Friday, July 22, 2011

"ഭീതിയുടെ നിഴല്‍"

ഗൂഗിള്‍ ന്‍റെ മലയാളം വിഭാഗത്തില്‍ "ഭീതിയുടെ നിഴല്‍" എന്ന് ലതിക ടൈപ്പ് ചെയ്തു. സമാനമായതൊന്നും അവള്‍ക്കു കിട്ടിയില്ല. "ഭീതിയുടെ നിഴലില്" എന്ന വിഭാഗത്തില്‍ എന്തൊക്കെയോ കണ്ടു. ഇറാക്കിലെ ക്രൈസ്തവര്‍ , കിനാലൂര്‍ ,കണ്ണൂര്‍ ,ചേരി, ധനകാര്യം,സഹകരണ ജനാധിപത്യം, വിദ്യാ രംഗം ...............അങ്ങനെ പലതും. പക്ഷെ, ഭീതിയുടെ നിഴലിലായ ഒരു പെണ്ണിനെ കുറിച്ച് ഒന്നും തന്നെ പറയാന്‍ ലോകത്തിലെ ഏറ്റവും വലിയ സെര്‍ച്ച്‌ എന്ജിന് കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവള്‍ക്കു സ്വയം സങ്കടവും ഗൂഗിള്‍ നോട് പുച്ഛവും തോന്നി.
പിന്നീടവള്‍ ആംഗലേയ വിഭാഗം തിരഞ്ഞെടുത്തു. അവിടെ "shadow of fear " എന്ന് ടൈപ്പ് ചെയ്തപ്പോള്‍ തുറക്കപ്പെട്ട വെബ്സൈറ്റ് ഇങ്ങനെ പറഞ്ഞു.

" an anthology series in which characters find themselves in weird and scary situations. Not evoked by the supernatural but by other people ".

അവള്‍ക്കു സമാധാനമായി. അല്ലെങ്കിലും ലോകത്തില്‍ ഔചിത്യമുള്ള ഭാഷ ഇംഗ്ലീഷ് തന്നെയാണ്.
കുട്ടിക്കാലത്ത് പറഞ്ഞു കേട്ട ഭൂത പ്രേത കഥകളൊക്കെ തന്നെ അവള്‍ക്കു തമാശയായി മാറിക്കഴിഞ്ഞിരുന്നു. എന്നിട്ടും അവള്‍ ഭീതിയുടെ നിഴലില്‍ അകപ്പെടുന്നു. തന്‍റെ വ്യക്ത്യത്തം തികച്ചും പരിഭ്രമകരമായ അവസ്ഥയിലേക്ക് വഴുതി വീഴാനുള്ള കാരണമാണ് അവള്‍ക്കു വേണ്ടിയിരുന്നത്. മറ്റുള്ളവര്‍...ചുറ്റിനുമുള്ള ചില വ്യക്തികളുടെ അസ്വാഭാവിക പ്രവര്‍ത്തികള്‍....അതെ..... അതിന്‍റെ നിഴലാണ് തന്നില്‍ പരക്കുന്നത്. അതിന്‍റെ ഇരയാണ് താന്‍....അതാണ് തന്‍റെ ഉറക്കം കളയുന്നത്.
"Not evoked by the supernatural but by other people ".

ബാല്യം :

ചെറിയ കുടിലില്‍ ചിമ്മിനി വെട്ടത്തില്‍ പഠിക്കുമ്പോള്‍ ദൂരെ നിന്നൊരു പാട്ട് കേള്‍ക്കാം.

