Sunday, January 22, 2012

കാല ഭൈരവന്‍ - 3 മേദിനി (EARTH)

അതേ രാത്രിയില്‍ നോയിഡയിലെ (DELHI NCR) പ്രശസ്തമായ ഹോണ്‍ബില്‍സ് നെസ്റ്റ് എന്ന അപ്പാര്‍ട്ട്മെന്ടിന്‍റെ ഒന്‍പതാം നിലയിലെ വീട്ടിലിരുന്ന് അങ്കിത് ദ്വിവേദി തന്‍റെ അഞ്ചാമത്തെ പെഗ് ഒഴിച്ചു. അവനെ തനിയെ വിട്ട് അല്പം ദൂരെ മാറി സോഫയിലിരുന്ന് "ദി കൈറ്റ് റണ്ണര്‍" എന്ന പുസ്തകം വായിക്കുകയായിരുന്ന മേദിനി ദ്വിവേദി തലയുയര്‍ത്തി അവനെ ശാസനപൂര്‍വ്വം ഒന്ന് നോക്കി.

"baby......no...."

"let me have one more darling..... ഇതവന് വേണ്ടിയാണ്...ഗോവിന്ദ് നരേന്ദ്രന്‍ എന്ന തന്തയില്ലാ ചെറ്റക്കു വേണ്ടി...."

മേദിനി അല്‍പ നേരം അവനെ നോക്കിയിരുന്നു. അവന്‍ കുപ്പി അടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ പറഞ്ഞു.

"shall i challenge your ROYAL CHALLENGE....?"

അവന്‍ അവളെ നോക്കി. അവളുടെ മുഖത്തെ കുസൃതി ഭാവം കണ്ടപ്പോള്‍ അവന്‍ പറഞ്ഞു.

"ഒരു വഴക്കിന് എനിക്ക് താല്‍പ്പര്യമില്ല...."

"എനിക്ക് താല്‍പ്പര്യമുണ്ട്.....നീ ഒഴിക്ക്.....ഒന്ന് പോര....ഒന്നര....ഒറ്റ ഗ്ലാസില്‍ ഒന്നര വേണമെനിക്ക്...."

അവള്‍ പുസ്തകമടച്ച് അവനഭിമുഖമായി വന്നിരുന്നു. അവന്‍ മറ്റൊരു ഗ്ലാസ്സെടുത്ത് അവള്‍ക്കായി ഒന്നര പെഗ് ഒഴിച്ചു... ഐസ് ക്യുബ് ...സോഡ....ഇരുവരും ഗ്ലാസുയര്‍ത്തി മുട്ടിച്ചു. ഒരു പ്രവാചകയെ പോലെ മേദിനി മൊഴിഞ്ഞു.

"ഗോവിന്ദ് നരേന്ദ്രന്‍.... എന്ന അഭ്യുദയകാംക്ഷി....ലോകത്ത് നീ എവിടെയാണെങ്കിലും ശ്രവിക്കുക....കോടതിയുടെ പടി കാണാത്ത , കേസ്സില്ലാ വക്കീല്‍........ അഡ്വ. മേദിനി ദ്വിവേദി, എതിര്‍ കക്ഷിയും എന്‍റെ ഭര്‍ത്താവും സര്‍വോപരി നിന്‍റെ ബോസ്സുമായ അങ്കിത് ദ്വിവേദി യോട് നിനക്ക് വേണ്ടി വാദിക്കാന്‍ പോകുന്നു.....ചീയേര്‍സ്"

"ചീയേര്‍സ്.."

അവര്‍ ഓരോ സിപ്പെടുത്ത് ഗ്ലാസ്‌ താഴെ വച്ചു. തല ഒന്ന് വെട്ടിച് മേദിനിയാണ് തുടങ്ങിയത്.

"ok അങ്കിത്...ഇന്നലെ വരെ എന്‍റെ കക്ഷിയെ കുറിച് മിടുക്കന്‍... ...കഠിനധ്വാനി...കമ്പനിയുടെ ഭാഗ്യം എന്നൊക്കെയാണ് നിന്‍റെ നാവില്‍ നിന്ന് ഞാന്‍ കേട്ടിട്ടുള്ളത്....ഇന്ന് , അതെ നാവ് കൊണ്ട് നീ അവനെ പഴി പറയുന്നതും ഞാന്‍ കേള്‍ക്കുന്നു...little strange....dont u think its a selfish act?"

