ ആ സാധു മനുഷ്യന്‍റെ വിയര്‍ത്തൊലിച്ച മുഖത്ത് അമ്പരപ്പും അദ്ഭുതവുമായിരുന്നു. ഒരു രൂപയ്ക്കു പോലും തല്ലിടുന്ന സ്ഥിരം സവാരികള്‍ക്കിടയില്‍ ഞാന്‍ അയാള്‍ക്കൊരു അന്യഗ്രിഹ ജീവിയായിരുന്നു. പതുക്കെ പതുക്കെ അതൊരു സന്തോഷമായി മാറി.
. അയാളുടെ ആ സന്തോഷം കണ്ടപ്പോള്‍ എനിക്കും ഒരു സംതൃപ്തി. അങ്ങനെ നമ്മള്‍ വലിയ വിലയൊന്നും കല്‍പ്പിക്കാത്ത പത്തു രൂപക്കും ഒരു അമൂല്യതയുണ്ടെന്നു രണ്ടു അപരിചിതര്‍ തിരിച്ചറിഞ്ഞ നിമിഷം. ആ സൈക്കിള്‍ റിക്ഷ എന്നെയും കടന്നു മുന്നോട്ടു പോയപ്പോള്‍ പുറകിലിരുന്നു അവന്‍ കൈ വീശി. തിരിച്ചു ഞാനും.
സൈക്കിള്‍ റിക്ഷക്കാരോട് എനിക്ക് ദേഷ്യം തോന്നിയിട്ടുള്ളത് കാറോടിക്കുമ്പോള്‍ ആണ്. റോഡ്‌ മുഴുവന്‍ കയ്യടക്കി ഹോണടിക്കു പുല്ലു വില കല്‍പ്പിക്കാതെ അവര്‍ പോകുമ്പോള്‍ നാവില്‍ സരസ്വതി വിളയാടാരുണ്ട്. അതവരുടെ തെറ്റ് ആയിരുന്നില്ല എന്നാണ് ഇന്നെനിക്കു തോന്നുന്നത്. ചെവിക്കു മുകളില്‍ ജീവിത പ്രാരാബ്ധം എന്ന വണ്ട്‌ മൂളുമ്പോള്‍ ചുറ്റിലുമുള്ള കാഹളങ്ങള്‍ അവരെ ബാധിക്കുന്നേയില്ല . പകലന്തി റിക്ഷ ചവിട്ടി ചോര നീരാക്കി കയ്യില്‍ ചുരുട്ടി കിട്ടുന്ന പത്തു രൂപ നോട്ടുകള്‍ കൊണ്ട് നാഴി ഗോതമ്പ് പൊടി വാങ്ങാനുള്ള തത്രപ്പാടില്‍ ആണവര്‍. ഭാരം വലിയുടെ നൈരന്തര്യം മൂലമാവണം തടിച്ച ഒരു റിക്ഷക്കാരനെയും ആഗ്രയില്‍ ഞാന്‍ കണ്ടിട്ടില്ല. എല്ലാവരും പഴയ ഇന്ദ്രന്സിനെപ്പോലെ മെലിഞ്ഞവര്‍.
എന്തായാലും ആറാം തമ്പുരാനില്‍ ലാലേട്ടന്‍ ചെയ്ത പോലെ " ഇനി അണ്ണന്‍ ഉക്കാര്, ഇത് ഞാന്‍ ചവിട്ടാം" എന്ന് പറഞ്ഞു ഒരു റിക്ഷക്കാരനെയും പുറകിലിരുത്തി അയാളുടെ റിക്ഷയില്‍ താജ് മഹല്‍ കാണാന്‍ പോകണം. ചുമ്മാ...ഒരാഗ്രഹം.

Saturday, July 2, 2011

ശ്രീ പത്മനാഭനും നിധിയും

നിലവറ തുറക്കുന്നു എന്ന് കേട്ടപ്പോള്‍ സ്വാഭാവികമായി ഒന്നും തോന്നിയില്ല. പക്ഷെ ഇപ്പോള്‍ അഭിമാനം തോന്നുന്നു. ഇത്ര കാലം ഇത് സംരക്ഷിച്ച രാജാക്കന്മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ജനാധിപത്യത്തിലെ അഭിനവ രാജാക്കന്മാര്‍ ഇതില്‍ നിന്നും എന്തെങ്കിലും ഉള്‍ക്കൊള്ളുകയാണെങ്കില്‍ സ്വിസ് ബാങ്കിലെ നിധി ശേഖരം കൂടില്ലായിരിക്കാം. ഇതില്‍ നിന്നും എന്തെങ്കിലും മോഷണം പോയിട്ടുണ്ടോ എന്നതിന്റെ കണക്കുകള്‍ ലഭ്യമല്ല എന്ന് തോന്നുന്നു. അങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടെങ്കില്‍ മൂല്യം ഇതിലും കൂടിയേനെ. ഇത് സര്‍ക്കാരിലേക്ക് കണ്ടു കെട്ടി റേഷന്‍ കട വഴി പസ്സോന്നിനു ഇത്ര പവന്‍ എന്ന കണക്കില്‍ വിതരണം ചെയ്യണം എന്നോ മറ്റോ ഇവുടത്തെ രാഷ്ട്രിയ പാര്‍ടികള്‍ പറയുമോ എന്നാണെന്റെ പേടി. അതല്ലെങ്കില്‍ കേരളത്തില്‍ ഉടനീളം ശ്രീ പത്മനാഭ ജ്വല്ലറി എന്ന പേരില്‍ ബിവറേജസ് മാതൃകയില്‍ ജ്വല്ലറി സ്രിന്ഘല തുടങ്ങുന്നതിന്റെ സാധ്യതകളെപ്പറ്റിയും വികസന പ്രേമികളായ സര്‍ക്കാര്‍ ആലോചിച്ചു കൂടായ്ക ഇല്ല. അങ്ങനെ ആവുമ്പോള്‍ ഭക്തജനങ്ങള്‍ തള്ളിക്കയറുകയും (ബിവരെജസിലെ പോലെ ) വില്പന കൂടുകയും ഇന്നാട്ടിലെ മറ്റു ജ്വല്ലരിക്കാര്‍ക്ക് ഒരു കൊട്ട് കൊടുക്കുകയും ആവാം. അങ്ങനെ അനന്ത സാധ്യതകളാണ് അനന്തപത്മനാഭന്‍ തുറന്നിട്ടിരിക്കുന്നത്‌. കൊച്ചി രാജാവിന്റെ നിലവറ എവിടെ ആണോ ആവോ?