Thursday, February 2, 2012

കാലഭൈരവന്‍ 5 - ജാനറ്റ് അല്‍ബേര ലോറന്‍സ്

ഗോവിന്ദ് നരേന്ദ്രന്‍റെ വാരാണസിയിലെ ആദ്യ പ്രഭാതത്തിന് തുടക്കം ചന്തിയില്‍ വീണ ഒരടിയിലൂടെയായിരുന്നു. അതിന്‍റെ ചെറിയൊരു ആഘാതത്താല്‍ ഞെട്ടിയുണര്‍ന്ന അവന്‍റെ കണി ഒരു ചൂലും.... വലിയൊരു മുളവടിയുടെ അറ്റത്ത്‌ കെട്ടിയ ചൂല്‍.....................
ആ മുളവടി പിടിച്ചിരുന്നതും, അത് വച്ച് അവനെ തൊഴിച്ചതും ഒരു കാഷായ വസ്ത്രധാരി....
ക്ഷേത്രം വക അടിച്ചു തെളിക്കാരന്‍ ആയിരിക്കണം. അടിച്ചു തെളിക്കാരനും കാഷായ വസ്ത്രമോ.....? പുണ്യനഗരത്തിന്‍റെ മറ്റൊരു വികൃതി.

അതിരാവിലെ തന്നെ ഒരുവനെ വേദനിപ്പിക്കാന്‍ കഴിഞ്ഞതിന്‍റെ ക്രൂര സന്തോഷം തത്തികളിക്കുന്ന ചുണ്ടുകള്‍ ആക്രോശിച്ചു.

"എണീക്ക്...എണീക്ക്..എന്നിട്ട് സ്ഥലം കാലിയാക്ക്.....അമ്പലം വൃത്തിയാക്കണം...."

അപ്പോഴാണ് അവന്‍ ചുറ്റിനും ശ്രദ്ധിച്ചത്. തലേന്ന് കൂടെയുറങ്ങിയവര്‍ എല്ലാം സ്ഥലം വിട്ടിരിക്കുന്നു.....അവരുടെ അവശിഷ്ടങ്ങള്‍ പോലുമില്ല. അവനഭയം കൊടുത്ത സന്യാസിയും അയാളുടെ ഭാണ്ടകെട്ടുമില്ല. ആ രാത്രിയുടെ ഓര്‍മക്കായ്‌ അവര്‍ കിടന്നിരുന്ന നീലവിരി മാത്രം ബാക്കി.
അവന്‍ ബാഗെടുത്ത് തോളിലിട്ട്‌, വിരി മടക്കി സന്യാസിയോട് പറഞ്ഞു.

"നല്ലൊരു സ്വപ്നം കാണുകയായിരുന്നു....താങ്കളത്‌ നശിപ്പിച്ചു...."

"ഓഹോ...കണക്കായിപ്പോയി....സ്വപ്നം കാണാന്‍ ഗംഗാ തീരത്ത് പോയിരിക്ക്....ഇഷ്ടം പോലെ സ്ഥലമുണ്ട്....കൂട്ടിനു കുറെ വട്ടന്‍ സ്വാമിമാരും കാണും....അല്ല പിന്നെ...."

അയാള്‍ പിന്നെയും എന്തോ പിറുപിറുത്തു...അത് കേള്‍ക്കാന്‍ നില്‍ക്കാതെ, അവന്‍ പുറത്തേക്ക് നടന്നു. വെളിച്ചം പരന്നു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ ....സമയം അറിയില്ല.
പണ്ട് മേല്‍പ്പത്തൂര്‍ ഓടിട്ടോരിയത്തില്‍ കൃഷ്ണാട്ടത്തിനും നിര്‍മാല്യത്തിനും ഇടക്കുള്ള വേളയില്‍ ഒന്ന് മയങ്ങുമ്പോള്‍ രണ്ടു മണിക്ക് ക്ഷേത്രം ജീവനക്കാര്‍ വന്ന് മണിയടിച്ചുണര്‍ത്താറുള്ളത് അവന്‍ ഓര്‍ത്തു.....ഭക്തരോട് പുലര്‍ത്തേണ്ട മര്യാദ ഇവിടതുകാര്‍കില്ലെന്നു തോന്നുന്നു. അല്ലെങ്കിലും ഭക്തി ഒരു കച്ചവടം മാത്രമായി മാറിയല്ലോ....?