അതിനുത്തരം പറയാതെ അവന്‍ തന്‍റെ മൊബൈല്‍ അവള്‍ക്കു നേരെ നീട്ടി. തലേന്ന് രാത്രി യാത്ര പുറപ്പെടും മുന്പ് ഗോവിന്ദ് നരേന്ദ്രന്‍ അയച്ച ടെക്സ്റ്റ്‌ മെസ്സേജ് അവളോട്‌ ഇങ്ങനെ പറഞ്ഞു.

"just to prevent myself from becoming mad, i m proceeding on a journey....a journey of my wish....hope to join you after five days- Govind Narendran"

അവള്‍ മൊബൈല്‍ അവനു തിരിച്ചു നല്‍കി.

"ഇനി നീ പറ....കമ്പനിയുടെ ഏറ്റവും പ്രധാന പ്രോജക്റ്റ് നടക്കുന്ന സമയം...കോടികളുടെ ഡീല്‍..., ഓരോ നിമിഷത്തിനും ലക്ഷങ്ങളുടെ വില...ഇവനെ...ഈ പരനാറിയെ കണ്ടിട്ടാണ് ഞാനാ ഡീല്‍ ഏറ്റത്...പകലെന്നോ രാത്രിയെന്നോ വകഭേദമില്ലാതെ എല്ലാവരും പണിയെടുക്കുന്നു. സമയത്തിന് മുന്‍പേ പ്രൊജക്റ്റ്‌ തീര്‍ക്കാന്‍ കഴിയും എന്ന പ്രതീക്ഷയില്‍ ആയിരുന്നു ഞങ്ങളെല്ലാം...അപ്പോഴാണ് എന്‍റെ ചങ്കില്‍ തേരോട്ടം നടത്തി അവന്‍റെമ്മടെ ഒരു യാത്ര.... ബഹന്‍ കി..."

അയാള്‍ വിറക്കുകയായിരുന്നു. ഒറ്റ വലിക്കു അയാളാ പെഗ് തീര്‍ത്തു. അടുത്തതൊഴിച്ചപ്പോള്‍ മേദിനി തടഞ്ഞില്ല. അവളപ്പോള്‍ ഓര്‍ത്തത്‌ വിജയ്‌ മല്യയെ കുറിച്ചായിരുന്നു.
"നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമാണ് മദ്യം എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ, നിങ്ങളുടെ പ്രശ്നങ്ങള്‍ മറക്കാന്‍ മദ്യം നിങ്ങളെ സഹായിക്കും." എന്ന് മല്യ പറഞ്ഞതായി പറഞ്ഞു കൊണ്ട് എന്നോ ഒരു മെസ്സേജ് അവള്‍ക്കു കിട്ടിയിരുന്നു. ആരോ അയച്ച ഒരു ഒഴുക്കന്‍ മെസ്സേജ്....
തന്‍റെ ഭര്‍ത്താവും ഇപ്പോള്‍ മല്യയെ ആശ്രയിക്കുന്നു. പ്രശ്നങ്ങള്‍ മറക്കാന്‍.......... .....മറന്നുറങ്ങാന്‍... മല്യയുടെ റോയല്‍ ചലന്ജ് ...
ശരിക്കീ പുരുഷന്മാര്‍ വിഡ്ഢികളാണ്. അവര്‍ സ്ത്രീകളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടിയിരിക്കുന്നു. മദ്യത്തെ ആശ്രയിക്കാം....സന്തോഷം പങ്കിടുന്നതിന് മാത്രം....ദുഖത്തെ മറികടക്കേണ്ടത് സമചിത്തതയോടെ അല്ലെ...? മദ്യം സൃഷ്ടിച്ചെടുക്കുന്ന അബോധാവസ്ഥ കവര്‍ന്നെടുക്കുന്നത് പ്രശ്ന പരിഹാരത്തിനുതകേണ്ട സമയം ആണെന്ന് ഇവര്‍ അറിയുന്നില്ലല്ലോ....സ്ത്രീകളെ നിങ്ങള്‍ ഭാഗ്യവതികള്‍ , മനഭാരം നിങ്ങള്‍ കണ്ണീരില്‍ ഒഴുക്കി കളയുന്നു...പുരുഷന്‍മാരെ നിങ്ങള്‍ നിര്‍ഭാഗ്യര്‍, മനഭാരം നിങ്ങള്‍ ശര്‍ദ്ദിച്ചു കളയുന്നു.
അവള്‍ ഒരു കവിള്‍ മദ്യം കൂടി ഇറക്കി.

