Thursday, July 7, 2011

സൈക്കിള്‍ റിക്ഷ


കേരളത്തില്‍ കാണാത്തതും എന്നാല്‍ ഉത്തരേന്ത്യയില്‍ ഉടനീളം സര്‍വ സാധാരണയായി കാണപ്പെടുന്ന ഒരു വിഭാഗമാണ് സൈക്കിള്‍ റിക്ഷക്കാര്‍. പണ്ട് കാലത്ത് കേരളത്തില്‍ എങ്ങനെ ഒരു വിഭാഗം ജീവിച്ചിരുന്നു എന്നതിന് എന്‍റെ കയ്യില്‍ ഉള്ള ഒരേ ഒരു തെളിവ് ഞങ്ങളുടെ നാട്ടുകാരനായ റിക്ഷ ഗോപി എന്ന ചേട്ടനാണ്. ഓര്‍മ വച്ച നാള്‍ മുതല്‍ അദ്ദേഹത്തെ നാട്ടുകാര്‍ റിക്ഷ ഗോപി എന്ന് വിളിക്കുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട് എന്നാല്‍ അദ്ദേഹത്തിന്‍റെ കയ്യില്‍ ഓട്ടോറിക്ഷയൊട്ടു കണ്ടിട്ടുമില്ല. പിന്നെടെപ്പോഴോ ആരോ പറഞ്ഞറിഞ്ഞു ഗോപി ചേട്ടന്‍ ഒരു സൈക്കിള്‍ റിക്ഷക്കാരനയിരുന്നെന്നു. അദ്ദേഹത്തിന്‍റെ വീട് ഒരു ഓല മേഞ്ഞ കുടില്‍ ആയിരുന്നു. സൈക്കിള്‍ റിക്ഷയുടെ യുഗം കേരളത്തില്‍ അന്ത്യ കൂദാശ കൊണ്ടപ്പോള്‍ ഉപജീവനത്തിന് അദ്ദേഹം എന്ത് മാര്‍ഗം തേടിയെന്ന് എനിക്കറിയില്ല. അദ്ദേഹവും കുടുംബവും ഇപ്പോള്‍ എവിടെയാണെന്നും അറിയില്ല . ആ കുടില്‍ ഇരുന്നിരുന്ന സ്ഥാനത്ത് ഇന്ന് ഞങ്ങളുടെ നാട്ടിലെ സുബ്രമുണ്യ സേവ സമാജം വക സുബ്രമുണ്യന്‍ കോവില്‍ നില കൊള്ളുന്നു. ജനങ്ങള്‍ ഭക്തി പുരസ്സരം ആറാടി എത്തുന്നു , അനുഗ്രഹം വാങ്ങുന്നു.
കാലങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്‍റെ ബോധ മണ്ഡലത്തിലേക്ക് വരാന്‍ കാരണം രാഹുല്‍ എന്ന കൊച്ചു പയ്യനാണ്. താജ് മഹലിന്റെ നാടായ ആഗ്രയിലെ ഒരു സൈക്കിള്‍ റിക്ഷക്കാരന്റെ മകനാണ് രാഹുല്‍. അല്പം മുന്‍പ് ഞാനവന്റെ അച്ഛന്‍റെ സൈക്കിള്‍ റിക്ഷയില്‍ കയറി. എന്‍റെ തൊട്ടടുത്തായി അവനും സ്ഥാനം ഉറപ്പിച്ചു. അവനും എന്നെപ്പോലെ ഒരു യാത്രികന്‍ ആവും എന്ന കരുതലില്‍ കുട്ടിത്തം നിറഞ്ഞ മറുപടി കേള്‍ക്കാനുള്ള കൌതുകത്തോടെ ഞാനവനോട് എങ്ങോട്ടാണ് യാത്ര എന്ന് തിരക്കി. എങ്ങോട്ടുമില്ലെന്നു അവന്‍ , പിന്നെന്തിനു റിക്ഷയില്‍ കയറിയെന്നു ഞാന്‍. റിക്ഷ അവന്‍റെ അച്ചന്‍റെയാണ് ഇപ്പോള്‍ വേണമെങ്കിലും കയറാം എന്നവന്‍.....