ക്ഷേത്രത്തിലേക്ക് ഭക്തരുടെ തിരക്ക് ഏറി വരുന്നുണ്ടായിരുന്നു. സങ്കടമോചകനായ ഹനുമാനെ താണ് വണങ്ങി സങ്കടങ്ങളില്‍ നിന്ന് മോചനം നേടി ഒരു സന്തോഷജീവിതം സ്വപ്നം കണ്ട് ഓരോ ഭക്തരും...
എല്ലാവരും വിഭാവനം ചെയ്യുന്ന എന്നാല്‍ ആരും നേടാത്ത ഒരു ജീവിതം.....
സങ്കടങ്ങളില്ലാത്ത ജീവിതം....അതൊരു മരുപ്പച്ച മാത്രമാണെന്ന് നാം തിരിച്ചറിയുന്നില്ല.....
സങ്കടങ്ങള്‍ തീര്‍ന്ന് കഴിഞ്ഞാല്‍ തന്നെ ആരും ഗൌനിക്കില്ലെന്നു വ്യക്തമായി അറിയാവുന്നത് കൊണ്ടും, തന്നെ ആശ്രയിച്ചു കഴിയുന്ന കുറെ പേരുടെ അന്നം മുടങ്ങും എന്നുള്ളത് കൊണ്ടും ദൈവം മനുഷ്യര്‍ക്കിടയില്‍ സങ്കടവിതരണവും, നിവാരണവും ഒരു പ്രത്യേക അനുപാതത്തില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. തുടരുകയും ചെയ്യും.
ദൈവത്തിന്‍റെ പൊള്ള വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഭക്തര്‍ അമ്പലങ്ങളിലും പള്ളികളിലും കയറി ഇറങ്ങുന്നു. സ്തുതി ഗീതങ്ങള്‍ പാടുന്നു. ഭക്തി ഒരു ചങ്ങല മാത്രമാണ്.....മനുഷ്യനെയും ദൈവത്തെയും ബന്ധിച്ചു നിര്‍ത്തുന്ന ചങ്ങല....

"God is the great hypocrite ever lived or not...."

പുറത്തവന്‍ കണ്ട ആദ്യകാഴ്ച ഒരുന്തുവണ്ടിചായക്കടയും ചായ കുടിച്ചിരിക്കുന്ന കുറച്ചാളുകളുമായിരുന്നു.
ഒടിഞ്ഞു തൂങ്ങാറായ ഒരു ബെഞ്ചില്‍ അവനിരുന്നു. ചതച്ച ഇഞ്ചി ചായയിലെക്കിടുന്ന ചായക്കടക്കാരന്‍. .
നാട്ടിലെ ചായക്കടകള്‍ പോലെ പരദൂഷണമില്ല , രാഷ്ട്രിയ സംവാദമില്ല. എന്തിന്, നാട്ടിലെ ചായക്കടകളില്‍ കേള്‍ക്കുന്ന "ഒരു ചായ " എന്ന ശബ്ദം പോലുമില്ല. ...
നിശബ്ദരായിരുന്നു ചായ കുടിക്കുന്ന ആളുകള്‍. .
മറുനാട്ടില്‍ ആയാലും മലയാളി എന്നും മലയാളി തന്നെ. അവന്‍ പറഞ്ഞു.

"ഏക്‌ ചായ്...'

