Tuesday, January 24, 2012

കാലഭൈരവന്‍....- - -4മുക്തി

"ഈ ലോകത്ത് നീ ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണ്...ഈ ലോകത്ത് ഞാനും ഏറ്റവും സ്നേഹിക്കുന്നത് നിന്നെയാണ് "

മേദിനിയുടെ ആ വാക്കുകള്‍ അങ്കിതിനെ അസ്വസ്ഥനാക്കി. അത് തടയാനെന്ന പോലെ, പക്ഷെ ആത്മാര്‍ഥമായി അവന്‍ പറഞ്ഞു.

"but ....I love you too."

"എനിക്കറിയാം..... നീ എന്നെ സ്നേഹിക്കുന്നുണ്ട് ഒരു പാട്....പക്ഷെ, നിനക്ക് ഏറ്റവും ഇഷ്ടം നിന്നെയാണ്, എന്നെ പറഞ്ഞുള്ളൂ....എനിക്കും ..... നമ്മുടെ ജീവിതത്തിലെ ഒരു വലിയ സത്യം"

"but..you know...I cant live without you...."

"അതും എനിക്കറിയാം അങ്കിത്...ഞാനില്ലെങ്കില്‍ നീ തകര്‍ന്നു പോകും.....പക്ഷെ അതിനെ നീ സ്നേഹം എന്ന് വിളിച്ചാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ട് . അതുകൊണ്ട് ആശ്രയം എന്ന് വിളിക്കുന്നതാണ് കൂടുതല്‍ ശരി.........നിനക്ക് ഞാനൊരു ആശ്രയമാണ്....ആശ്രയം മാത്രം..."

"മദ്യത്തിന്‍റെ ലഹരിയില്‍ നീ എന്തൊക്കെയോ പുലമ്പുകയാണ് മേദിനി....വരൂ, കിടന്നുറങ്ങാം..."

അവന്‍ എഴുന്നേറ്റു.

"ഒരു പെഗ് പോലും എന്‍റെ അകത്തു പോയിട്ടില്ല...നിന്‍റെയീ റോയല്‍ ചാല്ലന്ജ് മുഴുവനായി വിഴുങ്ങിയാലും ചിലപ്പോള്‍ ഈ രാത്രി നാവിടറാതെ നിന്നോട് സംസാരിക്കും മേദിനി.... കാലിടറാതെ നടക്കും മേദിനി...ഉടല്‍ തളരാതെ രമിക്കും മേദിനി...കാരണം, ഈ രാത്രി എനിക്ക് കിട്ടിയ ഔദാര്യമാണ്‌ ...ഗോവിന്ദ് നരേന്ദ്രന്‍ തന്ന ഔദാര്യം. അവന്‍ പുറപ്പെട്ടു പോയില്ലായിരുന്നെങ്കില്‍ നീ എന്നെ തേടി വരില്ലായിരുന്നു. എന്നും നിനക്ക് കൂട്ടാവുന്ന ക്ലബ്ബിലെ ആഭാസന്മാര്‍ക്ക് നിന്നെ ഈ രാത്രി ആശ്വസിപ്പിക്കാനാവില്ല. അതിനു മേദിനി വേണം...നിന്‍റെ ആശ്രയം."

അങ്കിത് ചിന്തിച്ചു....ശരിയാണ്....അല്ലെങ്കില്‍ ഈ സമയം താന്‍ ക്ലബ്ബില്‍ ...പണമെറിഞ്ഞ്, എറിഞ്ഞതിന്‍റെ ഇരട്ടി വാരി....മേനി പറഞ്ഞ്..... ബാര്‍ ഗേളിന്‍ ചന്തിയില്‍ തഴുകി...

"അക്കൌണ്ടില്‍ കോടികള്‍ കുമിഞ്ഞു കൂടുമ്പോള്‍................, കൂട്ട് കൂടി ആഹ്ലാദിക്കുമ്പോള്‍.................., .....ആഴ്ചാവസാനം ഒരു സിനിമക്കും ഡിന്നറിനുമപ്പുറം ഞാന്‍ നിനക്കാരുമല്ലേ അങ്കിത്....?"

അവനല്‍പ്പം ദേഷ്യം വന്നു.

