Saturday, January 21, 2012

കാലഭൈരവന്‍ - സന്യാസി

സങ്കട് മോചന്‍ മന്ദിറില്‍ അവന്‍ കണ്ടത് ഒരു പറ്റം സന്യാസി കൂട്ടമാണ്. ഭാന്ഗിന്‍റെയോ കഞ്ചാവിന്റെയോ ലഹരിയില്‍ അബോധ മണ്ഡലത്തിന്റെ ആഴം പോലും അറിയാതെ ഉറങ്ങുന്ന സന്യാസി കൂട്ടം. വെട്ടിയിട്ട വാഴകള്‍ പോലെ തലങ്ങും വിലങ്ങുമായി കിടക്കുന്ന ആ ആധുനിക ഋഷിവര്യര്‍ക്കിടയില്‍ അവന്‍ തേടിയത് ആറടി നീളത്തില്‍ അല്പം ഇടമായിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം അവനെ ബാധിച്ചു തുടങ്ങിയിരുന്നു. അവന്‍ അലസമായി ശ്രീ കോവിലിനു നേരെ നോക്കി. "എവിടെയെങ്കിലും അല്പം സ്ഥലം ഒപ്പിച്ചു തായോ മാഷെ " എന്ന് പറയുകയായിരുന്നു ഉദ്ദേശം...പിന്നെ , വേണ്ടെന്നു വച്ചു. സങ്കട മോചകന്‍ ആയ ഹനുമാന്‍ സ്വാമി ഉറക്കത്തില്‍ ആണെന്ന് തോന്നുന്നു....ആവും. ശല്യം ചെയ്യേണ്ട...ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ഉണരേണ്ട ആളാണല്ലോ...

തോളില്‍ ഒരു കൈ സ്പര്‍ശിച്ചതറിഞ്ഞ് ഒരു ഞെട്ടലോടെ അവന്‍ തിരിഞ്ഞു നോക്കി. മൂക്കില്‍ തുളച്ചു കയറിയ ഒരു പരിചിത ഗന്ധം അവനെ എടുത്തെറിഞ്ഞത് ഭൂതകാലത്തിലെക്കയിരുന്നു. ഓര്‍മ ചെപ്പില്‍ ഏറ്റവും വിലപിടിപ്പുള്ള ശ്രീ കേരള വര്‍മ കോളേജ്...കോളേജിന്‍റെ പിന്‍ഭാഗത്തെ മനോഹരമായ മിനി ഊട്ടി എന്നറിയപ്പെടുന്ന ചെറുവനം...അവനിപ്പോള്‍ കാണാം, ചാഞ്ഞു കിടക്കുന്ന കശുമാവിന്‍ കൊമ്പില്‍ ഇരിക്കുന്ന സക്കറിയ പോത്തനെ, സിദ്ധാര്‍ഥനെ....അവര്‍ക്കൊപ്പം വലിച്ചു തള്ളിയ കഞ്ചാവ് ബീടികളെ....അതിലൊരു ബീടിയാണിപ്പോള്‍ തൊട്ടു മുന്‍പില്‍......അത് എരിയുന്ന ചുണ്ടുകള്‍ ഒരു വൃദ്ധ സന്യസിയുടെതും. ഒരു സന്യാസിക്കു വേണ്ട ചൈതന്യം ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത ആ വൃദ്ധന്‍റെ നീണ്ട മുടിയിലും താടിയിലും ഒരു കറുത്ത ഇഴ പോലുമുണ്ടായിരുന്നില്ല.
തന്‍റെ നാവില്‍ വെള്ളമൂറുന്നതും ചുണ്ടുകള്‍ വിറ കൊള്ളുന്നതും ഗോവിന്ദ് നരേന്ദ്രന്‍ അറിഞ്ഞു. മിനി ഊട്ടിയില്‍ നിന്നുയരുന്ന നിര്‍ത്താതെ ഉള്ള പൊട്ടിച്ചിരികള്‍ അവന്‍റെ കാതില്‍ അലച്ചു. ഒരു ആന്തരിക പ്രേരണയാല്‍ സന്യാസിയുടെ ചുണ്ടുകളില്‍ നിന്നും അവന്‍ ആ കഞ്ചാവ് ബീഡി തട്ടിയെടുത്തു. തന്‍റെ ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച് ആഞ്ഞു വലിച്ചു. അവന്‍റെ തലച്ചോറില്‍ ഇടിച്ചിറങ്ങിയ ധൂമകേതു മന്ത്രിച്ചു.

