Thursday, February 16, 2012

കാലഭൈരവന്‍ 7 - കൊലപാതകം

പ്രാണരക്ഷാര്‍ത്ഥം ഓടുന്ന ഒരു ആള്‍ക്കൂട്ടത്തില്‍ താഴെ വീണവരെ ചവിട്ടി മെതിച്ച് പായുന്ന ഒരുവനെപ്പോല്‍, ഗംഗയുടെ ജലപാളികളില്‍ ചവിട്ടി കുതിച്ച് ഒരിറ്റു ശ്വാസത്തിനായ് കൊതിച്ച്, മുകളിലേക്കുയരുമ്പോള്‍ ഗോവിന്ദ് നരേന്ദ്രന്‍റെ ബോധ മണ്ഡലത്തില്‍ ചില കണക്കു കൂട്ടലുകള്‍ നടന്നിരുന്നു.

പ്രാണന്‍ വെടിയും എന്നുറപ്പായാല്‍ പോലും ഭാവിയെ കുറിച്ചുള്ള ഉത്ക്കണ്ട മനുഷ്യന്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാറില്ല. ശുഭാപ്തി വിശ്വാസിയായ ഒരു മനുഷ്യന്‍ തന്നെ ആയിരുന്നല്ലോ അവനും...

അല്‍പ്പം മുന്‍പ് ഗംഗയുടെ അടിത്തട്ടില്‍ കണ്ട പെണ്‍കുട്ടി ഒരു കൊലപാതകത്തിന്‍റെ ഇര അല്ല എന്ന് വിശ്വസിക്കാന്‍ തക്ക കാരണങ്ങള്‍ അവന്‍റെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. ഈ പുണ്യ ജലം കുടിച്ച് പ്രാണന്‍ വെടിഞ്ഞ അവള്‍ സ്വര്‍ഗ്ഗപാതയില്‍ കാലഭൈരവന് മുന്‍പില്‍ വരി നില്‍ക്കുകയാവും....ചിലപ്പോള്‍ പാപങ്ങള്‍ ചെയ്തു തുടങ്ങാനുള്ള പ്രായം ആകാത്തത് കൊണ്ട് അവള്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ എത്തിയെന്നും ഇരിക്കാം...

ഇന്നലെ രാത്രി താന്‍ സങ്കട മോചകന്‍റെ നടയില്‍ എല്ലാം മറന്നുറങ്ങുമ്പോള്‍ ഗംഗാ തീരത്ത് അവളുടെ കുരുതി നടക്കുകയായിരുന്നിരിക്കണം....ബലിഷ്ടരായ രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്നായിരിക്കണം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരിക്കുക....പിടറാന്‍ ശ്രമിക്കുന്ന അവളെ വായ പൊത്തി ഇരുട്ടിന്‍റെ മറവില്‍ ചില രൂപങ്ങള്‍ കൊണ്ട് വരുന്നത് അവന് കാണാം....അതോ, അവളെ മരുന്ന് കൊടുത്ത് മയക്കിയാവുമോ കൊണ്ട് വന്നിരിക്കുക...?
വലിയ കല്ലില്‍ അവളുടെ കാലുകള്‍ ബന്ധിച്ച് അവളെ അവര്‍ തൂക്കി എറിഞ്ഞിരിക്കണം.....അവള്‍ മുഴുവനായി മുങ്ങി താഴ്ന്നു എന്നുറപ്പ് വരുത്തിയിട്ടാകും അവര്‍ ഗംഗാതീരം വിട്ടിട്ടുണ്ടാകുക....

കാണാതായ മകളെ തേടി ഇപ്പോള്‍ അവളുടെ മാതാപിതാക്കള്‍ അലയുകയാവണം...അതോ, അവര്‍ക്കും ഈ ഹത്യയില്‍ പങ്കുണ്ടാകുമോ....?

കുടുംബത്തിന്‍റെ മാനത്തിന് മക്കളുടെ ചോരയേക്കാള്‍ വിലയുള്ള ഉത്തരേന്ത്യയില്‍ അത്തരമൊരു സാധ്യതയും തള്ളിക്കളയാനവില്ല.

ഹോണര്‍ കില്ലിങ്ങിന്‍റെ ഇരയും , അവന്‍റെ അയല്‍വാസിയുമായിരുന്ന ആരുഷി താള്‍വാറിനെ അവന്‍ ഒരു നിമിഷം സ്മരിച്ചു പോയി...

ഏയ്‌....ഇല്ല....ഈ പെണ്‍കുട്ടിക്ക് അതിനുള്ള പ്രായം ആയില്ല.....പകലൊക്കെ ഉടുപ്പിച്ചോരുക്കിയ ഒരു പാവകുട്ടിയെ രാത്രിയില്‍ നെഞ്ചോട്‌ ചേര്‍ത്തുറങ്ങാനുള്ള പ്രായമേ ഇവള്‍ക്കുള്ളൂ......പ്രണയ സ്വപ്നങ്ങളെ നെഞ്ചോട്‌ ചേര്‍ത്തുറങ്ങിയവരാണ് പിന്നീട് ജന്മം തന്നവരുടെയോ ഉട പിറന്നോരുടെയോ കൊലകത്തിക്കിരയായവര്‍.......ഓടകളില്‍ നിന്ന് കബന്ധം ഇല്ലാതെ കണ്ടെടുക്കപ്പെട്ടവര്‍ .