"പിന്നെ, 24 മണിക്കൂറും എനിക്ക് വീട്ടില്‍ കുത്തിയിരിക്കാന്‍ പറ്റുമോ....? എന്‍റെ തിരക്കുകള്‍ നിനക്കറിയാവുന്നതല്ലേ...?

"ഉച്ചക്ക് ഊണ് കഴിച്ചോ എന്ന് ചോദിച്ച് ഒരു ഫോണ്‍ കാള്‍...
...ഇന്ന് നേരത്തെ വരാന്‍ നോക്കാം എന്ന ഒരു നുണ....എത്ര വൈകിയാലും വരുമ്പോള്‍ കയ്യില്‍ 5 രൂപയുടെ ഒരു ചോക്ലേറ്റ്...കേള്‍ക്കുമ്പോള്‍ നിനക്ക് ബാലിശം എന്ന് തോന്നാം....പക്ഷെ, ഒരു ശരാശരി ഇന്ത്യന്‍ ഭാര്യക്ക്‌ ഇതൊക്കെ ധാരാളമാണ്....അവളെ അവളുടെ ഭര്‍ത്താവ് ശ്രദ്ധിക്കുന്നുണ്ട് എന്ന ഒരു അറിവ്....അതിനു മുന്‍പില്‍ കോടികള്‍ക്ക് കടലാസ്സിന്‍റെ വില പോലുമില്ല...."

അവന്‍ കസേരയില്‍ ഇരുന്നു പോയി. അവള്‍ ഒരു സിപ്പെടുത്തു. അവന്‍ ഒരു പെഗ് കൂടി ഒഴിച്ചു. അല്‍പ നേരത്തെ നിശബ്ദത.....മേദിനി വിചാരണ തുടര്‍ന്നു.

"ജാരന്‍........................ഒരു ജാരനുള്ള സാധ്യത എന്‍റെ ജീവിതത്തില്‍ വളരെ വലുതായിരുന്നു. നീ എന്നില്‍ നിന്നും നിന്നെ അകറ്റി നിര്‍ത്തിയപ്പോള്‍ ഉണ്ടായ വിടവ്....അലസമായ പകലുകള്‍ സുര്യ രശ്മികളില്‍ നിന്നും ചെകുത്താനെ ജനിപ്പിച്ചു.

ഇന്‍ഷുറന്‍സ് ഏജന്റ്....സ്ഥിരമായി പോകാറുള്ള സൂപ്പര്‍ മാര്‍കെറ്റിലെ കാഷ്യര്‍ ....നമ്മുടെ കാറുകളുടെ പീരിയോഡിക് ചെക്ക്‌ അപ്പ്‌ നടത്തുന്ന ഷോറൂമിലെ സര്‍വീസ് എന്‍ജിനീയര്‍.........................താഴത്തെ നിലയില്‍ താമസിക്കുന്ന സര്‍ദാര്‍ജി....പിന്നെ ഫേസ്ബുക്കില്‍ "പെ" എന്ന് കേള്‍ക്കുമ്പോഴേക്കും പേ പിടിച്ചെത്തുന്ന വായ്നോക്കി കൊടിച്ചിപ്പട്ടികള്‍.............................ഒളിഞ്ഞും തെളിഞ്ഞും ജാരപ്പട്ടത്തിന് അപേക്ഷ വച്ചവരുടെ എണ്ണം നിരവധിയായിരുന്നു.