"സക്കറിയാ പോത്തന്‍, ഈ പുക നിനക്ക് വേണ്ടിയാണ് .....
സിദ്ധാര്‍ത്ഥന്‍ , ഈ പുക നിനക്ക് വേണ്ടിയാണ്....
തിരിച്ചു കിട്ടാത്ത കൌമാര ധിക്കാരമേ, ഇത് നിനക്കും കൂടി വേണ്ടിയാണ്..."

സന്യാസി ഒന്ന് പൊട്ടി ചിരിച്ചു...എന്നിട്ട് വേണ്ടപ്പെട്ട ഒരതിഥിയോടെന്ന പോല്‍ അവനെ ക്ഷണിച്ചു.
"വരൂ..."
അവന്‍ അയാളെ അനുഗമിച്ചു. ശ്രീ കോവിലിനു പിന്‍ഭാഗത്തായി ചുറ്റമ്പലത്തില്‍ ഒരു തൂണിനോട് ചേര്‍ന്ന് രണ്ടു പേര്‍ക്ക് വിശാലമായി കിടക്കാന്‍ പാകത്തില്‍ പിഞ്ഞി തുടങ്ങിയ ഒരു നീല ഷീറ്റ് വിരിച്ചിരുന്നു. ഷീറ്റില്‍ പഴകിയ ഒരു ഭാണ്ടക്കെട്ടും.

"ദക്ഷിണ ദേശക്കാരനായ ഒരുവന്‍ പശ്ചിമ ദേശത്ത് നിന്നും ഫാല്‍ഗുണ മാസത്തില്‍ അവിട്ടവും അമാവാസിയും ഒരുമിക്കുന്ന ഈ അര്‍ദ്ധരാത്രിയില്‍ സങ്കടമോചകന്‍റെ നടയില്‍ എത്തും എന്നത് കാലഭൈരവന്‍ എനിക്ക് സ്വപ്ന ദര്‍ശനത്തില്‍ കാലങ്ങള്‍ക്ക് മുന്‍പേ അറിയിച്ച കാര്യമാണ്. നിയോഗ പൂരണത്തിനെത്തിയ ചെറുപ്പക്കാരാ.....നിനക്ക് ഈ രാത്രി തല ചായ്ക്കാനുള്ള ഇടം ഇതാണ്..."

ഈ വട്ടന്‍ സന്യാസിയുടെ ഉദ്ദേശം എന്താണ്...? കൊള്ളയടിയോ മറ്റോ ആണോ...? ഇയ്യാളെ എങ്ങനെ വിശ്വസിക്കും....തലച്ചോറില്‍ കടന്നു വന്ന ചോദ്യങ്ങള്‍ക്ക് വിരുദ്ധമായി നാവു ചോദിച്ചു.

"അപ്പൊ നാളെ...?"

"ഇന്നത്തെ അന്തിയുറക്കം ഇവിടെ ആയിരിക്കും എന്ന് ഇന്നലെ വരെ നീ ചിന്തിച്ചിരുന്നോ...?"

"ഇല്ല...."

"പിന്നെ നാളെയെ കുറിചെന്തിനു വേവലാതി...ഒന്ന് പറയാം. നാളെ നീ ഇവിടെ ആയിരിക്കില്ല ഉറങ്ങുന്നത്."

