Friday, January 20, 2012

കാലഭൈരവന്‍

കാലഭൈരവന്‍
അനാരോഗ്യത്തിലും നിത്യവൃത്തിക്കായ്‌ ചുമടെടുക്കുന്ന ഒരു വൃദ്ധന്‍ അന്നത്തെ തന്‍റെ അവസാന ചുമടും നിലത്തിറക്കി കിതക്കുന്നത് പോലെ കിതച്ചു കൊണ്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആ പഴഞ്ജന്‍ ബസ് യാത്ര അവസാനിപ്പിച്ചു. ആളുകള്‍ തിരക്കിട്ട് ഇറങ്ങി തുടങ്ങി. "കുബേര്‍" എന്നറിയപ്പെടുന്ന പുകയില ലഹരി മിശ്രിതം കൈവെള്ളയിലിട്ടു തിരുമ്മി പതം വരുത്തി കീഴ്ചുണ്ടിലേക്ക്‌ തിരുകി കയറ്റി ഒന്ന് മൂരി നിവര്‍ന്ന് കോട്ട് വായിട്ട് ഡ്രൈവറും പുറത്തിറങ്ങി. എപ്പോഴോ പെയ്ത മഴയില്‍ ഇരുളില്‍ തളം കെട്ടി കിടന്നിരുന്ന ചളിവള്ളകൂട്ടിലെക്കാണ് നഗ്നപാദനായി ഗോവിന്ദ് നരേന്ദ്രന്‍ ഇറങ്ങിയത്‌.
"വൃത്തിയില്ലാത്ത പട്ടണം ...വൃത്തിയില്ലാത്ത ആളുകള്‍ " കുറെ കാലം മുന്‍പ്, പാപഭാര ചുമടിറക്കി സ്വര്‍ഗ്ഗ പ്രാപ്തി ഉറപ്പു വരുത്താന്‍ വേണ്ടി മാത്രം ഇവിടം സന്ദര്‍ശിച്ച മുത്തശ്ശി ,കാശിയെന്ന പുണ്യ നഗരത്തെ കുറിച്ച് പറഞ്ഞത് ഓര്‍ത്തു കൊണ്ട് അവന്‍ ആ വെള്ളത്തിലേക്ക്‌ നോക്കി ഒരു നിമിഷം നിന്നു.
ആരോ വിസര്‍ജ്ജിച്ച ഇനിയും ജലത്തില്‍ അലിഞ്ഞു ചേരാന്‍ മടിക്കുന്ന ഒരു കഫതുണ്ട് തന്‍റെ കാലില്‍ തൊട്ടുരുമ്മുന്നത് അപ്പോള്‍ വന്ന ഒരു ബസ്സിന്‍റെ വെളിച്ചത്തില്‍ അവന്‍ കണ്ടു. ആരുടെയോ വിസര്‍ജ്ജ്യകഫം .....
തെരുവുകള്‍ വിജനമായി തുടങ്ങിയിരുന്നു. അടക്കാന്‍ തുടങ്ങിയ ഒരു പബ്ലിക്‌ ബൂതിലെക്കവന്‍ കയറി. വീട്ടിലെ നമ്പര്‍ ഡയല്‍ ചെയ്തു. വീട്ടിലെ രംഗങ്ങള്‍ അവനിപ്പോള്‍ ഊഹിക്കാന്‍ കഴിയും. ഇരുളില്‍ പൊതിഞ്ഞു കിടക്കുന്ന വീട്. രണ്ടാമത്തെ റിങ്ങില്‍ അച്ഛന്‍ ഉണര്‍ന്നു കാണും. മൂന്നാം റിങ്ങില്‍ ലൈറ്റിട്ട് കണ്ണട തിരയും. ഇപ്പോള്‍ ഉറക്ക ചടവോടെ അമ്മ ,
"ആരാണാവോ ഈ പാതിരാക്ക്‌ ...?"
"ഫോണെടുക്കാതെ ഞാനെന്താ പറയാ..." അച്ഛന്‍ ഹാളിലേക്ക് നടക്കും. ആറാം റിങ്ങില്‍ അവനറിയാം അച്ഛന്‍റെ ശബ്ദം.
"ഹലോ..."
"അച്ഛാ ...ഞാനാണ്‌..."
"അച്ഛന് തോന്നിര്‍ന്നു മോനാവുംന്ന്...വൈകിട്ട് കുറെ ട്രൈ ചെയ്തു... മൊബൈലിലെ....മോനെ കിട്ടണിണ്ടായില്ല "
"അത്....മൊബൈല്‍ സ്വിച്ച് ഓഫ്‌ ആണ്..."
"അതെന്തേ...ചാര്‍ജ് തീര്‍ന്നോ....?"
"അതല്ലാച്ചാ ..കുറച്ചു പ്രൈവസി വേണംന്ന് തോന്നി....ജോലിയില്‍ ശ്രദ്ധിക്കാന്‍.... ..ഒരു പ്രധാന പ്രൊജക്റ്റ്‌ ചെയ്യുന്ന കാര്യം ഞാന്‍ പറഞ്ഞിരുന്നല്ലോ....രണ്ടീസം എന്നെ വിളിച്ചാല്‍ കിട്ടില്ല....ഞാന്‍ അച്ഛനെ വിളിച്ചോളാം.."
അച്ഛനോട് നുണ പറയുമ്പോള്‍ വരാറുള്ള ഇടറല്‍ ശബ്ദത്തിനു വരാതെ പരമാവധി ശ്രദ്ധിച്ചാണ് അവന്‍ അത് പറഞ്ഞൊപ്പിച്ചത്. ഉറ്റവര്‍ പറയുന്നത് കള്ളമാണെന്നറിഞ്ഞാല്‍ നമുക്ക് വേദന പല മടങ്ങായിരിക്കും. ഉറ്റവരെ വേദനിപ്പിക്കാതിരിക്കാനും കളവ് ചിലപ്പോള്‍ ആവശ്യമായി വരുന്നു.
"അത് നന്നായി....അല്ലെങ്കിലും ഈ മൊബൈല്‍ ആരോഗ്യത്തിന് അത്ര നന്നല്ല...." അച്ഛന്‍ തുടരുകയാണ്.
"അതെ..." അവന്‍ മറുപടി ഒറ്റവാക്കില്‍ ഒതുക്കി. വിഷയം മാറ്റുന്നതാണ് ഉചിതം എന്ന് തോന്നി. അച്ഛന്‍ തന്നെ അത് ചെയ്തു.
"കുട്ടേട്ടന്‍ വന്നിരുന്നു വൈകീട്ട് ...ഇത്തവണ ഉത്സവത്തിന്‌ നീ കാര്യയിട്ട് എന്തെങ്കിലും സ്പോന്‍സര്‍ ചെയ്യണമ്ന്നു ഒരേ നിര്‍ബന്ധം....അതാ, അപ്പൊ വിളിച്ചത്....."