" എനിക്കുമുണ്ടൊരു രണ്ടു സെന്‍റ്
നിനക്കുമുണ്ടൊരു രണ്ടു സെന്‍റ്
പിന്നന്താണ്ടി ചീരൂ ,നമ്മള് തമ്മില് മിണ്ട്യാല്.
എനിക്കുമുണ്ടൊരു ചുന്ദരി മോള്
നിനക്കുമുണ്ടൊരു ചുന്ദരി മോള്
പിന്നന്താണ്ടി ചീരൂ ,നമ്മള് തമ്മില് മിണ്ട്യാല്"

അതൊരു സൂചനയാണ്. ചിമ്മിനി താഴ്ത്തി പുസ്തകമടച്ചു അവള്‍ കിടക്കും. പാതി തുറന്ന കണ്ണിലൂടെ കാണാം ഈര്‍ക്കിലില്‍ സാരി ചുറ്റിയ ഒരു രൂപം പുറത്തേക്കു പോകുന്നത്. അമ്മയാണ്.
വരാന്തയിലെ റാന്തല്‍ വെളിച്ചം ഉയരുമ്പോള്‍ ഭീതിയുടെ നിഴല്‍ ആ കുടിലിലേക്ക് ആടിയാടി വരും. ചിലപ്പോള്‍ വെട്ടിയിട്ട വാഴ പോലെ തറയില്‍ അലിഞ്ഞു ചേരും. അല്ലെങ്കില്‍ ഉരുളകള്‍ വായിലേക്ക് തള്ളുന്നത് ഭിത്തിയില്‍ കാണാം. അതുമല്ലെങ്കില്‍ താണ്ഡവമാണ്‌. ഭരണിക്കാവിനെ വെല്ലുന്ന തെറിപ്പൂരത്തില്‍ അമ്മക്ക് മര്‍ദ്ദനമേല്ക്കുമ്പോള്‍ ലതിക പായില്‍ നിന്ന് ചാടിയെണീറ്റ് തടയാന്‍ ചെല്ലും. അവള്‍ക്കും കണക്കിന് കിട്ടും. രാത്രിയുടെ ഏതോ യാമത്തില്‍ എല്ലാ നിഴലുകളും തളര്‍ന്നുറങ്ങും.

കൗമാരം:

