Wednesday, June 13, 2012

പുകഞ്ഞ കൊള്ളി


ചീവീടുകള്‍ മൂളുന്ന രാത്രിയില്‍
കരകരയൊച്ചയില്‍ വാതില്‍ തുറന്നതും
കൂരിരുട്ടിലാരോ നടന്നകന്നതും
ഇടവഴിയിലൊരു വണ്ടി ചീറിപാഞ്ഞതും
രാമന്‍റെ പുലര്‍കാല സ്വപ്നമായിരുന്നു.

പുലര്‍കാല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യങ്ങളും
ശൂന്യ അകലം പാലിക്കുമെന്ന പഴങ്കഥക്ക് തെളിവായ്‌
മേശമേല്‍ കിടന്നിരുന്ന കത്തിന്
രാമന്‍റെ മകളുടെ കയ്യക്ഷരമായിരുന്നു.

അന്നുച്ചക്കു രാഗത്തില്‍ മാറ്റിനി കണ്ടതും
അന്തിക്ക് ബിനിയില്‍ നാല് നിപ്പനടിച്ചതും
കാണാതെ പോയ സിനിമകളോടും
നുണയാതെ പോയ മദ്യത്തോടുമുള്ള
രാമന്‍റെ പ്രായശ്ചിത്തമായിരുന്നു.

നമുക്കൊരു മകളാണെന്ന് മറക്കരുതെന്ന
ഭാര്യോപദേശ അകമ്പടിയില്ലാതെ
നാല് വറ്റ് വിഴുങ്ങി ചുരുണ്ട് കൂടുമ്പോള്‍
കണ്ണിലുരുണ്ടുകൂടി ഒഴുകിയ തെളിനീരിന്
രാമനിട്ട പേരാണ് പുകഞ്ഞ കൊള്ളി.

No comments:

Post a Comment