അവന്‍റെ കാതുകളില്‍ ഒരു കേളികൊട്ട് മുഴങ്ങാന്‍ തുടങ്ങി. അടുത്തടുത്ത് വരുന്ന കേളികൊട്ട് . അച്ഛന്‍റെ വിരല്‍ തുമ്പില്‍ തൂങ്ങി ഉത്സവപ്പറമ്പില്‍ പോകുന്ന കുട്ടി ഗോവിന്ദന്‍.. പിന്നെ തെളിഞ്ഞത് അവനോളം പോന്ന എരിയുന്ന ഒരു നിലവിളക്ക്...നിലവിളക്കിനു പുറകില്‍ അരങ്ങു നിറഞ്ഞാടുന്ന കത്തിയും പച്ചയും അകമ്പടിക്ക്‌ അലര്‍ച്ചകളും...

"കഥകളി..കഥകളി സ്പോന്‍സര്‍ ചെയ്യാന്ന് പറയൂ കുട്ടേട്ടനോട് "
അച്ഛന്‍ അമ്പരന്നു കാണണം.
"കഥകളിക്കു പണം ഒരു പാട് വേണ്ടേ മോനെ....നീ വല്ല രണ്ടായിരം രൂപ സംഭാവന കൊടുത്താല്‍ മതിയാവും. ഞാന്‍ പറഞ്ഞോളാം കുട്ടേട്ടനോട് ..."

"കഥകളി മതി...എന്‍റെ ഒരാഗ്രഹമാണ് . അതും, അച്ഛന്‍റെ വഴിപാടായി മതി...പണം ഞാന്‍ തരാം.
അച്ഛന്‍ മറുപടി ഒന്നും പറഞ്ഞില്ല.
"അമ്മയോട് ഞാന്‍ നാളെ വിളിക്കാന്ന് പറയൂ..വെക്കട്ടെ..."