നിനക്കറിയോ അങ്കിത്...നിന്നെ സ്നേഹിച്ച് സ്നേഹിച്ച് ഒടുവില്‍ ആ സ്നേഹം ഒരു തരം പകയായി മാറുന്നു....അവഗണിക്കപ്പെടുന്ന, അല്ലെങ്കില്‍ തിരിച്ചു കിട്ടാത്ത സ്നേഹത്തിന്‍റെ പക....എന്‍റെ മനസ്സിലെ ചെകുത്താന് നേരെ കുരിശുയര്‍ത്തി , എന്നെ ഒരു പരിശുദ്ധയായി നില നിര്‍ത്തിയത് നീ അല്‍പ്പം മുന്പ് തള്ളിപ്പറഞ്ഞ ആ പുസ്തകങ്ങള്‍ ആയിരുന്നു.....
ഇടറാന്‍ തുടങ്ങിയ മനസ്സിന് ചുറ്റും അതിലെ കഥാപാത്രങ്ങള്‍ ആര്‍ത്തു വിളിച്ചു നൃത്തം ചവിട്ടി...നീ ടി വി യില്‍ കണ്ടിട്ടില്ലേ, വട്ടമിട്ടു കളിക്കുന്ന ആദിവാസി നൃത്തം...അത് പോലെ...
എനിക്ക് മുന്‍പില്‍ ഉദാഹരണമായി അവര്‍ നിവര്‍ത്തി വച്ചത് അവരുടെ ജീവിതം തന്നെയായിരുന്നു. ബാലിശമായ ചിന്തകള്‍ക്കടിമപ്പെട്ടു തകര്‍ന്നു പോയ അവരുടെ ജീവിതം....
നീ അറിയണം അങ്കിത്,....എല്ലാ കഥാപാത്രങ്ങളും ദുരന്തങ്ങളുടെ ബാക്കിപത്രമാണ്.
അവരുടെ വാക്ക് കേള്‍ക്കാതെ ഞാന്‍ പിഴച്ചിരുന്നുവെങ്കില്‍, മറ്റൊരു ദുരന്തത്തിന്‍റെ ബാക്കി പത്രമായി, നിന്‍റെ ഓര്‍മകളില്‍ മാത്രം ശേഷിക്കുന്നൊരു കഥാപാത്രമായി ഈ മേദിനിയും മാറിയേനെ..."

ഒരു വന്യമായ കിതപ്പോടെ പറഞ്ഞു നിര്‍ത്തി ഗ്ലാസിലെ ശേഷിച്ച മദ്യം മേദിനി ഒറ്റ വലിക്കു തീര്‍ത്തു. എന്നിട്ട് വീണ്ടും കിതച്ചു....ആഞ്ഞാഞ്ഞ് കിതച്ചു.
അവളുടെ ചെവിയുടെ പിന്‍ഭാഗത്ത്‌ നിന്ന് ചൂടുള്ള വിയര്‍പ്പു തുള്ളികള്‍ ഒലിച്ചിറങ്ങി, ഉയര്‍ന്നു താഴുന്ന മാറിടത്തിലെക്കൊഴുകി.

അങ്കിത് കാണുകയായിരുന്നു അവളെ...ജീവിതത്തില്‍ ആദ്യം കാണും പോലെ...
ഇത്രയ്ക്കു വേദന ഉള്ളിലോളിപ്പിച്ചിട്ടാണോ അവള്‍ സുസ്മേരവദനയായി എന്നും തന്നെ പ്രഭാതത്തില്‍ യാത്രയാക്കിയിരുന്നതും പാതിരാക്ക്‌ സ്വീകരിചിരുന്നതും....
അവന് സ്വയം പുച്ഛം തോന്നി....താനെന്താ ഇങ്ങനെ....?
ഭാര്യയുടെ സ്നേഹം തിരിച്ചറിയാഞ്ഞിട്ടല്ല....എന്നിട്ടും അന്യ സ്ത്രീകളോടാണ് ആകര്‍ഷണം കൂടുതല്‍/... ...ഭാര്യക്കര്‍ഹതപ്പെട്ട സമയം വിഭജിക്കപ്പെടുന്നത് അന്യര്‍ക്കിടയിലാണ്. എല്ലാ പുരുഷന്മാരും ഇങ്ങനെയാണോ...? അറിയില്ല....

ഒരു ഭര്‍ത്താവ് എന്ന നിലയില്‍ താനൊരു സമ്പൂര്‍ണ്ണ പരാജയമാണെന്ന വെളിപ്പെടുത്തല്‍ സൃഷ്‌ടിച്ച ആഘാതത്തില്‍ നിന്നും മുക്തി നേടാന്‍, ഭാര്യ എന്ന നിലയില്‍ മേദിനി സമ്പൂര്‍ണ്ണ വിജയമാണെന്നുള്ള സത്യം മാത്രം മതിയായിരുന്നു അങ്കിത് ദ്വിവേദി എന്ന സമ്പന്നന്.....
ഒരു പുരുഷന് മാത്രം നിരീക്ഷിച്ചെടുക്കാന്‍ കഴിയുന്ന സ്വാര്‍ത്ഥത...എന്നിട്ടും അറിയാതെ അവന്‍റെ തല താണു....മനസ്സിനെ തലച്ചോര്‍ മറി കടക്കുന്ന അപൂര്‍വ്വ നിമിഷം.