ഭാണ്ടക്കെട്ട് തലയണയാക്കി സന്യാസി ഉറങ്ങാന്‍ കിടന്നു. അമേരിക്കന്‍ ടൂറിസ്ടറിന്‍റെ ഷോള്ദര്‍ ബാഗ്‌ തലയണയാക്കി അവനും. ഗംഗ സ്നാനത്തിനും, ഭസ്മധാരണത്തിനും, ഘട്ടിലെ ആരതിക്കും , കഞ്ചാവടിക്കും അപ്പുറം ഒരു ലോകമുണ്ട് സന്യാസി...കാശിനാഥന്റെ അനുഗ്രഹം വാങ്ങുന്ന ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നത് നാളേക്ക് വേണ്ടിയാണ്. നാളേക്ക് വേണ്ടി മാത്രം വേവലാതി പെടുന്നവരുടെ കൂട്ടത്തില്‍ നിന്നാണ് ഞാനും വരുന്നത്. നാളേക്ക് വേണ്ടി മാത്രം വേവലാതി പെടുന്നവര്‍....ഇന്നിനെ ആസ്വദിക്കാത്തവര്‍....

"മിസ്ടര്‍ സന്യാസി...നിങ്ങള്‍ പറഞ്ഞതില്‍ ഒരു തെറ്റ് ചൂണ്ടി കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനിവിടെ വന്നത് നിയോഗ പൂരണതിനല്ല. തലയില്‍ കരിവണ്ട് മൂളിയപ്പോള്‍ മറ്റുള്ളവരെ അസഭ്യം പറയാന്‍ ശീലിക്കാതെ പോയതിന്‍റെ ഫലമാണ് എന്‍റെയീ യാത്ര...ഒരു ഭ്രാന്തനായി ഞാന്‍ മാറുന്നില്ല എന്ന് ഉറപ്പു വരുത്താനുള്ള യാത്ര....എന്നെ, എനിക്ക് മാത്രമായി സ്വന്തമാക്കാനുള്ള യാത്ര....ഒരു നിയോഗത്തിനും ഇവിടെ സ്ഥാനമില്ല..."

സന്യാസി എഴുന്നേറ്റിരുന്നു . ഭാണ്ടക്കെട്ടില്‍ നിന്നൊരു ഡപ്പിയെടുത്തു . ഡപ്പി തുറന്ന് ഒരു വെളുത്ത പൊടി കൈപ്പത്തിയുടെ പിന്‍ഭാഗത്ത് കൊട്ടിയിട്ടു. പിന്നെ കൈ മൂക്കിനോടടുപ്പിച് ഒറ്റ വലി . തലയൊന്നു വെട്ടികുടഞ്ഞ്‌ അയാള്‍ വീണ്ടും കിടന്നു.

"ചെറുപ്പക്കാരാ...പിന്നെന്തിനു നീ വാരണാസി തിരഞ്ഞെടുത്തു....?"

"അത്...അതിനു കാരണക്കാരന്‍ എം . ടി. വാസുദേവന്‍ നായരാണ്..."

"അല്ല....കാല ഭൈരവന്‍....വാരാണസിയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു നിയോഗമുണ്ട്. ജന്മം കൊണ്ട് നിക്ഷിപ്തമായ ഒരു നിയോഗം...നിയോഗ പൂരണത്തിന് സമയമാവുമ്പോള്‍ അവരെ കാലഭൈരവന്‍ വാരാണസിയില്‍ എത്തിക്കുന്നു. അതില്‍ ഒരു നിമിത്തം മാത്രമാണ് നീ പറഞ്ഞ കാരണം. എനിക്കോ നിനക്കോ ഈ യാത്രയില്‍ നിന്നൊഴിഞ്ഞു മാറാനാവില്ല. പിന്നെ...എന്നെ നീ സന്യാസി എന്ന് വിളിക്കരുത്. മറ്റൊരു വാക്ക് പകരം തരാന്‍ എന്‍റെ കയ്യില്‍ ഇല്ല. സന്യാസി എന്നൊഴികെ എന്തും നിനക്ക് വിളിക്കാം..."

അത് കേട്ടപ്പോള്‍ അവനു ചിരിയാണ് വന്നത്. സന്യാസി എന്ന് വിളിക്കരുത് പോലും....കഞ്ചാവും മയക്കുമരുന്നും തലയില്‍ കിടന്നു പെരുമ്പറ കൊട്ടിയിട്ടാണോ വൃദ്ധന്‍റെ ഈ പുലമ്പല്‍...

