Saturday, February 11, 2012

കാലഭൈരവന്‍ 6 - ഗംഗ

ഒരു ചെങ്കൊടി ഉയരും പോലെയാണ് ഗംഗക്കു മുകളില്‍ വാരാണസിയിലെ സൂര്യോദയം....ഒരു വട്ട ചെങ്കൊടി.

ജന്മാന്തര ബന്ധങ്ങളുടെ ഭാരവും പേറി രണ്ടു പേര്‍ സംഗമിക്കുന്നതിനു സാക്ഷിയാവാന്‍ സൂര്യനും, ഗംഗയും, ഹരിശ്ചന്ദ്ര ഘാട്ടിലെ ചിതയില്‍ യുഗങ്ങളായി ആളി പടരുന്ന അഗ്നിയും, ഒരു മന്ദമാരുതനായി വായുവും, ഉറക്കമുണര്‍ന്ന ദൈവവും, പിന്നെ ഊഴം കാത്തു നിന്ന ആത്മാവിനോട് അല്‍പ്പം താമസമുണ്ടെന്നറിയിച്ച്, കാശിയുടെ കാവല്‍ ഭടന്‍ കാലഭൈരവനുമുണ്ടായിരുന്നു.

"ധ്യാനം....?"

ജാനറ്റ് അല്‍ബേര ലോറന്‍സ് എന്ന വിദേശ വനിത, അത്രയൊന്നും സ്ഫുടതയില്ലാത്ത ഇംഗ്ലീഷില്‍, കൗതുകത്തിനൊപ്പം അല്‍പ്പം ഗൗരവവും ഇടകലര്‍ത്തി , ഗോവിന്ദ് നരേന്ദ്രന്‍ എന്ന ഭാരതീയനോട് ചോദിച്ച ആദ്യ ചോദ്യം.

എവിടെയോ കേട്ട് മറന്ന ശബ്ദം പോലെ...ഒരു പരിചിത ശബ്ദം....പക്ഷെ, എവിടെ.?.....ഏയ്‌ , ഇല്ല....തോന്നല്‍..........വെറും തോന്നല്‍ മാത്രം...

അവളുടെ ചോദ്യത്തിന് മറുപടിയായി അവന്‍ നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി.

"പിന്നെ...?" അവള്‍ക്കതറിഞ്ഞേ തീരൂ.

"ഗംഗയില്‍ ഒരു പുണ്യ സ്നാനം...."

ആ മറുപടി അവളെ അല്‍പ്പം ഒന്നാശ്ചര്യപ്പെടുത്തി . അവളുടെ പുരികം അല്പം ഉയര്‍ന്നു.

"പക്ഷെ, നീ നനഞ്ഞില്ലല്ലോ.....?" അവള്‍ വിടാന്‍ ഭാവമില്ല.

"എന്‍റെ ആത്മാവ് നനഞ്ഞു...."

അത് രസിച്ച മട്ടില്‍ അവള്‍ പറഞ്ഞു...

"അതൊരു ബുദ്ധിപരമായ ഉത്തരമാണ്...."

ഒരു ചെറുചിരിയോടെ അവന്‍ പറഞ്ഞു.

"ഞാനൊരു ബുദ്ധിമാനായ മനുഷ്യനും....."

അവന്‍റെ കൂട്ടി ചേര്‍ക്കല്‍ അവള്‍ ആസ്വദിച്ചു എന്ന് വ്യക്തം....അവളുടെ ചുണ്ടില്‍ തത്തി കളിച്ചിരുന്ന ആ മന്ദഹാസം ഒരു വിടര്‍ന്ന പുഞ്ചിരിക്ക് വഴി മാറി. രുക്മിണീ സ്വയവരം കഥകളിയില്‍ രുക്മിണീ വര്‍ണ്ണനയില്‍ പറയുന്ന ചുണ്ടുകള്‍...., രണ്ടു നയനങ്ങളെ ചേര്‍ത്ത പോലുള്ള ആ ചുണ്ടുകളാണ് അവളുടെതെന്ന് അവനോര്‍ത്തു.