ഒരു വിചിത്ര ജീവിയെ എന്ന പോലെ അവനെ കടക്കാരന്‍ ഒന്ന് നോക്കി. പിന്നെ തന്‍റെ ജോലിയില്‍ വ്യാപൃതനായി. അയാള്‍ തിളച്ച ചായ അരിപ്പയിലൂടെ പാത്രത്തിലേക്ക് പകര്‍ന്നു. പാത്രത്തില്‍ നിന്ന് ഗ്ലാസുകളിലേക്കും. അയാളുടെ സഹായിയായ ഒരു ബാലന്‍ ഗ്ലാസ്സുകള്‍ കഴുകി നിരത്തി വെക്കുന്നുണ്ടായിരുന്നു. നിറയുന്ന ഗ്ലാസുകള്‍ ഓരോരുത്തരായി എടുത്തു കൊണ്ടിരുന്നു. അവസാനം ഒരു ഗ്ലാസ് മാത്രം ബാക്കി. കടക്കാരന്‍ അവനെ നോക്കി.
അതവന്‍റെ ചായയാണ്.....ആ ചായയുടെ അവകാശി അവനാണ്. ആരും ആ ചായയുമായി അവന്‍റെ അരികിലേക്ക് വരില്ല. ഇരുന്നിടത്ത് നിന്നെഴുന്നേറ്റ് അവനത്‌ എടുക്കാം.....എന്നിട്ടും അവന്‍ കാത്തു. സഹായി പയ്യന്‍ ചിലപ്പോള്‍ എടുത്തു തന്നാലോ....? കുടിച്ചുപേക്ഷിച്ച ഗ്ലാസുകളെടുത്ത് പയ്യന്‍ കഴുകാന്‍ പോയി. ഇനി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലായി അവന്‍ എഴുന്നേറ്റപ്പോഴേക്കും അപ്പോള്‍ വന്ന ഒരാള്‍ ആ ഗ്ലാസ്‌ സ്വന്തമാക്കി.
അയാള്‍ ചായ മോത്തിക്കുടിക്കുന്നതും നോക്കി അവന്‍ വീണ്ടും ആ ബെഞ്ചില്‍ ഇരുന്നു.

സങ്കട് മോചന്‍ മന്ദിറില്‍ നിന്നും കൂട്ടമണി നാദം ഉയര്‍ന്നു. ആരതി നടക്കുകയാവും. ആ മണിയടി എന്തോ ഒരു സന്ദേശം പോലെ അവന് തോന്നി.

മനുഷ്യ സഹജമായ അലംഭാവത്തിന്റെ നിമിഷങ്ങള്‍ ആണ് കടന്നു പോകുന്നത്...അവസരങ്ങള്‍ മടിശീലയില്‍ എത്തും എന്ന് കരുതി കാത്തിരിക്കുന്നവരുടെ പ്രതിനിധി ആയി മാറുകയായിരുന്നു ഗോവിന്ദ് നരേന്ദ്രന്‍...

ചായക്കായ്‌ ഇനിയും കാത്തിരിക്കണം. അടുപ്പില്‍ വീണ്ടും ചായ തിളക്കുന്നതും കാത്ത് അവന്‍ ഇരുന്നു. ഒരു നേരം പോക്കിനായി അവന്‍ ചോദിച്ചു.

"ഒരു ദിവസം എത്ര ചായ വിറ്റു പോകും....?"

'മൂവായിരം. "

"ഈ കട സ്വന്തമാണോ....?"

"ഹാ..."

ഒരു ദിവസം മൂവായിരം ചായ. ഒരു ചായക്ക് അഞ്ചു രൂപ. കുറഞ്ഞത്‌ രണ്ടു രൂപയെങ്കിലും ലാഭം ഒരു ചായയില്‍ നിന്ന് കിട്ടും. അപ്പോള്‍, ഒരു ദിവസത്തെ ലാഭം ആറായിരം രൂപ. ഒരു മാസം ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ.

കണക്കുകള്‍ അവനെ വിസ്മയിപ്പിച്ചു. ഇരുപത്തി ഒന്ന് ലക്ഷം രൂപയോളം വാര്‍ഷിക വരുമാനമുള്ള ഒരാളാണ് തന്‍റെ മുന്‍പില്‍ മുഷിഞ്ഞ പാന്ടും ബനിയനുമിട്ട് ചായ തിളപ്പിക്കുന്നത്.....