"സന്യാസത്തില്‍ ഉള്ള ഒരാളെ സന്യാസി എന്ന് വിളിക്കരുത് എന്ന് പറയുന്നതിലെ അര്‍ഥം എനിക്ക് മനസ്സിലാവുന്നില്ല." അവന് ഒരു വിശദീകരണം ആവശ്യമായിരുന്നു.

"കാശിയില്‍ സന്യാസി എന്നാല്‍ ഒളിച്ചോടുന്നവന്‍ എന്നാണര്‍ത്ഥം...സമൂഹത്തെ ഭയന്ന് ഒളിചോടിയവര്‍ ആണ് നിനക്ക് ചുറ്റും ഉറങ്ങുന്നവരില്‍ ഭൂരിഭാഗവും...കൊലപാതകികള്‍, മോഷ്ടാകള്‍ , സ്ത്രീ പീഡകര്‍....ഇവര്‍ വസിച്ചിരുന്ന സമൂഹത്തില്‍ തുടര്‍ന്നിരുന്നുവെങ്കില്‍ നിയമത്തിന്‍റെ കൈപ്പിടിയില്‍ ഞെരുങ്ങി ഒടുക്കം കാരഗ്രിഹത്തില്‍ എത്തുമായിരുന്നവര്‍....കാല ഭൈരവന് എല്ലാവരും സമന്മാരാണ്. അദ്ദേഹം ഏവരെയും സംരക്ഷിക്കുന്നു. പക്ഷെ, ഈ വിഡ്ഢികള്‍ അറിയാതെ പോകുന്ന ഒരു കാര്യമുണ്ട്. കാലഭൈരവനും ഇവരെ അടച്ചിരിക്കുന്നത് ഒരു കാരാഗ്രിഹത്തില്‍ ആണെന്ന സത്യം...ജയില്‍ പുള്ളികള്‍ക്ക് വെള്ള വേഷമെങ്കില്‍ കാലഭൈരവന്‍റെ കാരഗ്രിഹത്തില്‍ വേഷം കാവിയാണ്. അവിടെ കുറ്റവാളികള്‍ക്ക് സമയാസമയങ്ങളില്‍ ഭക്ഷണം കിട്ടുന്നു. ഇവിടെ, ഇവര്‍ പലപ്പോഴും കാലിയായ വയറും സിരകളില്‍ ഭാങ്ങുമായി അലയുന്നു . അവിടെ അവര്‍ സ്വന്തം മുഖം പ്രദര്‍ശിപ്പിക്കുന്നു. ഇവിടെ ഇവര്‍ പിടിക്കപ്പെട്ടെക്കുമോ എന്ന ഭീതിയില്‍ താടിയിലും മുടിയിലും മുഖത്തെ ഒളിപ്പിക്കുന്നു. "

ഗോവിന്ദ് നരേന്ദ്രന്‍ എഴുന്നേറ്റിരുന്നു. അവിടെ കിടന്നുറങ്ങുന്നവരെ നോക്കി. ഉറക്കത്തിന്‍റെ ആഴങ്ങളില്‍ ഊളിയിടുമ്പോഴും അവരുടെ മുഖങ്ങളില്‍ തളം കെട്ടി കിടക്കുന്ന ഭയം അവന്‍ തിരിച്ചറിഞ്ഞു. ഒരു കുറ്റവാളി കൂട്ടത്തിനു നടുവിലാണ് താനിപ്പോള്‍ എന്ന ബോധം അവന്‍റെ ശരീരത്തില്‍ ഒരു വിറയല്‍ പടര്‍ത്തി. അവന്‍ വൃദ്ധസന്യാസിയെ നോക്കി. ആദ്യം കണ്ടപ്പോള്‍ കാണാതിരുന്ന ഒരു ചൈതന്യം അവിടെ നിറയുന്നത് അവന്‍ കണ്ടു. അവന്‍ അറിയാതെ ചോദിച്ചു പോയി.

"താങ്കള്‍ ആരാണ്....?"

പാതി ഉറക്കത്തില്‍ ആ ചുണ്ടുകള്‍ മന്ത്രിച്ച പോലെ അവന് തോന്നി.

"the monk who sold his Ferrari..."

(തുടരും)

No comments:

Post a Comment