അവന്‍ എഴുന്നേറ്റ് രണ്ട് പടി താഴേക്കിറങ്ങി അവള്‍ക്കു തൊട്ടു മുന്‍പിലെത്തി, അവള്‍ക്കു നേരെ കൈ നീട്ടി പറഞ്ഞു.

"ഹലോ ......ഞാന്‍ ഗോവിന്ദ് നരേന്ദ്രന്‍....""""

അവളും കൈ നീട്ടി അവനെ അഭിവാദ്യം ചെയ്തു.

"ഹലോ....ജാനി....ജാനറ്റ് അല്‍ബേര ലോറന്‍സ്..."

അവളുടെ കൈകള്‍ക്ക് വല്ലാത്തൊരു മാര്‍ദ്ദവം അവനനുഭവപ്പെട്ടു. അവന്‍ സ്പര്‍ശിച്ച ആദ്യ വിദേശ വനിത. അവന്‍ തുടര്‍ന്നു

"പരിചയപ്പെട്ടതില്‍ സന്തോഷം...."

"തിരിച്ചും.... എവിടെയോ കണ്ടു മറന്ന പോലെ....പക്ഷെ, എവിടെ....?" അവള്‍ ഓര്‍മ്മ വരാത്തത് പോലെ ഒന്ന് തല വെട്ടിച്ചു.

"ഞാനാവില്ല....എന്നെ പോലെ എട്ടു പേര്‍ കൂടി ഈ ലോകത്തുണ്ട്.....അവരിലാരെങ്കിലും ആയിരിക്കും...." അവന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞു.

"ആയിരിക്കും...."

"ഒരു കാര്യം ഉറപ്പാണ്‌....?"

"എന്ത്....?"

"ഇനി എന്നെ മറക്കില്ല...."

"കാരണം...?"

" എന്‍റെ സ്വഭാവമുള്ള ഒരേയൊരാള്‍ ഞാന്‍ മാത്രമേ ഉള്ളൂ...."

"ആയിരിക്കാം......"

"ആയിരിക്കാം എന്നല്ല......ആണ്."

അവന്‍ അല്‍പ്പം തറപ്പിച്ചാണ് അത് പറഞ്ഞത്. അവന്‍റെ ആ വിശ്വാസത്തെ അവള്‍ എതിര്‍ത്തില്ല...ചിരിച്ചതേയുള്ളൂ...


"മനസ്സിലെ പൊടിയും മാറാലയും കാറ്റില്‍ പറത്തി വിട്ടു. ഇനി ശരീരത്തിലെ ചെളി മാത്രമേ ബാക്കിയുള്ളൂ.....അത് ഗംഗയില്‍ ഒഴുക്കണം.....വിരോധമില്ലെങ്കില്‍ ഈ ബാഗിന് അല്‍പ നേരം കാവലിരിക്കാമോ....? വഴി ചിലവിനുള്ള പണത്തെക്കാള്‍ നഷ്ടപെട്ട് പോയേക്കാവുന്ന ഒരു ഡയറിക്ക് വേണ്ടിയാണ് ഈ അപേക്ഷ."

സഹായം ആരഭ്യര്‍ത്തിച്ചാലും നിരസിച്ചു ശീലമില്ലാത്ത അവള്‍ക്കു, അവനെ സഹായിക്കാന്‍ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ...

"തീര്‍ച്ചയായും.....നീ ധൈര്യമായി കുളിച്ചു വന്നോളൂ...."

അവള്‍ ആ കല്‍പ്പടവില്‍ ഇരുന്നു. അവന്‍റെ ബാഗിന് കാവലായി....അതിലുപരി അവന്‍റെ ഓര്‍മകളുടെ ഹാര്‍ഡ് ഡിസ്കായ ആ ഡയറിക്ക് കാവലായി.

ഒരു നിമിഷത്തെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അവന്‍ കണ്ണടച്ച് ഗംഗയിലേക്ക് ചാടി.....ആഴങ്ങളിലേക്ക് ഊളിയിട്ടു.