"താങ്കള്‍ ഇന്‍കം ടാക്സ് അടക്കാറുണ്ടോ....?"

അയാള്‍ അവനെ ഒന്ന് അന്തം വിട്ട് നോക്കി.

"അതെന്താ സാറേ....നമ്മളീ സ്കൂളിലൊന്നും പോവാതോണ്ട്...." അയാള്‍ ഒരു വിഡ്ഢിചിരി ചിരിച്ചു.

സ്കൂളിന്റെ പടി കാണാത്തവന്‍ എം സി എ ക്കാരനായ തന്നെക്കാള്‍ പത്തു ലക്ഷം രൂപ കൂടുതല്‍ ഒരു വര്‍ഷം സമ്പാദിക്കുന്നു. ടാക്സ് എന്താണെന്നു പോലും അറിയില്ല.
ഒരിക്കല്‍ കമ്പനിയില്‍ വന്ന അമേരിക്കക്കാരന്‍ വിന്‍സ്ടന്‍ സ്പയ്ദ് പറഞ്ഞത് അവനോര്‍ത്തു...

"You Indians have lot of money....We know that..."

അവന്‍ ആ ചായക്കടക്കാരനെ അല്പം ആരാധനയോടെ നോക്കി. ഇയ്യാള്‍ക്ക് ചിലപ്പോള്‍ മറ്റൊരു മുഖം കൂടി ഉണ്ടാവാം....വര്‍ഷാവര്‍ഷം കുടുംബ സമേതം കോക്സ് & കിംഗ്സ് വഴി യൂറോപ്പ്യന്‍ ടൂര്‍ നടത്തുന്ന മുഖം.....കല്‍ക്കട്ടയിലെ പാര്‍ക്ക്‌ സ്ട്രീറ്റിലെ പബ്ബുകളില്‍ ആയിരങ്ങള്‍ എറിഞ്ഞ് അര്‍മാദിക്കുന്ന മുഖം.
ഇയ്യാള്‍ക്ക് ഒരു പേര് കൊടുക്കാം.

ഉസ്താദ്‌ പരമേശ്വരന്‍

നാട്ടില്‍ ചായക്കട നടത്തുന്ന പരമുവേട്ടന്റെ പേരൊന്നു പരിഷ്കരിച്ച് ഈ കാശിക്കാരന്‍ ചായക്കടക്കാരന് നല്‍കാന്‍ പറ്റിയ പേര്.....ഉസ്താദ്‌ പരമേശ്വരന്‍ . അവന്‍ ഉള്ളില്‍ ഊറി ചിരിച്ചു.

"സാറിനു ചായ കൊടുക്ക്...."

ഇത്തവണ ആദ്യത്തെ ചായ അവനായിരുന്നു. സഹായി ബാലന്‍ ചായയുമായി വന്നു. കാത്തിരുന്നാല്‍ ചിലപ്പോള്‍ അവസരങ്ങള്‍ മടിശീലയിലും എത്തും എന്നതിന്‍റെ തെളിവ് പോലെ.
കഠിനാധ്വനികള്‍ക്കും ഭാഗ്യന്വാഷികള്‍ക്കും ഇടയില്‍ വളരെ നേര്‍ത്ത ഒരു വര മാത്രമേ ദൈവം വരച്ചിട്ടുള്ളൂ. എപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടവുന്ന ഒരു വര...

ചായയുടെ പൈസ കൊടുത്തപ്പോള്‍ അസ്സീഘാട്ടി ലേക്കുള്ള വഴി അവന്‍ അയാളോട് ചോദിച്ചു മനസ്സിലാക്കി.
അവന്‍റെ അടുത്ത ലക്‌ഷ്യം അസ്സീഘാട്ട് ആയിരുന്നു.