"കോവര്‍ കഴുതകളുടെ മോര്‍ച്ചറി....ഇന്നത്തെ ഓഫീസിന്‍റെ അവസ്ഥയെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. കുറെ ട്യൂബ് ലൈറ്റുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി എന്തൊക്കെയോ ചെയ്യുന്നു. തല പെരുത്താണ് ഞാന്‍ അവിടെ നിന്നും പോന്നത്....മേദിനി...it was a pathetic condition...u cant understand that..."

"look... അങ്കിത് ...നീ പറയുന്നത് എനിക്ക് മനസ്സിലാവും....പക്ഷെ, നീ മനസ്സിലാക്കാത്ത ഒരു കാര്യമുണ്ട്....അല്ലെങ്കില്‍ മനസ്സിലാക്കേണ്ടുന്ന ഒരു കാര്യം....ഗോവിന്ദ് നരേന്ദ്രന്‍ എന്ന പ്രതിഭാശാലിയായ ഒരു ടെക്കി എന്തിന് ഒരു പാതിരായ്ക്ക് ഒരു യാത്ര പുറപ്പെട്ടു....?

അവളെറിഞ്ഞ ആ ചോദ്യത്തിന് മറുപടി പറയാന്‍ അവന്‍ ഒരു നിമിഷം പോലും ആലോചിച്ചില്ല....അല്ലെങ്കിലും ആലോചിക്കാതെ മറുപടി പറയാനാണല്ലോ ഏറ്റവും എളുപ്പം.

"വട്ട്...അവനു വട്ടായി കാണും..."

"അല്ല ..വട്ടാവാതിരിക്കാന്‍...""

"മനസ്സിലായില്ല...."

"അതെ...മനസ്സിലാവില്ല ....മനസ്സിലായിരുന്നുവെങ്കില്‍ ഇന്നലെ വരെ പുകഴ്ത്തി പറഞ്ഞ നാവു കൊണ്ട് ഇന്ന് നീ അവനെ ചീത്ത വിളിക്കില്ലായിരുന്നു...."

"മേദിനി...നീ വായിച്ചു തള്ളുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന പോലെ നീ എന്നോട് സംസാരിക്കരുത്...." അവന്‍റെ വാക്കുകള്‍ അല്‍പ്പം കടുത്തിരുന്നു.

"ആ പുസ്തകങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ഈ രാത്രി ഇവിടെയിരുന്ന് നിന്നോട് സംസാരിക്കാന്‍ ഞാനുണ്ടാവുമായിരുന്നില്ല അങ്കിത്..." അവളുടെ വാക്കുകള്‍ ഇടറിയോ.....

ആ വാക്കുകളുടെ അര്‍ത്ഥം വേര്‍തിരിക്കാനവാതെ അങ്കിത് ദ്വിവേദി അവളെ തുറിച്ചു നോക്കി. മണ്ണില്‍ ഒരു നീരുറവ പൊട്ടുന്നത് പോലെ അവളുടെ കണ്ണില്‍ പടര്‍ന്ന നനവ് അവന്‍ കണ്ടു. മുഖം തിരിച്ച് അവന്‍ പറഞ്ഞു.

" കഴിക്ക് ..."

ഘനീഭവിച്ച ഒരു ദുഃഖ ശകലം ഇട നെഞ്ചില്‍ പടര്‍ന്നു കയറി, പടിഞ്ഞാറെ മാനത്തെ മറയ്ക്കുന്ന കാര്‍മേ ഘ പടലം പോലെ...
അലറിപ്പാഞെത്തിയ ഒരു കരച്ചില്‍ തൊണ്ടയില്‍ ഒടുങ്ങി, ആര്‍ത്തലച്ചു പെയ്യാനോരുങ്ങിയ മഴയെ ദൈവം തടഞ്ഞത് പോലെ...

"അല്പം കഴിയട്ടെ..."

