Wednesday, March 14, 2012

ഇളിഭ്യനായ ദൈവം

സ്വര്‍ഗ്ഗത്തില്‍ ഇരുന്ന് ചീട്ടു കളിക്കുകയായിരുന്നു ക്രിസ്തുവും കൃഷ്ണനും. ദൈവം അങ്ങോട്ട്‌ വന്നു.

"കൂടുന്നോ..." കൃഷ്ണനാണ്.
"മൂടില്ലടോ കൃഷ്ണ...."
"എന്ത് പറ്റി..." ക്രിസ്തുവാണ്‌.
"ആ നേഴ്സ്മാരെ കൊണ്ട് ഒരു സ്വസ്ഥതയുമില്ല....തൊണ്ട കീറി വിളിക്കുകയല്ലേ അവറ്റോള്..." ദൈവം ആവലാതി പറഞ്ഞു. പ്രശ്നം കേട്ടതും കൃഷ്ണനും ക്രിസ്തുവും മനപൂര്‍വ്വം ശ്രദ്ധ കളിയിലേക്ക് തിരിച്ചു.

"നിങ്ങള്‍ എന്നെ സഹായിക്കണം. ...കേരളത്തില്‍ പോയി ഈ പ്രശ്നം ഒന്ന് പരിഹരിക്കണം. ഒരു ദൈവത്തിന്റെ ധര്‍മ്മ സങ്കടം മനുഷ്യര്‍ക്ക്‌ മനസ്സിലാവില്ലല്ലോ...."

മനസ്സില്ലാ മനസ്സോടെ ഇരുവരും കേരളത്തിലേക്ക് തിരിച്ചു. പണ്ട് മുതലേ ദൈവങ്ങള്‍ സ്വപ്നത്തിലാണല്ലോ പ്രത്യക്ഷപ്പെടാറ്.

മാതാ സ്മിതാനന്ദമയി ഉറക്കത്തിലായിരുന്നു. സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട കൃഷ്ണനെ കണ്ടതും അവര്‍ ഒരു സിനിമയുടെ ഡി വി ഡി കൊടുത്തു. കൃഷ്ണന്‍ എന്തോ പറയാനഞ്ഞപ്പോഴേക്കും മാതാജി പറഞ്ഞു.
"ഈ സിനിമ കണ്ടാല്‍ എന്റെ അവസ്ഥ കൃഷ്ണന് മനസ്സിലാവും....എനിക്ക് വേറെ ഒന്നും പറയാനില്ല."

"എന്നാലും സ്മിതാനന്ദമയീ, ഈ ഗുണ്ടകളെ കൊണ്ട് സമരക്കാരുടെ കാല് തല്ലിയോടിക്കുക എന്നൊക്കെ പറഞ്ഞാല്‍....."

"കൃഷ്ണാ, ഞാന്‍ പറഞ്ഞൂലോ...ആ സിനിമ കാണൂ....എല്ലാം മനസ്സിലാവും. തല്ക്കാലം കൃഷ്ണന്‍ പൊയ്ക്കോളൂ....എനിക്ക് രാവിലെ ഭജനയുണ്ടേ....ഉറക്കം കളയാന്‍ പറ്റില്ല. പിന്നെ പോകുന്ന വഴിക്ക് ആ കാലനെ കണ്ടാല്‍ എന്റെ കാര്യം ഒന്ന് സൂചിപ്പിക്കണം. മടുത്തു തുടങ്ങി കൃഷ്ണാ....

അല്‍പ്പനേരം നിന്ന് ഡി വി ഡി യുമായി കൃഷ്ണന്‍ തിരിഞ്ഞു നടന്നു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത "ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്‌ " എന്ന സിനിമയായിരുന്നു അത്.

ചങ്കമാലി ബിഗ്‌ ഫ്ലവര്‍ ആശുപത്രിയുടെ മാനേജര്‍ അച്ഛന്റെ സ്വപ്നത്തിലാണ് ക്രിസ്തു വന്നത്.

"ആരിത്....കര്‍ത്താവോ, വരണം...വരണം.....കുറെ കാലമായല്ലോ കണ്ടിട്ട്...."

"ഞാനിപ്പോ അങ്ങനെ അധികം പുറത്തിറങ്ങാറില്ല.....ഇതിപ്പോ ദൈവം വന്ന് ഒരാവശ്യം പറഞ്ഞപ്പോ ദൈവപുത്രനായ ഞാന്‍ പറ്റില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ....."