ആര്....? എന്തിന്.....? എപ്പോള്‍......? എങ്ങിനെ....?

ചോദ്യങ്ങള്‍ പലത് ഉത്തരം ഒന്ന് മാത്രം...."കൊലപാതകം".

"സംഗതി കൊലപാതകമാണ് " എന്ന നാടന്‍ പ്രയോഗം തീവ്രമാവുന്നത് അത് വരും വരായ്കകളെ ഓര്‍മ്മപ്പെടുത്തുന്നു എന്നതിനാലാണ്.

കൊലപാതകം തെളിയിക്കപ്പെടണമെങ്കില്‍ സാക്ഷി വേണം...
ഇവിടെ ഗോവിന്ദ് നരേന്ദ്രന്‍ സാക്ഷിയാണ്.....കൊല നടന്നു എന്നതിന്‍റെ സാക്ഷിയല്ല......മൃതദേഹം കണ്ട ആദ്യസാക്ഷി....
കോടതി മുറിയില്‍ കറുത്ത കൊട്ടിട്ടവന്‍റെ വാക്ശരങ്ങള്‍ക്ക് പരിച തീര്‍ക്കേണ്ട ഒന്നാം സാക്ഷി....

ശാന്തിയുടെ തീരങ്ങള്‍ തേടി കാശിയിലെത്തിയ അവനെ അശാന്തിയുടെ പുകപടലങ്ങള്‍ പൊതിയുവാന്‍ ആ മൃതദേഹം കാരണമായേക്കാം....

വയ്യ....പുറത്ത് കടന്നേ പറ്റൂ.....അശാന്തിയുടെ പുകപടലങ്ങള്‍ ശ്വാസം മുട്ടിക്കും മുന്‍പേ ദൂരത്തേക്കു ഓടി മറയണം....കാണാ മറയത്തെക്ക്....

കാരണം, ഗോവിന്ദ് നരേന്ദ്രനും ഈ ലോകത്ത് ഏറ്റവും സ്നേഹം അവനെ തന്നെ ആയിരുന്നല്ലോ.....?

"ആത്മാവ് കൂടൊഴിഞ്ഞ ബാലികാ ശരീരമേ.....
ശരീരം കൈവിട്ട ബാലികാ ആത്മാവേ.....
നിങ്ങള്‍ ഈ വരത്തനോട് പൊറുക്കുക....
അവന്‍റെ ഭീരുത്വത്തില്‍ സഹതപിക്കുക.....
അവന്‍റെ സ്വാര്‍ത്ഥതയെ വെറുക്കുക......
കാരണം, നീയും ഞാനും അവനും എല്ലാം ദൈവപുത്രര്‍ തന്നെ."

ഗംഗാതീരത്ത് ജാനിക്കൊപ്പം അലക്ഷ്യമായി നടക്കുമ്പോള്‍ ഗംഗയുടെ അഗാധതകളില്‍ കണ്ട നടുക്കുന്ന കാഴ്ച അവളോട്‌ മറച്ചു വെക്കാന്‍ അവനുള്ള നീതീകരണം അത് മാത്രമായിരുന്നു.

"നീ ഒരിന്ത്യക്കാരനല്ലേ......?" അവളുടെ ചോദ്യത്തില്‍ അല്‍പ്പം കുസൃതി ഒളിഞ്ഞിരുന്നുവോ.....

"എന്താ....സംശയം....?"

"പിന്നെ എന്ത് കൊണ്ട് നീ എനിക്ക് കൈ നീട്ടി ഹലോ പറഞ്ഞു....?"

ഇന്ത്യക്കാരന്‍ കൈ നീട്ടി ഹലോ പറയാന്‍ പാടില്ല എന്നുണ്ടോ....എന്ന ഒരു സംശയം അവന്‍റെ ഉള്ളില്‍ തികട്ടി വന്നു. അവളെ ഒന്ന് കൂടി വ്യക്തമായി കിട്ടാന്‍ വേണ്ടി അവന്‍ പറഞ്ഞു.

"മനസ്സിലായില്ല....."

"ഒരിന്ത്യക്കാരനായ നീ എന്ത് കൊണ്ട് കൈ നീട്ടി ഹലോ പറഞ്ഞു എന്നാണെന്‍റെ ചോദ്യം....?" അവള്‍ ആവര്‍ത്തിച്ചു.

"അതിലിപ്പോ എന്താണ് തെറ്റ്....എല്ലാ ഇന്ത്യക്കാരും ഇങ്ങനെ ചെയ്യാറുണ്ട്.....ഞാനും ചെയ്തു....." അവന്‍ വളരെ നിസ്സാരമായി പറഞ്ഞു.

"തെറ്റുണ്ടെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ.....കൈ കൂപ്പി നമസ്തേ പറയുന്നതല്ലേ നിങ്ങളുടെ സംസ്കാരം....അതെന്തു കൊണ്ട് അനുവര്‍ത്തിച്ചില്ല....?"