അവള്‍ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു.ജനലിലൂടെ പുറത്തേക്കു നോക്കി. ആകാശത്ത് ചന്ദ്രനില്ല. അമാവാസിയാവണം. എന്നിട്ടും നോയിഡ എന്ന പട്ടണം വെളുത്തിരിക്കുന്നു. കുട്ടിക്കാലത്ത് നോയിഡയില്‍ കറുത്ത രാത്രികള്‍ ഉണ്ടായിരുന്നത് അവളോര്‍ത്തു. അന്നിവിടെയെല്ലാം വയലുകളായിരുന്നു. ഡല്‍ഹിയില്‍ താമസിക്കാന്‍ സ്ഥലമില്ലതായപ്പോള്‍ , അല്ലെങ്കില്‍ സ്ഥലവില സാധാരണക്കാരന്‍റെ കൈപ്പിടിയില്‍ ഒതുങ്ങാതായപ്പോള്‍ കര്‍ഷകര്‍ക്ക് നക്കാപ്പിച്ച കൊടുത്ത് വയലുകള്‍ സ്വന്തമാക്കിയ റിയല്‍ എസ്റ്റേറ്റ്‌ കൊള്ളക്കാര്‍ ...ഭരണകൂടങ്ങള്‍ കണ്ണടച്ചപ്പോള്‍ ഇവിടെ നവഭാരതമുയര്‍ന്നു. കെട്ടിട സമുച്ചയങ്ങളാല്‍ വാര്‍ക്കപ്പെട്ട നോയിഡ...
കര്‍ഷകരിലാരോ മുറുമുറുത്തതറിഞ്ഞ ജാലവിദ്യക്കാരന്‍ രാഹുലന്‍ പറന്നെത്തി അവരുടെ റൊട്ടിയില്‍ പാതിയും തിന്ന് കൊട്ടാരത്തില്‍ പോയി ടെട്ടോളില്‍ കൈ കഴുകുന്ന കഥയും അവള്‍ കേട്ടിരുന്നു..സിംഹാസനത്തിലേക്ക് കുതിക്കുന്ന യുവരാജന്‍................

അങ്കിതും രാഹുലും തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് അവളോര്‍ത്തു...അധികാരം , പണം...ഇതിനു വേണ്ടി അവര്‍ ചുറ്റിനുമുള്ളവരുടെ കണ്ണില്‍ പൊടിയിടുന്നു...തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നു... യഥാര്‍ത്ഥ പ്രശ്നങ്ങളെ കണ്ടാലും കണ്ടില്ലെന്നു നടിക്കുന്നു, അല്ലെങ്കില്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറുന്നു... പ്രതികരിക്കുന്ന ഗോവിന്ദ് നരേന്ദ്രനെ പോലുള്ളവര്‍ അവരുടെ ശത്രുക്കള്‍ ആകുന്നു. പ്രതികരിക്കാത്ത ഒരു ജനത...അതാണിവര്‍ക്ക് വേണ്ടത്...

മഹാനഗരങ്ങള്‍ പടര്‍ന്നു പന്തലിക്കട്ടെ....അയല്‍ ഗ്രാമങ്ങള്‍ വിഴുങ്ങപ്പെടട്ടെ.....ഗ്രാമവാസികള്‍ ചേരികളാവട്ടെ...ദൈവം രാസലീല തുടരട്ടെ.......

പ്രിയപ്പെട്ട നോയിഡ...നീ ഒരിര മാത്രമായിരുന്നു. നിനക്ക് നഷ്ടപ്പെട്ട കറുത്ത രാത്രികള്‍ക്ക് വേണ്ടി, നിന്‍റെ ഉറക്കം കെടുത്തുന്ന വെളുത്ത രാത്രികളുടെ ക്രൂരതയോര്‍ത്ത്....ഇതിന്‍റെയെല്ലാം കാരണക്കാരായ മനുഷ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ഒരുവള്‍ എന്ന നിലയില്‍ .....പ്രിയപ്പെട്ട നോയിഡ, നിന്നോട് ഞാന്‍ മാപ്പിരക്കുന്നു.
മാപ്പ്...മാപ്പ്...മാപ്പ്.

സ്വസ്ഥമായ മനസ്സോടെ അവള്‍ തിരിച്ച് കസേരയില്‍ വന്നിരുന്നു. കലങ്ങി മറയുന്ന മനസ്സിനെ തെളിനീരാക്കാന്‍ അവള്‍ സ്ഥിരം ഉപയോഗിച്ചിരുന്ന വിദ്യയായിരുന്നു അത്. സ്വപ്ന ലോകത്തേക്ക് ഒഴുക്കി വിടുക....

"the best way for peace of mind, keep on dreaming..."

അവള്‍ ഒരു സിപ്പ് കൂടി എടുത്തു....അങ്കിത് നിശബ്ദനാണ്.

(തുടരും )

No comments:

Post a Comment