"കര്‍ത്താവ്‌ കാര്യം പറയൂ....."

"അല്ല...ഈ നേഴ്സ്മാരുടെ കാര്യത്തില്‍ ഒരു തീരുമാനം....."

"കര്‍ത്താവിനു വേറെ വല്ലതും പറയാനുണ്ടോ....അടുത്താഴ്ച ഞങ്ങള്‍ ഒരു കരിസ്മാടിക് കണ്‍വെന്ഷന്‍ നടത്തുന്നുണ്ട്....ആ വിഷയം ചര്‍ച്ച ചെയ്താലോ...."

"അല്ല.... അച്ചന്മാരും കന്യാസ്ത്രീകളും ചേര്‍ന്ന് ജാഥ നടത്തിയെന്നോ, നാട്ടുകാര്‍ കൂവിയെന്നോ....ഇതൊക്കെ ശരിയായ ഏര്‍പ്പാടാണോ....?"

"കര്‍ത്താവ്‌ ആരുടെ കൂടെയാണെന്ന് എനിക്കിപ്പോ അറിയണം..കര്‍ത്താവിനു വേണ്ടിയല്ലേ ഞങ്ങള്‍ കഷ്ടപ്പെടുന്നത്. ഈ ജാഥയൊക്കെ ഇടതന്മാരുടെ കുത്തകയാണെന്ന് അവന്മാര്‍ക്കൊരു വിചാരമുണ്ട്.....അതല്ല എന്ന് തെളിയിക്കാനാണ് മുദ്രാവാക്ക്യം വിളിച്ചു ജാഥ നടത്തിയത്. ഇപ്പൊ തന്നെ ചില വിശ്വാസികള്‍ക്കിടയില്‍ കര്‍ത്താവ്‌ ഇടതനാണെന്ന് ഒരു തോന്നല്‍ അവന്മാര്‍ വരുത്തിയിട്ടുണ്ട്. ഒരു ക്രിസ്ത്യാനിയായ കര്‍ത്താവിനു ചേര്‍ന്ന വര്‍ത്തമാനമാണോ കര്‍ത്താവ്‌ ഈ പറയുന്നത്? "

"ഞാന്‍ യഹൂദനല്ലേ അച്ചോ....?"

"ആഹ....അത് കൊള്ളാം....എന്നെ ഫാദര്‍ ശശി ആക്കാന്‍ ഇറങ്ങി പുറപ്പെട്ടതാണോ, ഈ പാതിരായ്ക്ക്? ഞങ്ങള്‍ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് കര്‍ത്താവിന്റെ നന്മക്കാണ്‌............തല്ക്കാലം, കര്‍ത്താവ്‌ പൊയ്ക്കോ....ഇവിടത്തെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കിക്കൊള്ളാം....ഇവിടന്നു ഞങ്ങള്‍ അങ്ങോട്ട്‌ വരുമ്പോ സ്വര്‍ഗ്ഗരാജ്യത്ത് ഞങ്ങള്‍ക്കുള്ള സീറ്റ്‌ മറ്റു മതക്കാര്‍ അടിച്ചോണ്ട് പോവാതെ നോക്കിയാ മതി .....കേട്ടല്ലോ....?"

ദൈവം ഇരുവരെയും കാത്തിരിക്കുകയായിരുന്നു.

"എന്തായി...?"

"അതേയ്....കല്‍ക്കി , കുല്‍ക്കി എന്നൊക്കെ പറഞ്ഞു എന്നെ ഭൂമിയിലേക്ക്‌ വീണ്ടും പറഞ്ഞു വിടാം എന്നൊക്കെ വല്ല ചിന്തയും മനസ്സില്‍ ഉണ്ടെങ്കില്‍ അതിനു വേറെ ആളെ നോക്കണം...." ഇത്രയും പറഞ്ഞു കൃഷ്ണന്‍ പോയി.

"രണ്ടായിരാമാണ്ടില്‍ ലോകം അവസാനിക്കും എന്നും പറഞ്ഞു ഞാന്‍ പോന്നതാണ്.....അത് നീട്ടി വച്ചത് ദൈവം തന്നെയല്ലേ.....സ്വയം അനുഭവിച്ചോ..." ക്രിസ്തുവും പോയി.

ദൈവം ഇളിഭ്യനായി.


No comments:

Post a Comment