ആടിയാടി വരുന്ന ഭീതിയുടെ നിഴലിന്‍റെ ശല്യം കൂടിയപ്പോഴാണ് തെക്കേതിലെ കമല അമ്മായി അവള്‍ക്കു രാത്രി അഭയം കൊടുത്തു തുടങ്ങിയത്. എല്ലാവരും ഉണ്ടായിട്ടും തനിച്ചായ ഒരു സ്ത്രീ. അവരുടെ ഭര്‍ത്താവു റയില്‍വെയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയിരുന്നു. വാരാന്ത്യങ്ങളില്‍ മാത്രം വരുന്ന ഒരാള്‍. ഒറ്റ മകന്‍ കുടുംബ സമേതം ഗള്‍ഫില്‍.
സന്ധ്യക്ക് അത്താഴവും കഴിഞ്ഞ് പഠിക്കാനുള്ള പുസ്തകങ്ങളും എടുത്ത് ലതിക അവരുടെ അടുക്കലെത്തും. ആ വീടിന്‍റെ വരാന്തയിലെ ട്യൂബ് ലൈറ്റ് അവളെ നന്നായി പഠിക്കാന്‍ സഹായിച്ചു പോന്നു. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ നിന്നമ്മയുടെ കരച്ചില്‍ ഉയരുമ്പോള്‍ അവളുടെ നെഞ്ചു വിങ്ങി. അകത്ത് സീരിയല്‍ നായികക്കൊപ്പം കമല കരഞ്ഞപ്പോള്‍ പുറത്ത് പെറ്റമ്മക്കൊപ്പം ലതികയും കരഞ്ഞു.
കൃത്യം ഒന്പതാകുമ്പോള്‍ അവര്‍ ഉറങ്ങാന്‍ പോകും. കമല കട്ടിലിലും അവള്‍ താഴെയും. അവര്‍ ഭാഗ്യം ചെയ്ത ഒരു സ്ത്രീയാണെന്ന് ലതികക്ക്‌ തോന്നാറുണ്ട്. കിടന്ന ഉടനെ ഉറങ്ങും. ലതികയാവട്ടെ, ഉറക്കത്തിന്‍റെ കാര്യത്തില്‍ ഒരു വേഴാമ്പല്‍ ആയിരുന്നു. ഉറക്കം കാത്തിരിക്കുന്ന ഒരു വേഴാമ്പല്‍.
കമലയുടെ ഭര്‍ത്താവ് സുഗുണന്‍ വന്ന ഒരു വെള്ളിയാഴ്ച രാത്രിയില്‍ അവളുടെ വീട്ടില്‍ ലഹള അധികമായിരുന്നു. കമലയുടെ കൂര്‍ക്കം വലി, വീട്ടിലെ ലഹള. കണ്ണും മിഴിച്ച്, നെഞ്ചും വിങ്ങി, തറയിലേക്ക്‌ നോക്കി ചരിഞ്ഞു കിടക്കുകയായിരുന്നു ലതിക. ഭീതിയുടെ നിഴല്‍ പ്രത്യക്ഷപ്പെട്ടത് അപ്പ്രതീക്ഷിതമായിട്ടായിരുന്നു. ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ തെളിഞ്ഞ ആ നിഴലിനു ഒരു കൈപ്പത്തിയുടെ രൂപമായിരുന്നു. ഒരു സര്‍പ്പത്തെപ്പോലെ അത് തന്നിലേക്ക് വരുന്നതറിഞ്ഞ് അവളുടെ തൊണ്ടയില്‍ ഒരു നിലവിളി ഓടിയെത്തി. സര്‍പ്പം അവളുടെ അടി വയറ്റില്‍ കൊത്തിയതും, അവളുടെ ശരീരം ഒന്നുലഞ്ഞതും , നിലവിളി തൊണ്ടയില്‍ തന്നെ അമങ്ങിയതും... എല്ലാം ഒരുമിച്ചായിരുന്നു. പിന്നെ , പല വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും ഭീതിയുടെ നിഴല്‍ തന്‍റെ കേളികള്‍ തുടര്‍ന്നു. നിസ്സഹായതയുടെ പ്രതീകമായി അവള്‍, മൗനം സമ്മതമായി അയാള്‍.

ഒരു രാത്രിയില്‍ കൈയ്യില്‍ നനവ്‌ പടര്‍ന്നത് സുഗുണന്‍ അറിഞ്ഞു. നിലാവില്‍ അയാളുടെ കൈകളില്‍ ചോര തിളങ്ങി. അല്പം ഭയത്തോടെയും അതിലേറെ അമ്പരപ്പോടെയും സുഗുണന്‍ കട്ടിലില്‍ നിന്നെഴുന്നേറ്റ് അവള്‍ക്കരികില്‍ കുന്തിച്ചിരുന്നു. ഒഴുകിയെത്തിയ ഒരു കണ്ണുനീര്‍ തുള്ളി തന്‍റെ പാദങ്ങളെ സ്പര്‍ശിച്ചതും അയാള്‍ അറിഞ്ഞു. അയാള്‍ അവളെ സൂക്ഷിച്ചു നോക്കി. ലോകത്തിലെ ഏറ്റവും ദൈന്യമായ മുഖം...ഒരു നെടുവീര്‍പ്പോടെ സുഗുണന്‍ കട്ടിലിലേക്ക് കയറി. ആ ആ കുഞ്ഞി കല്യാണ രാവില്‍ അവള്‍ സുഖമായി ഉറങ്ങി. പിന്നീടുള്ള രാത്രികളില്‍ ഒന്നും തന്നെ കൈപ്പത്തിയുടെ രൂപത്തില്‍ ഭീതിയുടെ നിഴല്‍ അവളെ ആക്രമിച്ചില്ല.

യൗവ്വനം: to be continued.

1 comment:

  1. ഒരു വിങ്ങലിന്റെ മൌനം മനസ്സിനെ പിടിച്ചുലക്കുന്നു.. നന്നായിട്ടുണ്ട്...

    ReplyDelete