അസ്സീഘാട്ടില്‍ അധികം തിരക്കുണ്ടായിരുന്നില്ല. ഘാട്ടിലേക്കുള്ള പടവുകള്‍ ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ എതിരെ വരുന്ന സ്ത്രീയെ ശ്രദ്ധിച്ചു, കുളിച്ചീറനോടെ കയറി വരുന്ന അവര്‍ മാറ് മറച്ചിരുന്നത് ഒരു വെള്ളമുണ്ട് കൊണ്ടായിരുന്നു. നനഞ്ഞു സുതാര്യമായ ആ മുണ്ടിലൂടെ അവരുടെ മാറിടങ്ങള്‍ ദ്രിശ്യവും.
ഒരു ശരാശരി മലയാളി എന്ന നിലയില്‍ അതാസ്വദിക്കാതിരിക്കാന്‍ ഗോവിന്ദ് നരേന്ദ്രന് കഴിയുമായിരുന്നില്ല.
ടി ഡി രാമകൃഷ്ണന്റെ ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ വയിചില്ലായിരുന്നുവെങ്കില്‍ ഒരന്യ സ്ത്രീയുടെ നഗ്നതയിലേക്ക്‌ തുറിച്ചു നോക്കിയതിന് അവന് കുറ്റബോധം തോന്നുമായിരുന്നു. അവന്‍റെ ലൈംഗിക ചിന്തകള്‍ക്ക് ഒരടുക്കും ചിട്ടയും വരുത്തിയ നോവല്‍..........
ലൈംഗികത പ്രദര്‍ശിപ്പിക്കപ്പെടുകയാണെങ്കില്‍ അത് ആസ്വദിക്കുന്നതില്‍ തെറ്റില്ല എന്നാണ് അവന്‍റെ പക്ഷം, അതെ സമയം പ്രദര്‍ശിപ്പിക്കപ്പെടാത്ത ലൈംഗികതയിലേക്കുള്ള ഒളിഞ്ഞു നോട്ടം ഒരു മനോരോഗ ലക്ഷണം കൂടിയാണെന്ന് അവന്‍ വിശ്വസിക്കുന്നു.
എതിരെ വരുന്ന ആള്‍ ഒരു മലയാളിയാണെന്നോ, അയാള്‍ തന്‍റെ മുലകള്‍ ആസ്വദിക്കുകയാണെന്നോ ശ്രദ്ധിക്കാതെ, മുജ്ജന്മ പാപ മുക്തിക്കായി ഏതോ മന്ത്രങ്ങള്‍ ഉരുവിട്ട് കൊണ്ട് മുപ്പത്തിയഞ്ചു വയസ്സോളം പ്രായം വരുന്ന ആ സ്ത്രീ അവനെ കടന്നു പോയി.
തിരിഞ്ഞു നോക്കാതിരിക്കാന്‍ അവന് കഴിഞ്ഞില്ല...പുരുഷ സഹജമായ ഒരു വാസന.....തിരിഞ്ഞു നോക്കിയില്ലെങ്കില്‍ തനിക്കെന്തോ കുഴപ്പമുണ്ടെന്ന് അവന്‍ സ്വയം വിശ്വാസിച്ചേനെ.
അവരുടെ വിശാലമായ പുറം തന്നെയായിരുന്നു അവന്‍റെ കണ്ണുകള്‍ക്ക്‌ വിരുന്ന്.

അവനവനാത്മ സുഖത്തിനായ് ചരിക്കുന്നതോക്കെയും അപരന്നസുഖമായ് വരരുതേ.....

ഗംഗ ഒഴുകുകയാണ് ...യുഗങ്ങളായി. പുരാണേതിഹാസങ്ങളിലൂടോഴുകി കലിയുഗ ഭാരതത്തിലെത്തി നില്‍ക്കുന്ന ഗംഗ...കല്‍ക്കിയുടെ പിറവിക്കു സാക്ഷ്യം വഹിക്കേണ്ടവള്‍........പുണ്യ പുരാതന ഗംഗ....... സര്‍വ്വം സഹ...
അവന്‍ ഗംഗയെ കാണുകയായിരുന്നു.....ഒരു പാട് കേട്ട ഒരാളെ ആദ്യമായി കാണും പോലെ.