അവന്‍റെ ഭാവമാറ്റം കണ്ടാല്‍ ഉണരാതിരിക്കുന്നവള്‍ ആയിരുന്നില്ല മേദിനിയിലെ ഭാര്യ....കഴുത്തില്‍ കുരുകിയ മഞ്ഞ ചരടിന്‍റെ ശക്തി....അവള്‍ അവന്‍റെ ചുമലില്‍ കൈ വച്ചു. മരുഭൂമിയിലെ തണല്‍ മരം പോലെ......അവളുടെ കൈകളിലേക്ക് ചാഞ്ഞു കൊണ്ടവന്‍ ചോദിച്ചു.

"ഒരു സൂചന തരായിരുന്നില്ലേ നിനക്ക്...? ഞാന്‍ മാറിയേനല്ലോ ..."

അവന്‍റെ നെറ്റിയില്‍ ചുംബിച്ചു കൊണ്ടവള്‍ പറഞ്ഞു. മേദിനിക്ക്‌ മാത്രം പറയാന്‍ കഴിയുന്ന ഒന്ന്...

"സന്തോഷിച്ചിരിക്കുന്ന നിന്നെ സങ്കടപ്പെടുത്തുന്നതിനെക്കാള്‍ സ്വയം സങ്കടപ്പെടാനാണ് എനിക്കിഷ്ടം....
സങ്കടപ്പെട്ടിരിക്കുന്ന നിന്നെ സങ്കടപ്പെടുത്തിയാലും എനിക്ക് സങ്കടമാവില്ല...."

അവന്‍ തന്‍റെ മുഖം അവളുടെ വയറിനോട് ചേര്‍ത്തു. അതവനൊരു അഭയകേന്ദ്രമായിരുന്നു. അവള്‍ പറയും പോലെ...ആശ്രയകേന്ദ്രം.

"അങ്കിത്...അവന്‍ വരും. ഗോവിന്ദ് നരേന്ദ്രന്‍ തിരിച്ചു വരും...നിന്‍റെ പ്രൊജക്റ്റ്‌ സമയത്തിനു മുന്പ് അവന്‍ തീര്‍ക്കും. കാരണം....എന്നിലും നിന്നിലും അവനിലും നന്മ ഇപ്പോഴും ബാക്കിയുണ്ട്.."

അവന്‍റെ നാവ് അവളുടെ പൊക്കിള്‍ ചുഴിയുടെ അഗാധതകള്‍ തേടിയപ്പോള്‍ , അവളില്‍ ഒരു കാളസര്‍പ്പം വായ്‌ പിളര്‍ക്കുകയായിരുന്നു. ഏറെക്കാലത്തിനു ശേഷം ...........ഇരയെ വിഴുങ്ങാന്‍...............................കൊടിയ വിശപ്പടക്കാന്‍....


ചാറ്റുവേടത്ത് നരേന്ദ്രന്‍ അപ്പോള്‍ ഒരു സ്വപ്നം കാണുകയായിരുന്നു.

പതിനെട്ടാളുകള്‍, പതിനെട്ടു നാഴിക നടന്ന്, പതിനെട്ടേക്കര്‍ പറമ്പില്‍ നിന്ന്, കട വെട്ടിയെടുത്ത പതിനെട്ടടി ഉയരമുള്ള അടയ്ക്കാമരത്തില്‍ കൊടിയേറിയ, പതിനെട്ടാനകള്‍ നിരക്കുന്ന ഉത്സവം.

ചിതറി കിടക്കുന്ന ആനപിണ്ടങ്ങള്‍..................ചവച്ചു തുപ്പിയ കരിമ്പിന്‍ ചണ്ടികള്‍...............നിര നിരയായി പൊട്ടുന്ന കതിനാ വെടികള്‍............കള്ള ചിരിയാല്‍ പെണ്‍കരങ്ങളില്‍ കുപ്പിവളകള്‍ കുത്തിയിറക്കുന്ന വള കടക്കാര്‍...................മരണ കിണറിന്‍റെഇരമ്പല്‍......................അടിവയറ്റില്‍ ആന്തലുണര്‍ത്തി കുത്തനെയിറങ്ങുന്ന യന്ത്ര ഊഞ്ഞാല്‍.........................പരിചിത ഭാവം നടിക്കാതെ പതിവിലും ഗമയില്‍ തന്ത്രിക്കൊപ്പം ശീവേലി നടത്തുന്ന തിരുമേനി..........കാതില്‍ പെരുമഴയായ് പെരുവനം കുട്ടന്‍ മാരാരുടെ പെരുക്കല്‍.................എല്ലാത്തിനും മീതെ ഇടയ്ക്കിടെ ഒഴുകിയെത്തുന്ന അനൌണ്സ്മെന്‍റ്.