ഗംഗ അവനെ സന്തോഷപൂര്‍വ്വം ഏറ്റു വാങ്ങുകയായിരുന്നു. പാപങ്ങളില്ലാത്ത ഒരുവനെ ആദ്യമായി അനുഭവിക്കുകയായിരുന്നു ഗംഗ...ഗംഗയില്‍ ജലനിരപ്പല്‍പ്പം ഉയര്‍ന്നു....അതെ , ഗംഗ കരയുകയായിരുന്നു. സായൂജ്യവതിയായ ഗംഗയെ കണ്ട് ദൈവവും കാലഭൈരവനും പരസ്പരം കണ്ണിറുക്കി.

അമ്മയുടെ മടിത്തട്ടില്‍ കിടന്ന്, വാത്സല്യപൂര്‍ണ്ണമായ കൊഞ്ചിക്കല്‍ ഏറ്റു വാങ്ങി , കൈകാലിളക്കി കുടുകുടെ ചിരിക്കുന്ന ഒരു കൈകുഞ്ഞായി മാറുകയായിരുന്നു അവന്‍.... ..... ജീവിതത്തില്‍ ഒരു മനുഷ്യന് ഏറ്റവും സുരക്ഷിത ബോധം തോന്നുന്ന അവസ്ഥ....അരക്ഷിതാവസ്ഥ തന്നെ കാതിരിക്കുന്നതറിയാതെ ഓരോ മനുഷ്യനും കടന്നു വരുന്ന സുരക്ഷിത കവചം...

ഇടയ്ക്കു പൊങ്ങി ശ്വസമെടുത്തവന്‍ മലര്‍ന്നു നീന്തി, എന്നിട്ടുച്ചത്തില്‍ പാടി.

I come as an orphan to you, moist with love.
I come without refuge to you, giver of sacred rest.
I come a fallen man to you, uplifter of all.
I come undone by disease to you, the perfect physician.
I come, my heart dry with thirst, to you, ocean of sweet wine.
Do with me whatever you will.
Do with me whatever you will......
Do with me whatever you will......

അവന്‍ വീണ്ടും ഗംഗയുടെ അഗാധതകള്‍ തേടി.....ആഴങ്ങളില്‍ നിന്ന് ആഴങ്ങളിലേക്ക്.....കുട്ടിക്കാലത്ത് അമ്പലകുളത്തില്‍ മുങ്ങാം കുഴിയിട്ട് കരയില്‍ കൂട്ടുകാരെ കൊണ്ട് എണ്ണിച്ചിരുന്ന അനുഭവസമ്പത്ത് അവന് തുണയായി.
ഒരു വിദേശി പെണ്ണ് തീരത്ത് തന്‍റെ ഓര്‍മകള്‍ക്ക് കാവലിരിക്കുന്നത് അവന്‍ വിസ്മരിച്ചിരുന്നു.

ഗംഗാ വേഴ്ചയുടെ മൂര്‍ദ്ധന്യത്തില്‍ ശരീരത്തില്‍ എന്തോ തടഞ്ഞത് പോലെ അവന് തോന്നി. അവന്‍ കണ്ണ് തുറന്നു. ജല പാളികള്‍ക്കിടയില്‍ അവന്‍ ആദ്യം ദര്‍ശിച്ചത് ഒരു കാര്‍കൂന്തലായിരുന്നു. പുത്തന്‍ ചുരിദാറിട്ട്, കുപ്പി വളകള്‍ അണിഞ്ഞ ഒരു പെണ്‍കുട്ടി...നല്ല ചൈതന്യമുള്ള മുഖം. അവള്‍ കണ്ണുകളടച്ച്‌ ധ്യാനിക്കുന്നത് പോലെ അവന് തോന്നി....ആരാണിവള്‍?

അവന്‍ അവളെ ആപാദചൂഡം ഒന്നുഴിഞ്ഞു. അപ്പോഴാണ് ആ ഞെട്ടിപ്പിക്കുന്ന കാഴ്ച അവന്‍ കണ്ടത്. അവളുടെ കാലില്‍ പാദസരമല്ല, മറിച്ച് കയറാണ്.....ആ കയറിന്‍റെ അറ്റം വലിയൊരു കല്ലില്‍ ബന്ധിച്ചിരുന്നു.