തലേന്ന് രാത്രി, അവനഭയം കൊടുത്ത സന്യാസി, ഗംഗയിലെ ഓളങ്ങളെ കീറിമുറിച്ചുയര്‍ന്നു വന്നു....നരസിംഹം സിനിമയില്‍ ലാലേട്ടന്‍ നിളയെ മുറിച്ചുയര്‍ന്നു വന്ന രംഗമാണ് അവന്‍റെ ഓര്‍മയില്‍ തെളിഞ്ഞത്.

തലയൊന്നു വെട്ടിച്ചു വെള്ളം കുടഞ്ഞെറിഞ്ഞയാള്‍ കരക്ക്‌ കയറി അവനരികിലെത്തി.

"ഉറങ്ങുന്നവരെ ഉണര്‍ത്തുന്നത് എനിക്കിഷ്ടമല്ല.....ഗുളികയില്ലാതെ ഒരു പോള കണ്ണടക്കാന്‍ കൊതിക്കുന്ന അനേകരുള്ള ഈ ഭൂമിയില്‍ നിദ്രാദേവിയെ ആഴത്തില്‍ അറിയുന്ന ഒരുവന്‍റെ നിദ്രക്കു ഭംഗം വരുത്തുക എന്നതു കൊടിയ പാപം...ഒരു പാപിയാകാന്‍ ഞാനില്ല....അതിനാല്‍ ഉണര്‍ത്തിയില്ല."

"ഈ ഗംഗയില്‍ മുങ്ങി നിവര്‍ന്നാല്‍ തീരാത്ത പാപ മുണ്ടോ...?"

"ഉണ്ട്...പലവട്ടം മുങ്ങി നിവര്‍ന്നിട്ടും പാപങ്ങള്‍ തീരാതെ ഇവര്‍ അലയുകയാണ്...നീ കാണുന്നില്ലേ....?"

അതുവഴി കടന്നു പോയ ഒരു സന്യാസി ഭജന സംഘത്തെ ചൂണ്ടിയാണ് വൃദ്ധസന്യാസി അത് പറഞ്ഞത്....അവര്‍ അലമുറയിട്ട് ദൈവനാമങ്ങള്‍ ഉരുവിടുന്നുണ്ട്...പെന്തകോസ്ത് ക്രിസ്ത്യാനികളെ പോലെ.....ദൈവം അവരെ അറിയുന്നുണ്ട് എന്ന് വിശ്വസിച്ച്, അല്ലെങ്കില്‍ അവര്‍ മാത്രമേ ദൈവത്തെ അറിയുന്നുള്ളൂ എന്നന്ധമായി വിശ്വസിക്കുന്ന വര്‍ഗ്ഗം. അവന് അവരോട് സഹതാപം തോന്നി.

തന്‍റെ ഭാണ്ടക്കെട്ട് തോളിലിട്ട്‌ സന്യാസി യാത്രക്കൊരുങ്ങി.

"ഇനി നമ്മള്‍ കാണില്ല..... ഏതു നിമിഷവും നിന്‍റെ നിയോഗം നിന്നെ തേടിയെത്താം. ....ഏറിയാല്‍ ഒരാഴ്ച ...അതില്‍ കൂടുതല്‍ നീ കാലഭൈരവന്റെ നാട്ടില്‍ തങ്ങരുത്. തങ്ങിയാല്‍ വിധി മറ്റൊന്നാവും ....നീയും ഒരു സന്യാസി ആയി മാറും. ജട നീണ്ട്, ഭാങ്ങിനും ചരസ്സിനും അടിമപ്പെട്ട് നിന്‍റെ ജന്മം അലഞ്ഞു തീരും....അത് അനുവദിക്കരുത്.....നീ ഇട്ടെറിഞ്ഞു വന്ന വിശാലമായ ലോകം നിന്നെ കാത്തിരിക്കുന്നുണ്ട്......നിയോഗ പ്രാപ്തിക്കു ശേഷം, നീ വിട വാങ്ങാനാണ് കാലഭൈരവനും ആഗ്രഹിക്കുന്നത്...."