"ഈ വര്‍ഷത്തെ കഥകളി സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ചാറ്റുവേടത്ത് നരേന്ദ്രന്‍"

ഉറക്കത്തിലും അയാള്‍ അഭിമാനത്തോടെ പുഞ്ചിരിച്ചു. മൈലുകള്‍ക്കപ്പുറത്ത് ഒരു പറ്റം കാവിയണിഞ്ഞ കുറ്റവാളികള്‍ക്കിടയില്‍ മകന്‍ ഉറക്കമില്ലാതെ കിടക്കുകയാണെന്നറിഞ്ഞിരുന്നുവെങ്കില്‍ ആ ചിരി അയാളുടെ മുഖതുണ്ടാവുമായിരുന്നില്ല . സത്യം നുണക്കു വഴി മാറുന്നു, ഒപ്പം ചിരിക്കും....

ലക്ഷ്മി നായിഡു എന്ന തെലുങ്കത്തി ടെക്കി ഉറക്കം വരാതെ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവളുടെ സഹ മുറിയത്തി കാമുകനുമായി സ്കൈപ് ചാറ്റിലായിരുന്നു. സീമന്തിനിയുടെ കൊഞ്ചലിനേക്കാള്‍ അവളെ അലോസരപ്പെടുത്തിയത് ഗോവിന്ദ് നരേന്ദ്രന്‍റെ തിരോധാനമായിരുന്നു. ചാറ്റിങ് അവസാനിപ്പിച്ച്‌ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്ത് മുറിയിലെ വെളിച്ചവും കെടുത്തി സീമന്തിനി കിടന്നപ്പോള്‍ ലക്ഷ്മി പറഞ്ഞു.

"ഞാനിന്നലെ അവനെ പ്രോപോസ് ചെയ്തു.."

ഇവളിത് വരെ ഉറങ്ങിയില്ലേ എന്ന് മനസ്സ് ചോദിച്ചെങ്കിലും നാവില്‍ വന്നത് ഇതായിരുന്നു.

"ആരെ....?"

"അവനെ...ഗോവിന്ദ് നരേന്ദ്രനെ...."

"What...?"

സത്യം...ഇന്നലെ ഓഫീസില്‍ നിന്നിറങ്ങാന്‍ നേരം ഞാനവനോട് പറഞ്ഞു....എനിക്കവനെ ഇഷ്ടമാണെന്ന്....വിവാഹം കഴിക്കണമെന്ന്...."

സീമന്തിനിയുടെ പൊട്ടിച്ചിരി ഏവരെയും വിറപ്പിക്കുന്ന ഇരുട്ടിനെ വരെ ഭയപ്പെടുത്തി. ചിരി ഒരു വിധം അടക്കി അവള്‍ പറഞ്ഞു.

"എന്‍റെ ലക്ഷ്മി...വെറുതെയല്ല അവന്‍ ജോലി ഉപേക്ഷിച്ചു രായ്ക്കു രാമാനം നാട് വിട്ടത്.....അങ്കിത് സര്‍ ഇതറിഞ്ഞാല്‍ നാളെ തന്നെ നിന്നെ പിരിച്ചു വിടും....എന്നോട് പറഞ്ഞു...വേറാരും ഇതറിയണ്ട...."

കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ലക്ഷ്മിയുടെ അപകര്‍ഷതാ ബോധത്തിനെറ്റ ഒടുവിലത്തെ പ്രഹരം....ഇനിയും എത്രയോ പ്രഹരങ്ങള്‍ അവള്‍ ഏറ്റു വാങ്ങാനിരിക്കുന്നു.

മുറിയില്‍ സീമന്തിനിയുടെ മൊബൈല്‍ വെളിച്ചം പരന്നു. അവള്‍ കാമുകനോട് മൊബൈലില്‍ പറഞ്ഞു തുടങ്ങി...

"അതെ...ഒരു തമാശ കേട്ടോ....."