കയറുകെട്ടി താഴ്ത്തിയ ബാലികാ ജഡം........

ഒരു മിന്നല്‍പ്പിണര്‍ അവന്‍റെ നെഞ്ചില്‍ നിന്നുത്ഭവിച്ച് തലച്ചോര്‍ വഴി പറന്നു പോയി.

മീനുകള്‍ കൊത്താത്ത, അഴുകി തുടങ്ങാത്ത ഒരു പച്ച ശവം....ബാലികാ ശവം.

ഗോവിന്ദ് നരേന്ദ്രന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നുവോ.....? കൈ കാലുകള്‍ തളരുന്നുവോ....? ആ ബാലികാ ജഡത്തിനിണയായി മറ്റൊരു ജഡമായി അവന്‍ മാറുന്നുവോ....? കാലഭൈരവന്‍റെ ചുറ്റികയടി ഏറ്റു വാങ്ങി സ്വര്‍ഗ്ഗപ്രാപ്തി കൈ വരിക്കാനുള്ള വരിയിലെ മറ്റൊരാത്മാവായി മാറാനുള്ള പ്രയാണം അവന്‍ തുടങ്ങുന്നുവോ....?

മൃത്യു നിയോഗമായിരുന്നോ കാല ഭൈരവന്‍ അവനായി വാരണാസിയില്‍ ഒരുക്കിയിരുന്നത്......? ചോരയൂറ്റുന്ന ഒരു വടയക്ഷിയാണോ ഗംഗ....?ഇതിനായിരുന്നോ അവള്‍ അവനെ വശീകരിച്ചത്....? അവനോടൊത്ത് രമിച്ചത്.....?

ഗംഗയുടെ അഗാധത.......ബാലികാ ജഡം.......ഗോവിന്ദ് നരേന്ദ്രന്‍.....

ബോധം മറഞ്ഞു തുടങ്ങിയ അവന്‍റെ കാതുകളിലേക്ക് ആറ് ജന്മങ്ങള്‍ക്കപുറത്തെ വിദൂരതയില്‍ നിന്നൊരു ശബ്ദം ഒഴുകിയെത്തിയോ ?.....കരച്ചിലിന്‍റെ വക്കോളമെത്തിയ , സ്ഫുടമല്ലാത്ത മലയാളത്തില്‍ ഒരു അലറി വിളി....അതവനെ ഉണര്‍ത്തിയോ....? ദീര്‍ഘ യാത്രക്കൊരുങ്ങുമ്പോള്‍ പ്രിയമുള്ളവരാരോ ഒരു പിന്‍വിളി വിളിച്ച പോലെ....

"ഗോവിന്ദ് നരേന്ദ്രന്‍......................ഗോവിന്ദ് ...............ഗോവിന്ദ് നരേന്ദ്രന്‍....."......."

ജാനിയുടെ വിളി ഗംഗയിലെ ഓളങ്ങള്‍ ഏറ്റു വാങ്ങി....പ്രതികരിക്കാനറിയാത്ത ഓളങ്ങള്‍............................ഏറ്റു വാങ്ങാന്‍ മാത്രം വിധിക്കപ്പെട്ടവര്‍..

അവളുടെ വിളിയും വിളറിയ ഭാവവും കണ്ട് ചിലര്‍ അടുത്തെത്തി കാര്യം തിരക്കി.

"എന്‍റെ സുഹൃത്ത്‌.................എന്‍റെ സുഹൃത്ത്‌......"........".........."

മുഴുമിക്കാനാവാതെ അവള്‍ ഗംഗയിലേക്ക് വിരല്‍ ചൂണ്ടി.....ഉദയകിരണങ്ങളില്‍ ചുവന്നു കിടക്കുന്ന ഓളങ്ങള്‍ മാത്രം.....ഗംഗയുടെ വിശാലതയില്‍ ദൂരെയായി ഒഴുകി നീങ്ങുന്ന ഒരു തോണിയും.....