അവന്‍ അല്‍പ നേരം സന്യാസിയെ നോക്കി നിന്നു. സന്യാസി ഒന്ന് പുഞ്ചിരിച്ചു. പിന്നെ പറഞ്ഞു....

"പോട്ടെ....എന്‍റെ നിയോഗം ഇവിടെ പൂര്‍ണ്ണമാകുന്നു...."

അയാള്‍ പടവുകള്‍ കയറാന്‍ തുടങ്ങി.

"എവിടെക്കാണ്‌ യാത്ര....?"

"ഹിമാലയത്തിലേക്ക്.....ഹിമാലയം കാണാത്ത ഒരു ഭാരതീയനായി എരിഞ്ഞടങ്ങാനല്ല എന്‍റെയീ ജന്മം....ഘോര വനത്തില്‍ ഒരു ഗുഹ കണ്ടെത്തണം......പൂര്‍വ്വസൂരികള്‍ സമാധി തേടിയ ഗുഹ...ഗുഹാസമാധിയാണെന്‍റെ ലക്‌ഷ്യം....ശിഷ്ട കര്‍മ്മവും..."

അയാള്‍ പോയി.

അവന്‍ ബാഗില്‍ നിന്ന് കാവിമുണ്ടെടുത്ത് ചുറ്റി.....ജീന്‍സും കുര്‍ത്തയും അഴിച്ചു ബാഗില്‍ തിരുകി. തോര്‍ത്തെടുത്ത് പുറത്തു വച്ചു.

ഗംഗയില്‍ ഒന്ന് മുങ്ങി നിവരണം.....അറിഞ്ഞു കൊണ്ട് പാപമൊന്നും ചെയ്തില്ല....അറിയാതെ ചെയ്ത പാപങ്ങള്‍ ഒഴുക്കി കളയണം.....

"ചേട്ടാ....മാല...മാല വേണോ...."

പത്തു പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടി. പ്രതീക്ഷയുടെ മറ്റൊരു മുഖം. ഒരു മാല വാങ്ങണം.....
മാലകള്‍ വില്‍ക്കപ്പെടാതായാല്‍ , വയറിന്‍റെ വിളി അഭിമാനത്തെ തോല്‍പ്പിച്ചാല്‍, അവള്‍ക്കു ചിലപ്പോള്‍ മറ്റു പലതും വില്‍ക്കേണ്ടി വന്നേക്കാം....
അവന്‍ തടിച്ച ഒരു രുദ്രാക്ഷമാല വാങ്ങി അണിഞ്ഞു. നൂറിന്‍റെ നോട്ടിനു അവള്‍ ബാക്കി തിരഞ്ഞപ്പോള്‍ , തോളില്‍ വാത്സല്യപൂര്‍വ്വം തട്ടി, ബാക്കി വെച്ചോളൂ എന്ന് പറഞ്ഞവന്‍ പടവുകളിറങ്ങി. അവളുടെ മുഖത്ത് സന്തോഷ പൂത്തിരികള്‍ വിടര്‍ന്നു.

അവന്‍ ഗംഗയെ ആദ്യമായി സ്പര്‍ശിക്കാന്‍ പോവുകയാണ്.....ആ മൃദുല മേനിയില്‍ നിന്നൊരു കുമ്പിള്‍ വെള്ളം കൈക്കുടന്നയില്‍ ഒതുക്കാനോരുങ്ങിയതും, ഗംഗ പറഞ്ഞു.

"ഹേ..യുവാവേ....കോടാനുകോടി ജനങ്ങള്‍ ലിംഗഭേദമന്യേ അവരുടെ പാപങ്ങള്‍ വിസ്സര്‍ജിച്ചു കടന്നു പോയിരിക്കുന്നു....നീയും അതിലൊരുവനല്ലേ...? വീണ്ടും പാപം ചെയ്യാനൊരു ഉണര്‍വ്....അതല്ലേ, നിന്‍റെ ലക്‌ഷ്യം.....?"

