Sunday, March 11, 2012

LOST GIRL

"ഞാന്‍ വലതു കാല്‍ വച്ചായിരിക്കും കയറുക....എന്‍റെ കൂടെ തന്നെ നീയും വേണം....ചിലപ്പോ ഇനിയൊരിക്കലും നിന്‍റെ വീട്ടില്‍ ഞാന്‍ വന്നില്ലെങ്കിലോ..."

എന്‍റെ വീട്ടില്‍ ആദ്യമായി വന്നതായിരുന്നു അവളും, അവളുടെ അമ്മയും പിന്നെ അവളുടെ വകയില്‍ ഒരേട്ടനും.

സുസ്മേര വദനയായി എന്‍റെ അമ്മ ഉമ്മറത്തുണ്ടായിരുന്നു...ആ കൈകളില്‍ ഒരു നിലവിളക്കുണ്ടായിരുന്നെങ്കില്‍.....?

വലതു കാല്‍ വച്ച് കയറുമ്പോള്‍ അവളുടെ കാലുകള്‍ ഒന്ന് വിറച്ചിരുന്നോ...എന്‍റെ കാലുകള്‍ വിറച്ചു.

ആദ്യദര്‍ശനം ആണെങ്കിലും ചിര പരിചിതയായ ഒരു കൂട്ടുകാരിയോടെന്ന പോല്‍ അവളുടെ അമ്മയുടെ കരം ഗ്രഹിച്ചാണ് എന്‍റെ അമ്മ അവരെ അകത്തേയ്ക്ക് ആനയിച്ചത്. ഔപചാരികമായ സംഭാഷണങ്ങള്‍.....എല്ലാവര്‍ക്കും എല്ലാം അറിയാമായിരുന്നു....എന്നിട്ടും ഒന്നും അറിയാത്ത പോലെ അഭിനയം. എന്‍റെ അനന്തരവന്‍ അവളുമായി വേഗം ഇണങ്ങി. ചേട്ടനോടെന്തോ ചോദിച്ച് ഞാനും കടമ നിര്‍വഹിച്ചു....അനിയത്തി എന്നോട് "സൂപ്പര്‍" എന്ന് കൈ കാണിച്ച് അവളുടെ സമ്മതം അറിയിച്ചു. ആശ്വാസം...ഒരു പ്രധാന കടമ്പ കടന്നിരിക്കുന്നു. പക്ഷെ, മഹാമേരു അവളെ ശ്രദ്ധിക്കുന്നു പോലുമില്ലല്ലോ....?

അവര്‍ക്കായി അമ്മ പ്രത്യകം ദോശ ചുട്ടിരുന്നു. അമ്മയുടെ ദോശയെ അവളുടെ അമ്മ പ്രകീര്‍ത്തിക്കുന്നതും കേട്ടു. അമ്പലത്തിലെ പ്രസാദം ആയിരുന്നു അമ്മയ്ക്ക് അവളുടെ അമ്മ വക സമ്മാനം....അനന്തരവന് എന്തൊക്കെയോ മിട്ടായികളും....ഒടുവില്‍ അവര്‍ ഇറങ്ങി. ഇറങ്ങാന്‍ നേരം അവള്‍ എന്‍റെ അമ്മയുടെ കാല്‍ തൊട്ടു വന്ദിച്ചു...അമ്മ അത് പ്രതീക്ഷിച്ചില്ല....ഞാനും. അവളെ അനുഗ്രഹിച്ചെഴുന്നെല്‍പ്പിക്കുമ്പോള്‍ അമ്മയുടെ കണ്ണില്‍ പൊടിഞ്ഞ കണ്ണ് നീര്‍ ഞാന്‍ മാത്രം കണ്ടു....അല്ലെങ്കിലും കണ്ണീരൊളിപ്പിക്കാന്‍ അമ്മ മിടുക്കിയാണല്ലോ....ഓട്ടോയില്‍ കയറി ഇരിക്കുമ്പോള്‍ ഒരു വട്ടം അവള്‍ എന്‍റെ വീടും പരിസരവും നോക്കി കാണുന്നത് ഞാന്‍ കണ്ടു...

"ആന്‍റി...നാളെ പോവാം..." പിള്ള മനസ്സുമായി അനന്തരവന്‍.

അവള്‍ ചിരിച്ചതേയുള്ളൂ.....മറുപടി പറയാന്‍ അവള്‍ക്കറിയില്ലല്ലോ....എന്നെ അവള്‍ നോക്കിയതേയില്ല. അവള്‍ പോയി.

അടുക്കളയില്‍ ചെന്ന് ഞാന്‍ നിന്നു. അമ്മ പാത്രം കഴുകുകയാണ്.

"കൃഷ്ണന്‍റെ ഗോപികമാരെ പോലൊരു പെണ്‍കുട്ടി...." അമ്മയുടെ കണ്ണില്‍ അവള്‍ അതായിരുന്നു.

"നിന്‍റെ നിര്‍ബന്ധത്തിനു വേണമെങ്കില്‍ നടത്താം......പക്ഷെ, മലയാളം അറിയാത്ത , നിന്നെക്കാള്‍ പത്തു വയസ്സിനു ഇളപ്പമുള്ള, ഒരിഞ്ചു പൊക്കം കൂടുതലുള്ള പെണ്ണിനെ മനസ്സ് കൊണ്ട് ഒരിക്കലും എനിക്കന്ഗീകരിക്കാന്‍ കഴിയില്ല മോനെ...ഞാന്‍ നിന്‍റെ അമ്മയല്ലേ..."

അമ്മയുടെ തീരുമാനം ഞാന്‍ അറിയിച്ചപ്പോള്‍ ഫോണിന്റെ അങ്ങേ തലക്കല്‍ ഒരു നീണ്ട മൌനം....മൌനം വെടിഞ്ഞപ്പോള്‍ ഒരു ദീര്‍ഘനിശ്വാസം.

"എനിക്കെല്ലാരെയും ഇഷ്ടായി....അമ്മ, അനിയത്തി, അനന്തരവന്‍....നിന്‍റെ നാട് ,വീട് ...എല്ലാം....പക്ഷെ,.....മനസ്സ് കൊണ്ട് അന്ഗീകരിക്കാത്ത ഒരമ്മയുടെ മരുമകളായി എനിക്ക് ആ വീട്ടില്‍ വരാന്‍ കഴിയില്ല. ഞാന്‍ നിന്നെ നഷ്ടപ്പെടുത്തുന്നു...."

ആ ശബ്ദം എന്നന്നേക്കുമായി എനിക്ക് നഷ്ടമായി. ഇന്ന് മുംബൈ താജ് ഹോട്ടലില്‍ അവള്‍ ജോലി ചെയ്യുന്നുണ്ടെന്നറിയാം...കല്യാണ്‍ മുതല്‍ വിക്ടോറിയ ടെര്‍മിനിസ് വരെയും തിരിച്ചും അവള്‍ ദിവസവും യാത്ര ചെയ്യുന്നുണ്ടെന്നറിയാം. അവള്‍ എന്നെ കുറിച്ച് ഓര്‍ക്കാറുണ്ടോ എന്ന് മാത്രം എനിക്കറിയില്ല....

No comments:

Post a Comment