കൂട്ടത്തിലെ രണ്ട് സന്യാസിമാര്‍ ഗംഗയിലേക്ക് ചാടനോരുങ്ങിയപ്പോഴേക്കും ഓളങ്ങള്‍ക്ക് മുകളില്‍ അവന്‍ പ്രത്യക്ഷനായി. അവന്‍ നീന്തി കരയോടടുത്തു. ഒരു സന്യാസി അവളോട്‌ പറഞ്ഞു.

"ഗംഗാ മാതക്ക് രക്ഷിക്കാനെ അറിയൂ...ശിക്ഷിക്കാന്‍ അറിയില്ല....."

അവള്‍ അത് ശ്രദ്ധിച്ചില്ല. ഒരു ചെറു പുഞ്ചിരിയോടെ പടികള്‍ കയറി വരുന്ന ഗോവിന്ദ് നരേന്ദ്രനില്‍ ആയിരുന്നു അവളുടെ ശ്രദ്ധ. അവിടത്തെ ആള്‍ക്കൂട്ടവും അവളുടെ മുഖഭാവവും കണ്ടപ്പോള്‍ അവന് സംഗതികള്‍ പിടി കിട്ടി. അവിടെ കൂടിയവര്‍ പിരിഞ്ഞു.

അവന്‍ അടുത്തെത്തിയതും വെള്ളമിറ്റ് വീഴുന്ന അവന്‍റെ ഇടത്തെ നെഞ്ചില്‍ കൈ ചുരുട്ടി അവള്‍ ഒരു പരിഭവ ഇടി ഇടിച്ചു.

വിദേശി ആയാലും സ്വദേശി ആയാലും പെണ്ണ് , പെണ്ണ് തന്നെ......അവന്‍ ചോദിച്ചു.

"ഭയന്നോ.....?"

അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ രണ്ട് കണ്ണ്നീര്‍ തുള്ളികള്‍ ആയിരുന്നു അതിനുത്തരം....

"എന്‍റെ നാട് കേരളമാണ്.....സംഭവം ഒരു കൊച്ചുനാടാണെങ്കിലും , കുറച്ചു കായലുകളും, നാല്‍പ്പത്തിനാല് നദികളും, എണ്ണിയാലൊടുങ്ങാത്ത കുളങ്ങളുമുള്ള നാട്....അമ്മമാര്‍ ഞങ്ങളെ പെറ്റിടുന്നതേ കുളത്തിലേക്കാണ്‌..........മക്കളെ പോയി നീന്തല്‍ പടിയെടാ എന്ന് പറഞ്ഞ്...പിന്നെ ഇതും ഒരമ്മയല്ലേ.....ഗംഗമ്മ"

കണ്ണ് നീരോപ്പിയതല്ലാതെ അവള്‍ ഒന്നും പറഞ്ഞില്ല

"ആരും ആര്‍ക്കു വേണ്ടിയും കരയാത്ത ഇക്കാലത്ത് എനിക്ക് വേണ്ടി നീ ഒഴുക്കിയ ഈ കണ്ണുനീരിന് ഞാന്‍ നന്ദി പറയുന്നില്ല.....അതൊരു കടപ്പാടായി അവിടെ നില്‍ക്കട്ടെ...ഒരു തീരാക്കടം."

"അറിയില്ല.....ഞാന്‍ വല്ലാതെ ഭയന്നു പോയി.....ചിലപ്പോള്‍ എനിക്ക് വേണ്ടി കണ്ണീരൊഴുക്കി ആയിരിക്കും നീയീ കടം വീട്ടാന്‍ പോകുന്നത്...."

"കൊള്ളാം...അതൊരു ബുദ്ധിപരമായ ഉത്തരമാണ്...."

"ഞാനൊരു ബുദ്ധിമതിയായ പെണ്ണും...."

അവര്‍ക്ക് പൊട്ടി ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ജീവിതം എത്ര വിചിത്രമാണ്.....
സന്തോഷം സങ്കടം ആയി മാറാനും, സങ്കടം സന്തോഷമായി മാറാനും നിമിഷങ്ങള്‍ മാത്രം.....ഭാഗ്യം എന്ന ചക്രത്തിന്‍റെ ഉരുളല്‍ വിധി എന്ന പാളത്തിലൂടെയാണ്.

(തുടരും)







No comments:

Post a Comment