അത് കേള്‍ക്കാനാവാതെ ലക്ഷ്മി കാതുകള്‍ പൊത്തി. അവള്‍ക്കു ഗോവിന്ദനെ ഓര്‍ത്തു കരച്ചില്‍ വന്നു....അവള്‍ തലയിണയില്‍ മുഖമമര്‍ത്തി ശബ്ദമില്ലാതെ കരഞ്ഞു.

"ഇഷ്ടമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയായിരുന്നു. ഞാനൊരു ശല്യമാകാതെ എവിടെയെങ്കിലും ഒതുങ്ങി കൂടിയേനെ...നാട് വിടേണ്ട കാര്യമുണ്ടായിരുന്നോ....ഈശ്വരാ ...കാത്തോളണേ..."

ഈശ്വരന്‍ നേരത്തെ ഉറങ്ങാന്‍ പോയിരുന്നതിനാല്‍ അദ്ദേഹം അത് കേട്ടില്ല....എന്നാല്‍ യമരാജന്‍ അത് കേട്ടു. അദ്ദേഹം അങ്ങോട്ട്‌ നോക്കി....സംഭവങ്ങള്‍ മനസ്സിലാക്കിയ യമരാജന്‍ കൂടെയിരുന്നു ചീട്ട് കളിക്കുകയായിരുന്ന ചിത്ര ഗുപ്തനോട് ചോദിച്ചു.

"ആ സീമന്തിനിയെ ഇങ്ങോട്ട് വിളിച്ചാലോ...? അവളൊരു അഹങ്കാരി...ആ കൊച്ചിനെ കരയിക്കുന്ന കണ്ടില്ലേ....?"

യമരാജനെ ഒരു ഗുലാനിട്ട് വെട്ടി ചിത്രഗുപ്തന്‍ പറഞ്ഞു.

"വിട്ടു കള മാഷെ....ആ പിള്ളേര് എന്തോ തമാശ പറഞ്ഞൂന്നു വച്ച്....ഇടക്കിടക്കുള്ള പ്രവര്‍ത്തികള്‍ കാണുമ്പോള്‍ എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല....സമയോം സന്ദര്‍ഭോം നോക്കാതെ ചിലരെയൊക്കെ അങ്ങ് ഇങ്ങോട്ട് വിളിക്കുന്നുണ്ട്....അത് തീരെ ശരിയല്ല...."

"വയസ്സായില്ലേ ചിത്രഗുപ്താ....ഞാനീ പണി തുടങ്ങീട്ടു കാലം എത്രയായീന്ന നിന്‍റെ വിചാരം....മടുത്തു....വേറൊരു പണി ഒട്ട് അറിയേമില്ല...."

ചിത്രഗുപ്തന്‍ സഹതാപത്തോടെ യമനെ നോക്കി....യമന്‍ ഒന്ന് ചിരിച്ചു.

"ഈ സീമന്തിനി അവളുടെ സൗന്ദര്യത്തില്‍ ഭയങ്കരമായി അഹങ്കരിക്കുന്നുണ്ട്. സൗന്ദര്യം ഒരിക്കലും ഒരു വ്യക്തിയുടെ കഴിവല്ല. അത് ജന്മനാ കിട്ടുന്നതല്ലേ.....അതില്‍ അഹങ്കരിക്കാന്‍ പാടുണ്ടോ....? മാത്രമല്ല ..സൗന്ദര്യമില്ലാത്തവരോട് അവള്‍ക്കു പുച്ചവും....അവളെ ഇങ്ങട്ട് വിളിച്ചാലോ....?"

ചിത്രഗുപ്തന് കാര്യം മനസ്സിലായി. യമന്‍ തീരുമാനിച്ചു കഴിഞ്ഞിരിക്കുന്നു.....അയാള്‍ കണക്കു പുസ്തകമെടുത്തു. കണക്കും പ്രകാരം എഴുപതു വയസ്സ് വരെ പോകേണ്ട ജന്മം....യമനെ തിരുത്താന്‍ ആര്‍ക്കു കഴിയും? ദൈവം ഉറങ്ങാനും പോയിരിക്കുന്നു.