അവള്‍ ഉദ്ദേശിച്ച കാര്യം അപ്പോള്‍ മാത്രമാണ് അവന് മനസ്സിലായത്‌....കൈ കൂപ്പി നമസ്തേ പറയഞ്ഞതാണ് പ്രശ്നം...

"ഓ...അതോ....ഞങ്ങള്‍ ഇന്ത്യക്കാര്‍ നിങ്ങളെ പിന്തുടരുന്നതില്‍ അല്പം അഭിമാനിക്കുന്നവര്‍ ആണെന്ന് കൂട്ടിക്കോ....?" അവന്‍ ചിരിച്ചു കൊണ്ടാണ് അത് പറഞ്ഞത്.

"പിന്തുടരുന്നു എന്ന് പറയരുത്......അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുന്നു എന്ന് വേണം പറയാന്‍...."
അവളുടെ വാക്കുകളില്‍ അല്‍പ്പം പുച്ഛം കലര്‍ന്നിരുന്നോ....? അവസാനമയി ആരോടെങ്കിലും കൈ കൂപ്പി നമസ്തേ പറഞ്ഞത് എന്നാണെന്ന് അവന്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇല്ല....ഓര്‍മ്മയിലൊന്നും അങ്ങനെ ഒരു സംഭവമേ ഇല്ല....പരിചയപ്പെട്ട എല്ലാവര്‍ക്കു നേരെയും തന്‍റെ കൈകള്‍ നീളുക മാത്രമാണ് ചെയ്തിരിക്കുന്നത്....തന്‍റെ സംസ്കാരം തന്നെ പഠിപ്പിച്ച കാര്യം ഓര്‍മ്മപ്പെടുത്തുവാന്‍ ഒരു വിദേശി പെണ്ണ് വേണ്ടി വന്നതിലെ വിരോധാഭാസം ഓര്‍ത്തു കൊണ്ടും അതിലെ ജാള്യത മറച്ചു കൊണ്ടും അവന്‍ പറഞ്ഞു.

"ശരി...ഇനി മുതല്‍ ഞാന്‍ ആരെ പരിചയപ്പെട്ടാലും അവരെ കൈ കൂപ്പി നമസ്തേ പറഞ്ഞോളാം"

ഒരു തെറ്റ് തിരുത്തല്‍ പോലെ അവളെ കൈ കൂപ്പി അവന്‍ പറഞ്ഞു.

"നമസ്തെ....ജാനറ്റ് അല്‍ബേര ലോറന്‍സ്"

അവള്‍ തിരിച്ചും പറഞ്ഞു.

"നമസ്തേ....ഗോവിന്ദ് നരേന്ദ്രന്‍."

അവളുടെ അടുത്ത ചോദ്യം അവന്‍റെ സാംസ്‌കാരിക ബോധത്തില്‍ തറക്കപ്പെട്ട വലിയൊരു ആണിയായിരുന്നു.

"നമസ്തേ...എന്ന വാക്കിന്‍റെ അര്‍ത്ഥം എന്താണ്....?"

അവന്‍ ഒന്നന്തിച്ചു പോയി....നമസ്തേ എന്ന വാക്കിന്‍റെ അര്‍ത്ഥം ....ഒരിക്കല്‍ പോലും അങ്ങനെ ഒരു ചോദ്യം അവന്‍റെ മനസ്സില്‍ കടന്നു വന്നിട്ടില്ല.....അവന്‍ വായിച്ച പുസ്തകങ്ങളിലും കണ്ടിട്ടില്ല.....അല്‍പ്പം അറിവുള്ളവന്‍ എന്ന് സ്വയം അഹങ്കരിച്ചിരുന്ന ഗോവിന്ദ് നരേന്ദ്രന്‍ ചെറുതാവുന്ന പോലെ.....
നമസ്തെ എന്ന വാക്കിന് അര്‍ത്ഥമുണ്ടോ....? അതൊരു അഭിവാദ്യ രീതി മാത്രമല്ലെ....? ലാല്‍ സലാമിന്‍റെ അര്‍ത്ഥം ആണിവള്‍ ചോദിച്ചതെങ്കില്‍ എളുപ്പം പറയാമായിരുന്നു......ഹലോ എന്ന വാക്കിന്‍റെ അര്‍ത്ഥം ചോദിച്ച് അവളെ ഒന്ന് കുഴക്കിയാലോ.....? വേണ്ട....സ്വയം ഒരു കുഴി കുഴിച്ച് അതില്‍ വീഴുന്ന പോലെയാവും........അറിയാത്ത കാര്യം അറിയില്ല എന്ന് സമ്മതിക്കുന്നതാണ് ബുദ്ധി....

"അറിയില്ല....ഞാന്‍ അതേപറ്റി ചിന്തിച്ചില്ല എന്നതാണ് സത്യം..."

"നിന്‍റെ ഹൃദയത്തില്‍ വസിക്കുന്ന ഈശ്വരനെ ഞാന്‍ നമിക്കുന്നു"

(തുടരും)

No comments:

Post a Comment