അവന്‍റെ അമ്മ മരിച്ചു പോയിരുന്നു. വീട്ടില്‍ അവനും അച്ഛനും മാത്രം. സ്ക്കൂള്‍ വിട്ടു വന്നാല്‍ അവന്‍ നേരെ റിക്ഷ സ്റ്റാന്‍ഡില്‍ എത്തും. അച്ചന്‍റെ സവാരികള്‍ക്കൊപ്പം ഒരു സവാരിയായി അവനും കൂടും. പൊട്ടിപ്പൊളിഞ്ഞ ഊടുവഴികളിലൂടെയും തിരക്കേറിയ ഹൈവേകളിലൂടെയും ആ മനുഷ്യന്‍ മനുഷ്യഭാരം വലിക്കുമ്പോള്‍ അവന്‍ അതിനു സാക്ഷിയായി മാറുന്നു. പത്തു മിനിറ്റ് നേരത്തെ ആ യാത്ര മതിയായിരുന്നു ആ അച്ഛന്‍റെയും മകന്‍റെയും സ്നേഹത്തിന്‍റെ ആഴം മനസ്സിലാക്കാന്‍. ഇറങ്ങാന്‍ നേരം കൂലിയായ പത്തു രൂപയ്ക്കു പകരം ഇരുപതു രൂപ കൊടുത്തു. അധിക പണത്തിനു മകന് ഒരു മഞ്ച് വാങ്ങി കൊടുക്കാന്‍ പറഞ്ഞു ഞാന്‍ നടന്നപ്പോള്‍ ആ സാധു മനുഷ്യന്‍റെ വിയര്‍ത്തൊലിച്ച മുഖത്ത് അമ്പരപ്പും അദ്ഭുതവുമായിരുന്നു. ഒരു രൂപയ്ക്കു പോലും തല്ലിടുന്ന സ്ഥിരം സവാരികള്‍ക്കിടയില്‍ ഞാന്‍ അയാള്‍ക്കൊരു അന്യഗ്രിഹ ജീവിയായിരുന്നു. പതുക്കെ പതുക്കെ അതൊരു സന്തോഷമായി മാറി.
. അയാളുടെ ആ സന്തോഷം കണ്ടപ്പോള്‍ എനിക്കും ഒരു സംതൃപ്തി. അങ്ങനെ നമ്മള്‍ വലിയ വിലയൊന്നും കല്‍പ്പിക്കാത്ത പത്തു രൂപക്കും ഒരു അമൂല്യതയുണ്ടെന്നു രണ്ടു അപരിചിതര്‍ തിരിച്ചറിഞ്ഞ നിമിഷം. ആ സൈക്കിള്‍ റിക്ഷ എന്നെയും കടന്നു മുന്നോട്ടു പോയപ്പോള്‍ പുറകിലിരുന്നു അവന്‍ കൈ വീശി. തിരിച്ചു ഞാനും.
സൈക്കിള്‍ റിക്ഷക്കാരോട് എനിക്ക് ദേഷ്യം തോന്നിയിട്ടുള്ളത് കാറോടിക്കുമ്പോള്‍ ആണ്. റോഡ്‌ മുഴുവന്‍ കയ്യടക്കി ഹോണടിക്കു പുല്ലു വില കല്‍പ്പിക്കാതെ അവര്‍ പോകുമ്പോള്‍ നാവില്‍ സരസ്വതി വിളയാടാരുണ്ട്. അതവരുടെ തെറ്റ് ആയിരുന്നില്ല എന്നാണ് ഇന്നെനിക്കു തോന്നുന്നത്. ചെവിക്കു മുകളില്‍ ജീവിത പ്രാരാബ്ധം എന്ന വണ്ട്‌ മൂളുമ്പോള്‍ ചുറ്റിലുമുള്ള കാഹളങ്ങള്‍ അവരെ ബാധിക്കുന്നേയില്ല . പകലന്തി റിക്ഷ ചവിട്ടി ചോര നീരാക്കി കയ്യില്‍ ചുരുട്ടി കിട്ടുന്ന പത്തു രൂപ നോട്ടുകള്‍ കൊണ്ട് നാഴി ഗോതമ്പ് പൊടി വാങ്ങാനുള്ള തത്രപ്പാടില്‍ ആണവര്‍. ഭാരം വലിയുടെ നൈരന്തര്യം മൂലമാവണം തടിച്ച ഒരു റിക്ഷക്കാരനെയും ആഗ്രയില്‍ ഞാന്‍ കണ്ടിട്ടില്ല. എല്ലാവരും പഴയ ഇന്ദ്രന്സിനെപ്പോലെ മെലിഞ്ഞവര്‍.
എന്തായാലും ആറാം തമ്പുരാനില്‍ ലാലേട്ടന്‍ ചെയ്ത പോലെ " ഇനി അണ്ണന്‍ ഉക്കാര്, ഇത് ഞാന്‍ ചവിട്ടാം" എന്ന് പറഞ്ഞു ഒരു റിക്ഷക്കാരനെയും പുറകിലിരുത്തി അയാളുടെ റിക്ഷയില്‍ താജ് മഹല്‍ കാണാന്‍ പോകണം. ചുമ്മാ...ഒരാഗ്രഹം.

No comments:

Post a Comment