സീമന്തിനിക്ക് എന്തോ ഒരു അസ്വസ്ഥത പോലെ തോന്നി....ലക്ഷ്മിയെ കുറ്റം പറഞ്ഞു ഒരു പാട് സന്തോഷിച്ചു ചിരിച്ചിരുന്നു അവള്‍..............വെള്ളം കുടിക്കാന്‍ തോന്നുന്നുണ്ട്....പക്ഷെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല....ലക്ഷ്മിയെ വിളിക്കണമേന്നുണ്ട്...നാവു പൊന്തുന്നില്ല.....അടിവയറിലും നെഞ്ചിലും ഒരു വേദന....വയറിളകുന്നു....ജോക്കിയുടെ പാന്ടീസിലൂടെ, പന്തലോന്സിന്റെ ചുരിദാറിലൂടെ മെത്തയില്‍ മലം പരക്കുന്നത് അവളറിഞ്ഞു. വൈകീട്ട് കഴിച്ച പിസ്സ ഒരു നുരപത രൂപത്തില്‍ വായിലേക്ക് വരുന്നതും.......
പിന്നെ അവള്‍ ഒന്നും അറിഞ്ഞില്ല.

"സൗന്ദര്യമുള്ള പെണ്ണ് തൂറി ചത്തു...ഹ..ഹ..." യമന്‍ പൊട്ടിച്ചിരിച്ചു.

"നിശബ്ദമായ ഹൃദയ സ്തംഭനം " ചിത്രഗുപ്തന്‍ പുസ്തകത്തില്‍ അവളുടെ പേരിനു നേരെ കുറിച്ചിട്ടു.

രാത്രി യാമങ്ങളില്‍ നിന്ന് യാമങ്ങളിലേക്ക് നീങ്ങി കൊണ്ടിരുന്നു. ഗോവിന്ദ് നരേന്ദ്രന്‍ കൂര്‍ക്കം വലിച്ചുറങ്ങി....മേദിനിയും അങ്കിതും രതി തളര്‍ച്ചയില്‍ ഉറങ്ങി .....നരേന്ദ്രന്‍ സ്വപ്നം കണ്ടുറങ്ങി....ലക്ഷ്മി കരഞ്ഞുറങ്ങി....സന്യാസി ലഹരിയില്‍ ഉറങ്ങി...സീമന്തിനി എന്നെന്നെക്കുമായുറങ്ങി ....ലോകം മുഴുവന്‍ ഉറങ്ങി.
ഉറങ്ങാത്ത ഒരാള്‍ മാത്രം....

കാശിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള അതീവ രഹസ്യപാതയില്‍ , ശരീരമുപേക്ഷിച്ചു വരുന്ന ഓരോ ആത്മാവിനും , നരജന്മ പാപ മുക്തിക്കായ്‌ , അര്‍ഹതപ്പെട്ട ദണ്ടനം നല്‍കി, സ്വര്‍ഗ്ഗ പ്രാപ്തനാക്കാന്‍ നിയുക്തനായ ആള്‍....

കാലഭൈരവന്‍....

കാലഭൈരവന് ഉറക്കമില്ല.....

ഇഷ്ട പ്രാണേശ്വരനെ സ്വന്തമാക്കാന്‍ കന്നി അയ്യപ്പന്മാര്‍ വരാത്ത ഒരു മണ്ഡല കാലവും കാത്തിരിക്കുന്ന മാളികപുറത്തമ്മയെപ്പോല്‍, കാല ഭൈരവന്‍ കാത്തിരുന്നത് കാശിയിലെ ഒരു മരണമില്ലാ രാത്രിയായിരുന്നു.....സ്വസ്ഥമായുറങ്ങാന്‍

മരണമില്ലെങ്കില്‍ മരിച്ചു പോകുന്ന ഒരു പുരാതന നഗരത്തില്‍ , മരണമൊഴിഞ്ഞ ഒരു രാത്രിയും കൊതിച്ച്, സ്വര്‍ഗ്ഗ പാതയില്‍ വരി നില്‍ക്കുന്ന ഓരോ ആത്മാക്കളുടെയും തലയില്‍ വലിയൊരു ചുറ്റിക കൊണ്ട് ആഞ്ഞടിച്ച്, അവര്‍ക്ക് പാപമുക്തി നല്‍കി കാല ഭൈരവന്‍ തന്‍റെ കര്‍മ്മം തുടര്‍ന്ന് കൊണ്ടിരുന്നു.

(തുടരും)






No comments:

Post a Comment