അവന്‍ കൈകള്‍ പിന്‍വലിച്ചു....ഗംഗയെ സ്പര്‍ശിക്കാതെ....
തിരിഞ്ഞ് നാലഞ്ചു പടവുകള്‍ മേല്‍പ്പോട്ടു കയറി ഗംഗക്കഭിമുഖമായി ഒരു യോഗിയെപ്പോലെ ഇരുന്നു....പത്മാസനത്തില്‍.......

എവിടെ നിന്നോ ഒരു കാറ്റ് ഒഴുകിയെത്തുന്നത് അവനറിഞ്ഞു.....ഗംഗയുടെ ഓളങ്ങളെ തഴുകി, ആ ഗന്ധവുമായെത്തിയ കാറ്റ്....അവന്‍റെ കണ്ണുകള്‍ അടഞ്ഞു...ആ കാറ്റ് ശരീരത്തില്‍ തുളച്ചു കയറുകയാണ്....ശീതീകരണം നടക്കുകയാണ്....ശരീരത്തിന്‍റെ ഉള്ളറകളിലൂടെ ആ കാറ്റ് ഒഴുകുകയാണ്.....ഹൃദയം ഒരപ്പൂപ്പന്‍ താടിയാവുന്നു....ഉയര്‍ച്ച താഴ്ചകളിലൂടെ ഒരു സഞ്ചാരം.....സ്വയം നഷ്ടപ്പെടുന്ന ഒരവസ്ഥ....ഗോവിന്ദ് നരേന്ദ്രന്‍ ഈ ഭൂമി വിട്ട് പറക്കുകയായിരുന്നു.....മേഘ പാളികളിലൂടെ, മഞ്ഞു മലകളിലൂടെ, സാഗര തീരങ്ങളിലൂടെ, സ്വര്‍ഗ്ഗീയ ഉദ്യനങ്ങളിലൂടെ .....അതെ....ആ യാത്ര.....എല്ലാം മറന്ന യാത്ര.....ഒരു പുതു മനുഷ്യനായ് മാറാനുള്ള യാത്ര.....സമയം നിര്‍ണ്ണയിക്കാത്ത യാത്ര....ഏകാന്ത യാത്ര....
ഒടുവില്‍ എല്ലാം പോയ്‌ മറയുന്നു.....മനസ്സ് ആര്‍ദ്രമാണ്.....അവനെ ആരോ ഒരു പേടകത്തില്‍ ഈ ഗംഗാ തീരത്ത് ഇറക്കുകയാണ്.....

ശാന്തി....ശാന്തി.....ശാന്തി.....

അവന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.....

അവനെ തന്നെ ഉറ്റു നോക്കുന്ന, കൗതുകമുണര്‍ത്തുന്ന രണ്ടു കണ്ണുകള്‍...............
അതാണ് പുതിയ ലോകത്ത് അവനെ വരവേറ്റത്.....ചുണ്ടുകളില്‍ വശ്യമായ മന്ദഹാസം....കാറ്റില്‍ അനുസരണയില്ലാതെ പറക്കുന്ന സ്വര്‍ണ്ണ തലമുടി....

മൂന്നു പടവുകള്‍ താഴെയായി, കൈകള്‍ കെട്ടി, അല്പം ചെരിഞ്ഞ്, ഒരു ചുവന്ന ബനാറസ്‌ സില്‍ക്ക് സാരിയുടുത്ത്, കൗതുകപൂര്‍വ്വം തന്നെ വീക്ഷിക്കുന്ന , കത്രീന കൈഫിന്‍റെ വിദൂര സാദ്ര്യശ്യമുള്ള, സുന്ദരിയായ ആ വിദേശ വനിതയോട് അവന്‍ അലസമായ് പുഞ്ചിരിച്ചു.

അവളുടെ പേരായിരുന്നു.

ജാനറ്റ് അല്‍ബേര ലോറന്‍സ്

(തുടരും)











No comments:

Post a Comment