ബൂത്തുകാരന് പണം നല്‍കി പുറത്തിറങ്ങിയപ്പോള്‍ അവനെ വരവേറ്റത് ഒരു ചിരിയാണ്....മെലിഞ്ഞ ശരീരത്തില്‍ തടിച്ച സ്തനങ്ങളോട് കൂടിയ ഒരു വെളുത്ത സ്ത്രീയുടെ വെളുത്ത ചിരി. രാത്രിയുടെ അന്ത്യയാമത്തില്‍ എവിടെയെങ്കിലും ചുരുണ്ട് കൂടും മുന്‍പേ തരപ്പെട്ടെക്കാവുന്ന ഒരു കച്ചവട പ്രതീക്ഷ ആ ചിരിയില്‍ ഉണ്ടായിരുന്നു. ആ ദിവസത്തെ ആദ്യ കച്ചവടമോ, അന്ത്യ കച്ചവടമോ.....സദാചാരത്തിന്റെ മുള്‍വേലികള്‍ ചാടി കടന്ന് ഒരു കച്ചവടം. അവന്‍ അവരോടു ചോദിച്ചു....
"കിത്ന ഹെ..."? (എത്രയാ.....?)
"ഡെഡ് സോ...." (നൂറ്റി അന്‍പത് രൂപ ....) അവരുടെ മറുപടി പെട്ടന്നായിരുന്നു.
ഒരു മദാമ്മ സ്ത്രീ അധികാരവും ഭരണവും നിയന്ത്രിക്കുന്ന ഒരു രാജ്യത്ത് , ഒരു ദളിത്‌ സ്ത്രീ ഇതേ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന ഒരു സംസ്ഥാനത്ത് സ്ത്രീ മാംസത്തിന്റെ വില വെറും നൂറ്റി അന്‍പത് രൂപ. അത്രയും പണം അവര്‍ക്ക് നല്‍കി ആദ്യം കണ്ട സൈക്കിള്‍ റിക്ഷയില്‍ കയറി അവന്‍ പറഞ്ഞു.
"സങ്കട് മോചന്‍ മന്ദിര്‍"
കൂടെ കയറാനൊരുങ്ങിയ അവരെ അവന്‍ തടഞ്ഞു. കിട്ടിയ പണം ബ്ലൌസില്‍ തിരുകി അല്പം അത്ഭുതത്തോടെ അവര്‍ ചോദിച്ചു.
"കര്‍ണാ നഹി ഹെ ..? (നിനക്ക് ചെയ്യണ്ടേ....?)
"കര്ധിയാ ഹൂ ..." (ചെയ്തു....)
റിക്ഷ ചലിച്ചു തുടങ്ങി....അകന്നകന്നു പോകുന്ന റിക്ഷ ...ആ തെരുവ് വേശ്യയുടെ കണ്ണ് നിറഞ്ഞു. വര്‍ഷങ്ങള്‍ക്കു ശേഷം പെയ്യുന്ന ഒരു പുതുമഴ പോലെ....അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു...പിന്നെ അതൊരു വാവിട്ട് കരച്ചിലായി. എന്തോ തിരക്കിട്ട പണിയില്‍ വ്യാപൃതനായിരുന്ന ദൈവം ആ സങ്കട തിരമാലകളില്‍ ആടിയുലഞ്ഞു. അന്യര്‍ക്ക് വേണ്ടിയും വാവിട്ട് കരയുന്നവര്‍ മനുഷ്യര്‍ക്കിടയില്‍ ഉണ്ടെന്നത് ദൈവത്തെ സന്തോഷിപ്പിച്ചു. നല്ല കാര്യം...പക്ഷെ ടി. വി . രാജേഷ്‌ കരഞ്ഞപ്പോള്‍ സഖാക്കളും അസഖാക്കളും അയാളെ ക്രൂശിച്ചു, പരിഹസിച്ചു. ഒരു വിപ്ലവകാരി കരയുന്നു...ദൈവത്തിനു വരെ പുച്ഛം തോന്നിയ സംഭവം....ആ സംഭവത്തില്‍ നിന്ന് ഒരു തിരുത്തല്‍...
വേശ്യയേ...നിനക്ക് നന്ദി. ദൈവം അന്ന് മനസ്സമാധാനത്തോടെ ഉറങ്ങാന്‍ പോയി.
റിക്ഷ സങ്കട് മോചന്‍ മന്ദിര്‍ ലക്ഷ്യമാക്കി ഒഴുകി കൊണ്ടിരുന്നു. രാത്രിയുടെ മാസ്മരികതയില്‍ അവന്‍ വാരണസിയെ അറിഞ്ഞു തുടങ്ങി..കൌമാരത്തില്‍ വായിച്ചു തള്ളിയ നോവലുകളില്‍ ഒന്നാണ് ഈ നഗരത്തെ കുറിച്ചവനോട് ആദ്യം പറഞ്ഞത്. സ്വപ്ന ജീവികളെ മഹാന്മാരായ എഴുത്തുകാര്‍ പല നഗരങ്ങളിലേക്കും ചിലപ്പോഴൊക്കെ നാശത്തിലേക്കും വലിച്ചിഴക്കുന്നു എന്നത് പരമമായ സത്യവും എഴുത്തുകാരുടെ ഭാവനയുടെയും തൂലികയുടെയും കഴിവുമാണ്.
(തുടരണോ....?)

No comments:

Post a Comment